തൃശൂർ - ഇരിങ്ങാലക്കുടയിൽ കാണാതായ യുവാവിന്റെ മൃതദേഹം ഫയർസ്‌റ്റേഷനു സമീപം ആൾമറയില്ലാത്ത കിണറ്റിൽ കണ്ടെത്തി. പൊറത്തിശേരി പള്ളിക്കാട് കരിപ്പറമ്പിൽ ഷബീറിന്റെ മകൻ ബിൻ സാഗറി (23) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം 28 നു രാത്രി വീട്ടിൽ നിന്നും പുറത്തുപോയ ശേഷം മടങ്ങിയെത്താത്തതിനെ തുടർന്ന് ഇരിങ്ങാലക്കുട പോലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ കാലത്തും വീട്ടിലെത്താത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വീടിനു സമീപത്തെ പറമ്പിൽ നടത്തിയ തിരച്ചിലിലാണ് ആൾമറയില്ലാത്ത കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഇരിങ്ങാലക്കുട ഫയർഫോഴ്‌സ് എത്തിയാണു മൃതദേഹം പുറത്തെടുത്തത്. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തുന്നതിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അമ്മ: ബീന. സഹോദരൻ: ബിൻ ഷാഫിൻ. സി.പി.എം ബ്ലോക്ക് സെന്റർ ബ്രാഞ്ചംഗവും, ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുമാണ് ബിൻ സാഗർ. പ്രദേശത്തെ സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ബിൻ സാഗർ.