കോഴിക്കോട്- ഗവൺമെന്റ് മെഡിക്കൽ കോളജിലെ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയെ മെഡിക്കൽ കോളജ് ക്യാംപസിലെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം മട്ടാഞ്ചേരി എ.കെ. റോഡ് പരവന മങ്ങാട്ടുപറമ്പിൽ സുനിൽ കുമാറിന്റെ മകൻ എം.എസ്. ശരത്തിനെയാണ് (22) ഇന്ന് വൈകിട്ട് മൂന്നേകാലോടെ മരിച്ച നിലയിൽ കണ്ടത്. ക്യാംപസിനകത്തു കൂടെ നടന്നു പോകുന്ന രണ്ടു പേരാണ് ശരത് റോഡരികിൽ കിടക്കുന്ന നിലയിൽ കണ്ടത്. ഉടനെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മെഡിക്കൽ കോളജ് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മരണ കാരണം വ്യക്തമല്ല. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.