കൊച്ചി- കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ ഡി.വൈ.എഫ്.ഐയുടെ പ്രാദേശിക നേതാവ് സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ പതിനൊന്ന് മണിക്ക് ചോദ്യം ചെയ്യലിന് എത്താനായിരുന്നു കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ അതിന് മുമ്പു തന്നെ സജേഷ് കസ്റ്റംസ് ഓഫീസിലെത്തി. നേരത്തെ അറസ്റ്റിലായ അർജ്ജുൻ ആയങ്കി, നേരത്തെ അറസ്റ്റിലായ മുഹമ്മദ് ഷെഫീഖ് എന്നിവർക്കൊപ്പം സജേഷിനെയും ഒന്നിച്ചിരുത്തിയും വെവ്വേറെയും ചോദ്യം ചെയ്യും. സജേഷിനോട് ഇന്ന് ചോദ്യം ചെയ്യലിനായി കൊച്ചിയിലെ കസ്റ്റംസ് ഓഫിസിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിലെ മുഖ്യപ്രതി അർജ്ജുൻ ആയങ്കിയെ കോടതി -ജൂലൈ 6 വരെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു.സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റംസിന്റെ ആവശ്യപ്രകാരം അർജ്ജുനെ കസ്റ്റഡിയിൽ വിട്ടത്. 14 ദിവസത്തെ കസ്റ്റഡി അനുവദിക്കണമെന്നായിരുന്നു കസ്റ്റംസ് കോടതിയിൽ സമർപ്പിച്ചിരുന്ന അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നത്.നേരത്തെ കേസിൽ അറസ്റ്റിലായി മലപ്പുറത്തെ ജയിലിൽ റിമാന്റിലായിരുന്ന മുഹമ്മദ് ഷെഫീഖിനെ കോടതി കഴിഞ്ഞ ദിവസം കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നു.ഇയാളെ ചോദ്യം ചെയ്യലിനായി മലപ്പുറത്ത് നിന്നും കൊച്ചിയിലെ കസ്റ്റംസ് ഓഫിസിൽ എത്തിച്ചിട്ടുണ്ട്.
അർജ്ജുൻ ആയങ്കി കരിപ്പൂർ സ്വർണ്ണക്കടത്തിലെ മുഖ്യ കണ്ണിയും ബുദ്ധി കേന്ദ്രവുമാണെന്നാണ് കസ്റ്റംസ് കോടതിയിൽ സമർപ്പിച്ച റിമാന്റ് റിപോർട്ടിലും കസ്റ്റഡി അപേക്ഷയിലും വ്യക്തമാക്കിയിരിക്കുന്നത്.
സജേഷ് അർജ്ജുൻ ആയങ്കിയുടെ ബിനാമിയാണ്.കാർ അർജ്ജുന്റേതാണെന്നും കസ്റ്റംസ് റിപോർട്ടിൽ വ്യക്തമാക്കി.ആഡംബര ജീവിതമാണ് അർജ്ജുൻ ആയങ്കി നയിച്ചിരുന്നതെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.മൊബൈൽ ഫോണും മറ്റും നശിപ്പിച്ചതിനു ശേഷമാണ് അർജ്ജുൻ ആയങ്കി കസ്റ്റംസിനു മുമ്പാകെ ഹാജരായത്. അന്വേഷണവുമായി അർജ്ജുൻ ആയങ്കി സഹകരിക്കുന്നില്ല.ചോദ്യങ്ങൾക്ക് കെട്ടിച്ചമ ഉത്തരങ്ങളാണ് അർജ്ജുൻ നൽകുന്നത്.ശബ്ദ രേഖകളും വാട്‌സ് ആപ്പ് ചാറ്റുകളും വ്യക്തമാക്കുന്നത് കരിപ്പൂർ സ്വർണ്ണക്കടത്തിൽ നേരിട്ട് ഇയാൾക്ക് ബന്ധമുണ്ടെന്നാണെന്നും കസ്റ്റംസ് റിമാന്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.അർജ്ജുൻ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ കാർ സജേഷിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിലും കാറിന്റെ യഥാർഥ ഉടമ അർജ്ജുൻ ആയങ്കിയാണ്.ആഡംബര ജീവിതമാണ് അർജ്ജുൻ നയിക്കുന്നത്. ഇതിനുള്ള വരുമാനത്തിന്റെ ഉറവിടം വ്യക്തമല്ല.നിരവധി ചെറുപ്പക്കാർ സ്വർണ്ണക്കടത്തിൽ ആകൃഷ്ടരായി ഇറങ്ങിയിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്നും കസ്റ്റംസ് റിമാന്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും കസ്റ്റംസ് റിപോർട്ടിൽ ചൂണ്ടിക്കാട്ടി