Sorry, you need to enable JavaScript to visit this website.

പുത്തൻ ആശയങ്ങളുണ്ടോ; പ്രോത്സാഹിപ്പിക്കാൻ ഞങ്ങളുണ്ട്


ഒരു മുഴം മുൻപേ എറിയുക എന്നു പറഞ്ഞ പോലെ എന്തും മുൻകൂട്ടി കാണുകയും അതു നടപ്പാക്കുകയും ചെയ്തുകൊണ്ട് ദുബായ് എന്നും കാലത്തിനു മുൻപേ നടക്കുന്നവരാണ്. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ സഹായകമായ ഏതു പദ്ധതികളും ആവിഷ്‌കരിക്കുന്നതിനു മടിയില്ലെന്നു മാത്രമല്ല, നൂതന ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും യു.എ.ഇ ഭരണാധികാരികൾ, പ്രത്യേകിച്ച് ദുബായ് ഭരണാധികാരി തയാറുമാണ്. ലോകത്തെ ഏറ്റവും ആകർഷക കേന്ദ്രങ്ങളിലൊന്നായി ദുബായിയെ മാറ്റാനും ലോകത്തിന്റെ എല്ലാ കോണുകളിൽനിന്നുള്ള വിനോദ സഞ്ചാരികൾ ദുബായിയെ തേടിച്ചെല്ലാനുമുള്ള കാരണവുമിതാണ്. ഏതൊരാൾക്കും തങ്ങളുടെ കഴിവുകളെ വളർത്താനും അതു മാർക്കറ്റ് ചെയ്യാനും ഉള്ള സാഹചര്യം ദുബായ് ഒരുക്കിക്കൊടുക്കും. നൂതന ആശയങ്ങളും സാങ്കേതിക പരിജ്ഞാനവും അവ അവതരിപ്പിക്കാനുമുള്ള കഴിവുണ്ടോ, അവർ ഏതു രാജ്യക്കാരായിക്കൊള്ളട്ടെ, അവർക്ക് അതിനു വേണ്ട സാഹചര്യം ഒരുക്കിക്കൊടുക്കാൻ തയാറായതാണ് ദുബായിയുടെ വളർച്ചക്ക് കാരണം. സാമ്പത്തികമില്ലാത്തവർക്ക് അതിനു വേണ്ട സാഹചര്യങ്ങളും ഒരുക്കും. അതോടൊപ്പം സ്വന്തം പൗരന്മാരുടെ തൊഴിൽ സാധ്യതകൾ വളർത്തുകയും ജീവിത നിലവാരം ഉയർത്തുകയും ചെയ്തുകൊണ്ട് പരാതികൾക്കിടയില്ലാതെ ഒരു ക്ഷേമ രാഷ്ട്രത്തിനു വേണ്ട എല്ലാ ചേരുവകളും ചേർത്തു മുന്നോട്ടു പോകാൻ ദുബായ് ഭരണകർത്താക്കൾക്കായിട്ടുണ്ട്. 


പുത്തൻ ആശയങ്ങളും സംരംഭകരും യുവജനങ്ങളും ഒത്തുചേരുമ്പോഴാണ് എവിടെയും വികസനം സാധ്യമാവുക. ഇതു മനസ്സിലാക്കിയാണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സംരംഭകർക്ക് പുതിയ അറിവുകളും അവസരങ്ങളും ലഭ്യമാക്കുന്ന സ്‌കിൽ അപ് അക്കാദമി, വിവിധ രംഗങ്ങളിൽ ശോഭിക്കുന്നവർക്ക് സ്റ്റാർട്ടപ്പുകൾ തുടങ്ങാനുള്ള സ്‌കെയിൽ അപ് പ്ലാറ്റ്‌ഫോം, നിക്ഷേപ അവസരങ്ങളെക്കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചും വിവരങ്ങൾ ലഭ്യമാക്കുന്ന ഗ്രോ ഇൻ യു.എ.ഇ പോർട്ടൽ എന്നിവയുടെ പ്രഖ്യാപനം. ഇതിലൂടെ ചെറുകിട ഇടത്തരം സംരംഭകർക്ക് സഹായകമാവുക എന്നതിനൊപ്പം പുതിയ ആശയങ്ങൾ രാജ്യത്ത് കൊണ്ടുവരികയും അതുവഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.  സംരംഭങ്ങൾക്ക് സർവ പിന്തുണയും നൽകുന്നതോടൊപ്പം തുടങ്ങാനുള്ള പണം ക്രൗഡ് ഫണ്ടിങിലൂടെ നേടാം എന്ന ആശയവും കൂടിയാവുമ്പോൾ വിജയിക്കാൻ എല്ലാ ചേരുവകളുമായി.

ഒരു മാസത്തിനുള്ളിൽ നൂറു ശതമാനം തുകയും കണ്ടെത്തിയ ആശയങ്ങളുണ്ടായി എന്നത്  അതിന്റെ വിജയത്തെയാണ് കാണിക്കുന്നത്. ചെറുകിട ഇടത്തരം സംരംഭകർ പുതിയ ആശയവുമായി വന്നാൽ അവർ ഏതു രാജ്യക്കാരായാലും അവർക്കാവശ്യമായ സാമ്പത്തിക പിന്തുണ പൊതുജനങ്ങളിൽനിന്നു സമാഹരിക്കാൻ അവസരം ഒരുക്കുകയെന്ന ആശയം മുന്നോട്ടു വെച്ചതിലൂടെ ഈ രംഗത്ത് വൻ വളച്ചയാകും വരും നാളുകളിൽ ദുബായിൽ ഉണ്ടാവുക. ഇത് പുതിയ തൊഴിലവസരങ്ങൾ തുറന്നു കൊടുക്കുകയും കൂടുതൽ പേർക്ക് തൊഴിൽ തേടി എത്തുന്നതിന് അവസരം സൃഷ്ടിക്കുകയും ചെയ്യും. അതു രാജ്യത്തെ ക്രയവിക്രയങ്ങളുടെ വേഗം വർധിപ്പിക്കും. ഏതു രംഗവും കൂടുതൽ ചലനാത്മകമാവും. കമ്പനികളുടെ വളർച്ചയും പുതിയ സംരംഭകർക്ക് അവസരം സൃഷ്ടിക്കുന്നതിനുമൊപ്പം രാജ്യാന്തര സാധ്യതകൾ പരിചയപ്പെടുത്തുകയും സാങ്കേതിക വിദ്യകൾ പഠിപ്പിക്കുകയും ചെയ്യുക, നടപടികൾ വേഗത്തിലും സുതാര്യമായും പൂർത്തിയാക്കാൻ കഴിയുക എന്നിവയാണ് സ്‌കിൽ അപ് അക്കാദമി,  സ്‌കെയിൽ അപ് പ്ലാറ്റ്‌ഫോം, ഗ്രോ യു.എ.ഇ എന്നിവയിലൂടെ ലക്ഷ്യമിടുന്നത്. മികച്ച ആശയം കൈയിലുണ്ടോ, എങ്കിൽ അതു വിജയിപ്പിക്കാൻ ഞങ്ങളും കൂടെയുണ്ടെന്ന പ്രതീതി ജനിപ്പിക്കാൻ ഇവയിലൂടെ ഭരണകർത്താക്കൾക്കു കഴിഞ്ഞിട്ടുണ്ട്. 


നയപരിപാടികൾ, വികസന മാതൃകകൾ, സാങ്കേതിക മുന്നേറ്റങ്ങൾ തുടങ്ങിയവയുടെ സമഗ്ര വിവരശേഖരം തയാറാക്കാനും ഗവേഷണം നടത്താനും യു.എ.ഇ ഗ്രോത്ത് ലാബും ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ സർവകലാശാലകൾ, അമേരിക്കൻ യൂനിവേഴ്‌സിറ്റി ഓഫ് ഷാർജ, ന്യൂയോർക്ക് യൂനിവേഴ്‌സിറ്റി അബുദാബി എന്നിവയുടെ സഹകരണത്തോടെയാണിത്. സമ്പദ്ഘടനയുടെ വളർച്ച ത്വരിതപ്പെടുത്തി വരുമാനം കൂട്ടി ജീവിത നിലവാരം ഉയർത്തുന്നതോടൊപ്പം മികവുറ്റ യുവനിരയെ ആകർഷിക്കുകയും ഭാവിയിലെ വെല്ലുവിളികൾ നേരിടുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. 


സ്‌മോൾ ആൻഡ് മീഡിയം എന്റർപ്രൈസസിന്റെ (എസ്.എം.ഇ) ലാഭം നോക്കാതെ പ്രവർത്തിക്കുന്ന ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമായ ദുബായ് നെക്സ്റ്റാണ് നല്ല ആശയങ്ങളുമായെത്തുന്ന സംരംഭങ്ങൾക്ക് സർവ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുള്ളത്. ദുബായിലാകണം സംരംഭം തുടങ്ങുന്നതെന്ന വ്യവസ്ഥ മാത്രമാണ് അവർ മുന്നോട്ടു വെക്കുന്നത്. സ്‌പോർട്‌സുമായി ബന്ധപ്പെട്ട ഇമറാത്തി സംരംഭകന്റെ  സ്റ്റാർട്ടപ്പ് പാഡെൽ 26 ന് ഇതിനകം ഒരു ലക്ഷം ദിർഹം സമാഹരിക്കാനായി. കുട്ടികളിൽ പാഠ്യേതര വിഷയങ്ങളിലെ സർഗ ശേഷി വർധിപ്പിക്കാനുള്ള ആശയവുമായി 16 വയസ്സുള്ള രണ്ട് കുട്ടി സംരംഭകർ കൊണ്ടുവന്ന വെമുദ്രയും നിക്ഷേപത്തുക സമാഹരിച്ചു. ഒരു മാസത്തിനകം 543 ആശയങ്ങളാണ് ദുബായ് നെക്‌സ്റ്റിന് ലഭിച്ചത്. ഗ്രാജ്വേവേഷൻ പദ്ധതികൾക്ക് പണം സമാഹരിക്കാനും മറ്റും ദുബായ് നെക്സ്റ്റ് വേദിയാക്കാൻ ബിരുദ വിദ്യാർഥികൾക്കും സാധിക്കും. സർവകലാശാലകളെ സംരംഭക വേദികളാക്കി മാറ്റാനുള്ള യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദർശനങ്ങളുടെ ഭാഗം കൂടിയാണിത്. വ്യവസായം, ഭക്ഷണം, സാങ്കേതിക രംഗം, വിദ്യാഭ്യാസം, ചലച്ചിത്രം, ആരോഗ്യം, കല തുടങ്ങിയ വ്യത്യസ്ത മേഖലകളിലെ ആശയങ്ങളുമായി ആർക്കും സംരംഭം തുടങ്ങാൻ സമീപിക്കാം.

 

ദുബായ് എസ്.എം.ഇയുടെ പിന്തുണയ്ക്കു പുറമെ ആശയം പ്രചരിപ്പിച്ച് വലിയ ജനസമൂഹത്തിനിടയിൽനിന്ന് മൂലധനം സമാഹരിക്കാൻ കഴിയുമെന്നതും ഇതിന്റെ നേട്ടമാണ്.  പരമ്പരാഗത രീതിയിലുള്ള മൂലധന നിക്ഷേപം സ്വീകരിക്കുന്നതിന്റെ പരിമിതികൾ മറികടന്ന് സംരംഭകർക്ക് നിക്ഷേപം നടത്താൻ ആഗ്രഹമുള്ള പതിനായിരങ്ങളിലേക്ക് എത്താനാണ് ദുബായ് നെക്സ്റ്റ് സൗകര്യമൊരുക്കുന്നത്. സംരംഭകരുടെ വളർച്ചക്ക് അതിനനുസൃതമായ സാഹചര്യം സൃഷ്ടിക്കുമ്പോഴാണ്  വളർച്ച സാധ്യമാവുക. അതിനു രാജ്യാതിർത്തികളോ, പ്രായഭേദമോ പ്രശ്‌നമല്ലാതാവുകയും ചെയ്താൽ വളർച്ച ത്വരിതഗതിയിലാവും ഉണ്ടാവുക. ഏതു കാര്യത്തിലും ദുബായിയുടെ നയം അതാണ്. ലോകത്തുള്ള ഏതൊരാളും എന്തിനും ദുബായിയെ തേടിച്ചെല്ലാനുള്ള കാരണവും ഇതാണ്. 

Latest News