തിരുവനന്തപുരം- സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് വൈ. അനില്‍ കാന്തിനെ നിര്‍ദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നുപേരടങ്ങിയ ചുരുക്ക പട്ടികയില്‍ അദ്ദേഹത്തിന് ഗുണമായത് വിവാദങ്ങളില്ലാത്ത സര്‍വീസ് റെക്കോര്‍ഡ് തന്നെ.
തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ തീരുമാനം. മന്ത്രിസഭായോഗത്തിലെ തീരുമാനത്തിന് പിന്നാലെ വീട്ടിലേക്കെത്തിയ മാധ്യമ ്രപവര്‍ത്തകരോട് സര്‍ക്കാര്‍ തീരുമാനം അപ്രതീക്ഷിതമെന്ന് അനില്‍ കാന്ത് പ്രതികരിക്കുകയും ചെയ്തു.
അരുണ്‍ കുമാര്‍ സിന്‍ഹ, ടോമിന്‍ തച്ചങ്കരി, സുദേഷ് കുമാര്‍, ബി. സന്ധ്യ എന്നിവരുടെ പേരുകളായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ പരിഗണനയിലുണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ കേന്ദ്രസര്‍വീസിലുള്ള അരുണ്‍ കുമാര്‍ സിന്‍ഹ കേരളത്തിലേക്ക് മടങ്ങി വരാന്‍ താത്പര്യമില്ലെന്ന് യു.പി.എസ്.സിയെ അറിയിച്ചു. തച്ചങ്കരിയുടെ പേര് വെട്ടിയതോടെയാണ് അനില്‍കാന്ത് പട്ടികയില്‍ ഇടം നേടുന്നത്.
പോലീസ് മേധാവിയായി അനില്‍ കാന്തിന്റെ പേര് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ നിര്‍ദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്തിയുടെ നിര്‍ദേശം മന്ത്രിസഭായോഗം ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നുവെന്നാണ് സൂചന.
വിവാദങ്ങളില്ലാത്ത സര്‍വീസ് ചരിത്രം പരിഗണിച്ച് സുധേഷ് കുമാറിനേയും സന്ധ്യയേയും ഒഴിവാക്കി അനില്‍ കാന്തിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു എന്നാണ് അറിയുന്നത്. അനില്‍ കാന്ത് സേനക്കും രാഷ്ട്രീയ നേതൃത്വത്തിനും പൊതു സ്വീകാര്യനാണ് എന്നതും കണക്കിലെടുത്തു. അടുത്ത ജനുവരിയില്‍ സര്‍വീസ് തീരുന്ന അനില്‍ കാന്തിന്റെ കാലാവധി 2023 മേയ് വരെ നീട്ടിനല്‍കുമെന്ന് സൂചനകളുണ്ട്. നിലവില്‍ എ.ഡി.ജി.പി റാങ്കിലുളള അനില്‍ കാന്തിനെ ഡി.ജി.പിയായി പ്രമോട്ട് ചെയ്തിട്ടുണ്ട്.