കൊച്ചി- ലക്ഷദ്വീപ് ഭരണകൂടത്തെ വിമര്‍ശിച്ച സംവിധായിക ആയിഷ സുല്‍ത്താനക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കുറ്റത്തില്‍ അന്വേഷണം സ്റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി. അന്വേഷണത്തിന് കൂടുതല്‍ സമയം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയിഷ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ ഇടപെടല്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണ പുരോഗതി രണ്ടാഴചയ്ക്കുള്ളില്‍ അറിയിക്കണമെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് നിര്‍ദേശം നല്‍കി. നേരത്തെ ആയിഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അറസ്റ്റ് ചെയ്യേണ്ടിവന്നാല്‍ ജാമ്യത്തില്‍ വിടണമെന്നും പോലീസിന് നിര്‍മദശം നല്‍കിയിരുന്നു.
ഇതുപ്രകാരം പോലീസ് നോട്ടീസ് കൈപ്പറ്റിയ ആയിഷ ലക്ഷദ്വീപിലെത്തി ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. മൂന്നു തവണ ചോദ്യം ചെയ്ത ശേഷം ആയിഷയെ പോലീസ് വിട്ടയക്കുകയായിരുന്നു.
അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ ബയോവെപ്പണ്‍ എന്ന് ഒരു ചാനല്‍ ചര്‍ച്ചയില്‍ വിശേഷിപ്പിച്ചതാണ് കേസിനാധാരം. ബി.ജെ.പി ലക്ഷദ്വീപ് പ്രസിഡന്റ് സി.അബ്ദുള്‍ ഖാദര്‍ ഹാജിയാണ് ആയിഷക്കെതിരെ പരാതി നല്‍കിയത്.