ഇടുക്കി- അണക്കര ചെല്ലാർകോവിലിൽ നായാട്ടു സംഘത്തെ നേരിടുന്നതിനിടെ തമിഴ്നാട് വനം വകുപ്പിന്റെ വാച്ചറായ മലയാളിക്ക് പരിക്കേറ്റു. നായാട്ട് സംഘത്തിന്റെ പക്കൽനിന്നും ഒരു നാടൻ തോക്കും ഏതാനും തിരകളും തമിഴ്‌നാട് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
നായാട്ടു സംഘത്തെ കീഴ്പ്പെടുത്തുന്നതിനുള്ള ശ്രമത്തിനിടെ സംഘത്തിലെ ഒരാൾ വാക്കത്തികൊണ്ട് വനം ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നെന്നു പറയുന്നു. വനം വാച്ചർമാരെ ആക്രമിച്ചശേഷം നായാട്ടു സംഘം രക്ഷപെട്ടു. നായാട്ടു സംഘത്തിൽ ഏഴോളം പേരുണ്ടായിരുന്നതായി പരിക്കേറ്റ് തേനി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വനം വകുപ്പ് വാച്ചർ കാജാമൊയ്തീൻ കമ്പം ഗൂഡല്ലൂർ പോലീസിനു മൊഴി നൽകി.
ബുധനാഴ്ച രാത്രി 11ഓടെ കേരള - തമിഴ്നാട് അതിർത്തി മേഖലയായ ചെല്ലാർകോവിൽമെട്ടിലാണ് സംഭവമുണ്ടായത്. വനമേഖലയിൽ രാത്രികാല പട്രോളിംഗിനെത്തിയ തമിഴ്നാട് വനപാലകർക്കുമുന്നിൽ നായാട്ടുസംഘം അകപ്പെടുകയായിരുന്നു.
വണ്ടൻമേട് പോലീസും തമിഴ്നാട് പോലീസും രാത്രിതന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവ സ്ഥലത്തുനിന്നും തോക്ക്, വെട്ടുകത്തി, മാൻകൊമ്പ്, ഒരു ചാക്കുകെട്ട് എന്നിവ കണ്ടെടുത്തിട്ടുണ്ട്. ഇവ തൊണ്ടിമുതലായി തമിഴ്നാട് പോലീസ് ഏറ്റെടുത്തു.