തൃശൂർ - തൃശൂർ നഗരമധ്യത്തിലെ സ്വകാര്യധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുടെ കഴുത്തിൽ കത്തിവെച്ച് രണ്ടുപവന്റെ മാല കവർന്നു. ആമ്പക്കാടൻ ജങ്ഷനിൽ പെട്രോൾ പമ്പിനു സമീപത്തെ റോസ് ഫൈനാൻസ് സ്വർണപണയ സ്ഥാപനത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.
സ്വർണാഭരണം പണയംവെക്കാനുണ്ടെന്നു പറഞ്ഞു സ്ഥാപനത്തിലെത്തിയാണ് പുറനാട്ടുകര വടക്കൻ വീട്ടിൽ ജോൺസന്റെ ഭാര്യ ഷോളി(43)യുടെ രണ്ടുപവനിലധികം തൂക്കമുള്ള മാലയും കുരിശും ബലമായി പൊട്ടിച്ചത്. ഷോളിയെ കടയ്ക്കുള്ളിലേക്കു തള്ളിവീഴ്ത്തി കഴുത്തിൽ കത്തിവെച്ച് മാല പറിച്ചെടുക്കുകയായിരുന്നു. കത്തി കൊണ്ട് ഷോളിയുടെ കൈ മുറിഞ്ഞു.
18 ഗ്രാം വരുന്ന മാലയാണ് പൊട്ടിച്ചതെന്ന് ഷോളി പോലീസിൽ പരാതി നൽകി. 40 വയസ് തോന്നിക്കുന്നയാളാണ് അക്രമി. ഇയാൾ കടയുടെ സമീപത്തു കാത്തുനിൽക്കുന്നതും ഓടി രക്ഷപ്പെടുന്നതുമായ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു.
സ്വർണം പണയം വെക്കാനുള്ള സമയം കഴിഞ്ഞെന്നും ഉച്ചയ്ക്ക് മൂന്നിന് എത്താനും ഷോളി പറഞ്ഞതിനിടെയാണ് ഇയാൾ അക്രമം നടത്തിയത്. കടയുടെ വാതിൽ പാതി തുറന്ന് സംസാരിക്കുന്നതിനിടെ പൊടുന്നനെ കഴുത്തിനു പിടിച്ചു തള്ളിയതോടെ ഷോളി തെന്നി വീഴുകയും ചെയ്തു. ഈസ്റ്റ് പോലീസ് കേസെടുത്തു.