എടക്കര-മൂത്തേടം പടുക്ക ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിലെ ശങ്കരംകോട് വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് വനപാലകർ അസ്ഥികൾ വേർപ്പെട്ട നിലയിൽ കാട്ടാനയുടെ അവശിഷ്ടങ്ങൾ കണ്ടത്. അമ്പതു വയസ് പ്രായം തോന്നിക്കുന്ന കാട്ടാന ചരിഞ്ഞിട്ട് ഒരു മാസത്തോളമായെന്നാണ് നിഗമനം. കാട്ടാനയുടെത് സ്വാഭാവിക മരണമാണെന്നു പോസ്റ്റുമോർട്ടം നടത്തിയ വനം വെറ്ററിനറി സർജൻ ഡോ. അരുൺ സത്യൻ അറിയിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം വൈകിട്ടോടെ വനത്തിനുള്ളിൽ തന്നെ അവശിഷ്ടങ്ങൾ ദഹിപ്പിച്ചു. കരുളായി ഫോറസ്റ്റ് റേഞ്ച് ഓഫീസർ നജ്മൽ അമീൻ, പടുക്ക ഡെപ്യൂട്ടി റേഞ്ച് ഓഫീസർ രഘുലാൽ, ബിഎഫ്ഒമാരായ ശ്രീദീപ്, കെ. സരസ്വതി എന്നിവർ നടപടിക്രമങ്ങൾക്കു നേതൃത്വം നൽകി.