കാസർകോട് - ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് എതിരായ മഞ്ചേശ്വരം കോഴയാരോപണ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. അന്വേഷണം ഊർജിതമാക്കിയ കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സതീഷ് കുമാർ ആലക്കാലിനെ കണ്ണൂർ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആയാണ് മാറ്റി നിയമിച്ചിരിക്കുന്നത്. പകരം തെരഞ്ഞെടുപ്പിന് മുമ്പ് വയനാട്ടിലേക്ക് സ്ഥലം മാറിപോയിരുന്ന വി.കെ. വിശ്വംഭരൻ നായരെയാണ് കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ് .പിയായി നിയമിച്ചിരിക്കുന്നത്. കെ. സുരേന്ദ്രന്റെ നിർദേശ പ്രകാരം സ്ഥാനാർഥിത്വം പിൻവലിക്കാൻ ബി.ജെ.പി പ്രവർത്തകർ രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്ന് വെളിപ്പെടുത്തിയ കെ. സുന്ദരയുടെ രഹസ്യമൊഴി ഹൊസ്ദുർഗ് ജെ.എഫ്.സി.എം കോടതിയിൽ രേഖപ്പെടുത്തിയ ദിവസം തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റികൊണ്ടുള്ള ഉത്തരവും ഇറങ്ങിയത്. കേസിന്റെ അന്വേഷണ പുരോഗതിയെ ഇത് ബാധിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
എന്നാൽ അന്വേഷണം ശക്തമായി തന്നെ തുടരുമെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം സുന്ദര ചൊവ്വാഴ്ച ഹൊസ്ദുർഗ് കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ പഴയ നിലപാടുകൾ ആവർത്തിച്ചുവെന്നാണ് അറിയുന്നത്. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയാണ് പത്രിക പിൻവലിപ്പിച്ചതെന്ന് മജിസ്‌ട്രേറ്റിന് മുന്നിലും മൊഴി നൽകിയതായി പുറത്തുവന്ന സുന്ദര പറഞ്ഞിരുന്നു. കേസിൽ പുതിയ വകുപ്പുകൾ ചേർത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ജില്ലാ ക്രൈംബ്രാഞ്ചിന് ഇത് സഹായകമാകും. സുന്ദര, പണം ബാങ്കിൽ നിക്ഷേപിച്ച സുഹൃത്ത്, അയാളുടെ ഭാര്യ എന്നിവർ നൽകിയ രഹസ്യമൊഴി കേസിനെ കൂടുതൽ ബലപ്പെടുത്തുന്നതാണ്. ബുധനാഴ്ച സുന്ദരയുടെ അമ്മയും മറ്റൊരു സ്ത്രീയും ഹൊസ്ദുർഗ് കോടതിയിൽ ഹാജരായി മൊഴി നൽകിയിട്ടുണ്ട്. പഴയ മൊഴികൾ പിൻവലിക്കാൻ ബി.ജെ.പി കേന്ദ്രങ്ങൾ ഇടപെട്ട് സമ്മർദം ചെലുത്തി വരുന്നതിനിടയിൽ അമ്മ നൽകുന്ന മൊഴി കേസിൽ നിർണായകമാകും. അമ്മയും പഴയ മൊഴിയിൽ ഉറച്ചുനിന്നാൽ കേസ് കൂടുതൽ ശക്തമാക്കി മുന്നോട്ട് കൊണ്ടുപോകാൻ അന്വേഷണ സംഘത്തിന് കഴിയും.