Sorry, you need to enable JavaScript to visit this website.

സ്വർണക്കള്ളക്കടത്തു കേസ് ഒത്തുതീർക്കാൻ  കൊടകര കേസ് ഒതുക്കുന്നു -വി.ഡി. സതീശൻ

തൃശൂർ- സി.പി.എം പ്രതിക്കൂട്ടിലായ സ്വർണക്കള്ളക്കടത്തു കേസ് ഒതുക്കിതീർക്കാൻ വേണ്ടി ബി.ജെ.പി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപണ കേസ് സംസ്ഥാന സർക്കാർ ഒതുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കുഴൽപണ കേസിലും സ്വർണക്കള്ളക്കടത്തു കേസിലും സി.പി.എമ്മും ബി.ജെ.പിയും ഒത്തുകളിക്കുകയാണെന്നും സതീശൻ തൃശൂരിൽ പത്രസമ്മേളനത്തിൽ ആരോപിച്ചു. 
കൊടകര കുഴൽപണ കേസിൽ അന്വേഷണം നീണ്ടുപോകുന്നുവെന്നും യഥാർഥ ഉത്തരവാദികളിലേക്ക് അന്വേഷണം എത്തുന്നില്ലെന്നും ബി.ജെ.പിയുമായി സംസ്ഥാനസർക്കാർ കൊടകര കേസിൽ ഒത്തുതീർപ്പുണ്ടാക്കിയ വിധത്തിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേന്ദ്ര ഏജൻസികൾ സ്വർണക്കള്ളക്കടത്ത് കേസിന്റെ അന്വേഷണം അവസാനിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം വിലപേശി തങ്ങൾ പെട്ടുകിടക്കുന്ന കേസുകളെല്ലാം ഒതുക്കി തീർക്കുകയാണെന്നും സതീശൻ പറഞ്ഞു. 
സ്വർണക്കടത്ത്, സ്ത്രീപീഡനം, രാഷ്ട്രീയ കൊലപാതകം എന്നീ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ സംരക്ഷിക്കുന്ന പാർട്ടിയായി സി.പി.എം മാറി. സി.പി.എമ്മിനെ കൂടുതൽ പ്രതിരോധത്തിലാഴ്ത്തുന്ന വിവരങ്ങളാണ് ഓരോ ദിവസവും കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.  


സ്വർണക്കടത്തുകാരേയും ക്വട്ടേഷൻകാരേയുമെല്ലാം പുറത്താക്കിയെന്ന് പാർട്ടി പറയുന്നുണ്ടെങ്കിലും അവരെ സംരക്ഷിക്കുന്ന തരത്തിലാണ് കാര്യങ്ങൾ പോകുന്നത്. സൈബറിടങ്ങളിൽ സി.പി.എം ഗുണ്ടായിസത്തിന് നേതൃത്വം നൽകുന്നവരാണ് പല പ്രതികളെന്നും സതീശൻ ആരോപിച്ചു. ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതികൾ ജയിലിൽ കിടന്നുകൊണ്ട് കള്ളക്കടത്ത് അടക്കമുള്ള ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്നു. അവർക്കു ജയിൽ അധികൃതർ ഫോൺ അടക്കമുള്ള സൗകര്യങ്ങൾ നൽകിയിരിക്കുന്നു. രഹസ്യങ്ങൾ പുറത്തു പറയുമെന്നു ഭയന്നാണ് അവരെ സി.പി.എം സംരക്ഷിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കരിപ്പൂർ സ്വർണക്കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. കള്ളക്കടത്ത്, സ്ത്രീപീഡന കേസുകളിൽ ഒരു ഘട്ടം കഴിയുമ്പോൾ അന്വേഷണങ്ങൾ അവസാനിപ്പിക്കുന്നതായാണ് കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 


ക്രിമിനൽ സംഘങ്ങളുടെ അടിമകളായി സി.പി.എം മാറിയിരിക്കുന്നു. എന്നിട്ടും ക്വട്ടേഷൻ വിരുദ്ധ കാമ്പയിൻ നടത്തി സ്വയം വെള്ള പൂശാനാണ് സി.പി.എമ്മിന്റെ ശ്രമം. ടി.പി.കേസ് പ്രതികൾ രാഷ്ട്രീയ കൊലപാതകങ്ങൾക്കു ശേഷം സ്വർണക്കടത്തിലേക്ക് പോയിരിക്കുന്നു. അവർ ജയിലിൽ കിടന്നാണ് സ്വർണക്കടത്ത് നിയന്ത്രിക്കുന്നത്. ഇവരുടേതായി പുറത്തു വന്ന ശബ്ദരേഖയിൽ പാർട്ടിക്കൊരു പങ്ക് എന്ന് പറയുന്നത് സി.പി.എമ്മിന് അറിയില്ലേയെന്നും സതീശൻ ചോദിച്ചു.


കൊടകര കേസും വനംകൊള്ളകേസും രാമനാട്ടുകര കേസുമടക്കമുള്ളവ പ്രതിപക്ഷം ഗൗരവത്തോടെ നിരീക്ഷിക്കുന്നുണ്ടെന്നും എങ്ങിനെയാണ് കേസന്വേഷണത്തിന്റെ മുന്നോട്ടുള്ള പോക്കെന്ന് നോക്കി പരിശോധിച്ച് തുടർ നിയമനടപടികളെക്കുറിച്ചാലോചിക്കുമെന്നും അട്ടിമറി ശ്രമങ്ങളുണ്ടായാൽ അതിനെ ചെറുത്ത് തുറന്നു കാണിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. 
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ഭാര്യമാർക്കു നിയമനത്തിന് ഒന്നാം റാങ്കും തൊഴിലും നൽകി സംരക്ഷിക്കുന്നു. ഈ നയംമൂലമാണ് കേരളത്തിൽ ക്രിമിനൽ ആക്രമണങ്ങൾ വർധിക്കുന്നത്. തിരുവനന്തപുരത്തെ ഏജീസ് ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരേയും ആക്രമണമുണ്ടായി. മുഖ്യമന്ത്രിയുടെ ഓഫീസിനു തൊട്ടരികിലാണ് ഈ സംഭവം. കൊള്ളസംഘങ്ങളെ സംരക്ഷിക്കുകയും പിന്തണയ്ക്കുകയും ചെയ്യുന്ന നയം സി.പി.എം. തിരുത്തണം. 


വനംകൊള്ള കേസിൽ യഥാർഥ പ്രതികളെ സംരക്ഷിക്കുകയും കർഷകരേയും ആദിവാസികളേയും കബളിപ്പിക്കുകയും ചെയ്യുന്നു. കർഷർക്കും ആദിവാസികൾക്കും എതിരേ കേസെടുക്കുന്നു. നിയമപരമായി മരങ്ങൾ മുറിക്കുന്നവരെ ഭീഷണിപ്പെടുത്തുകയാണ്. ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഒത്തുകളിച്ചാണ് കേരളം കണ്ടതിൽവെച്ച് ഏറ്റവും വലിയ വനംകൊള്ള നടന്നതെന്നും സതീശൻ പറഞ്ഞു.
മാവോയിസ്റ്റ് വേട്ടയുടെ പേരിൽ എൽ.ഡി.എഫ് സർക്കാർ നടത്തിയതെല്ലാം വ്യാജ ഏറ്റുമുട്ടലകളാണ്. ഉത്തരേന്ത്യയിൽ നടക്കുന്നതുപോലെ വ്യാജ ഏറ്റുമുട്ടലുകളിലൂടെ വെടിവച്ചുകൊല്ലുന്ന നയമാണ് നടപ്പാക്കിയതെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
തൃശൂർ ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ്, കെ.പി.സി.സി വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Latest News