Sorry, you need to enable JavaScript to visit this website.

അതിർത്തികളിലെ പേരുമാറ്റൽ വിവാദത്തിന്  പിന്നിൽ കർണാടക ലോബിയെന്ന്


കാസർകോട്- കന്നഡ-തുളു ശൈലിയിലുള്ള അതിർത്തി പ്രദേശങ്ങളുടെ പേരുകൾ മലയാളത്തിലേക്ക് മാറ്റാൻ കേരള സർക്കാർ പദ്ധതിയിടുന്നുവെന്ന പ്രചാരണത്തിന് പിന്നിൽ സാമ്പത്തിക ലാഭം ലക്ഷ്യമിടുന്ന കർണാടക ലോബി. മുഖ്യമന്ത്രി പിണറായി വിജയന്റെ  വിശദീകരണം കർണാടക ലോബിയുടെ നീക്കങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ്. കേരള സർക്കാരിന്റെ ഭാഗത്തുനിന്നും ഒരു നീക്കവും ഇല്ലാതിരിക്കെയാണ് കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ഭാഷാന്യൂനപക്ഷ വിഭാഗങ്ങളിൽ കടുത്ത ഭിന്നത സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പ്രചാരണം ശക്തിപ്പെടുത്തിയത്.

ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ഉൾപ്പെടെ കർണാടക സർക്കാർ വലിയ സാമ്പത്തിക സഹായം അനുവദിക്കുന്നുണ്ട്. ഇതെല്ലം കാസർകോട്, മഞ്ചേശ്വരം ഭാഗത്തെ അനർഹരാണ് കൈപ്പറ്റുന്നതെന്ന് മുമ്പെയുള്ള ആക്ഷേപമാണ്. ഇവർക്ക് ഇടയിൽ പ്രവർത്തിക്കുന്ന ഭാഷ സംഘടനകളിൽ ചിലരാണ് പേരുമാറ്റൽ വിഷയം പെരുപ്പിച്ചതെന്നാണ് പറയുന്നത്. ഭാഷാന്യൂനപക്ഷങ്ങൾക്ക് വേണ്ടി തങ്ങളാണ് പ്രവർത്തിക്കുന്നതെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമവും ഇതിന്റെ പിന്നിലുണ്ട്. മംഗലാപുരം മംഗളൂരു ആക്കിയത് പോലുള്ള മാറ്റങ്ങൾ വരുത്തുന്നു എന്നായിരുന്നു പ്രചാരണം. അതിനിടെ മുസ്‌ലിം  സ്ഥലനാമങ്ങൾ നിലനിർത്തുകയും ഹിന്ദുവിഭാഗത്തിന്റെ പേരുകൾ ഒഴിവാക്കുന്നു എന്നും പ്രചരിപ്പിച്ചു വിഭാഗീയത ഉണ്ടാക്കാനും ചില കേന്ദ്രങ്ങളിൽനിന്നും ശ്രമമുണ്ടായി. തുളു-കന്നഡ ശൈലിയിലുള്ള മഞ്ചേശ്വര (മഞ്ചേശ്വരം), ബേഡഡുക്ക (ബേഡകം), കാറട്ക്ക (കാഡഗം), മധൂരു (മധൂർ), മല്ല (മല്ലം), ഹൊസ്ദുർഗ (പുതിയകോട്ട), കുംബ്ലെ (കുമ്പള), പിലികുഞ്ചെ (പുലികുന്ന്), ആനേബാഗിലു (ആനേബാഗിൽ), നെല്ലികിഞ്ജ (നെല്ലിക്കുന്ന്), ശശിഹിത് ലു (തൈവളപ്പ്) എന്നിങ്ങനെ മലയാളത്തിലേക്ക് (ബ്രാകറ്റിൽ) മാറ്റാനാണ് കേരളം ശ്രമിക്കുന്നത് എന്നാണ് പ്രചാരണം ഉണ്ടായത്. എന്നാൽ ഈ പേരുകളുടെ മലയാളം തന്നെയാണ് നാളുകളായി കാസർകോട്ടുകാർ ഉപയോക്കുന്നത് എന്നതാണ് യാഥാർഥ്യം.

ഇത് സംബന്ധിച്ച് യാതൊരു തരത്തിലുള്ള നീക്കങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് കാസർകോട് ജില്ലാ കലക്ടർ ഡോ. ഡി. സജിത് ബാബുവും സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണനും പറയുന്നു. പേര് മാറ്റുന്നതിനെക്കുറിച്ചുള്ള ഫയലോ നിവേദനമോ ഇല്ലെന്ന് കാസർകോട് ജില്ലാ ഭരണകൂടം വ്യക്തമാക്കി. മധൂരിന്റെ പേര് മാറ്റാൻ നിർദേശമില്ലെന്ന് മധൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. ഗോപാൽകൃഷ്ണ പറഞ്ഞു. കർണാടക സർക്കാർ ഏജൻസിയായ കർണാടക ബോർഡർ ഏരിയ ഡെവലപ്മെന്റ് അതോറിറ്റിയാണ് ഇതിന് തുടക്കം കുറിച്ചത്. ജൂൺ 25 ന് അതോറിറ്റി സെക്രട്ടറി പ്രകാശ് മട്ടിഹള്ളി ജില്ലയിലെ അതിർത്തി ഗ്രാമങ്ങളുടെ പേരുകൾ കന്നഡയിൽനിന്ന് മലയാളത്തിലേക്ക് മാറ്റിയിട്ടുണ്ടെന്ന വിഷയവുമായി ബന്ധപ്പെട്ട് ഒരു വാർത്താക്കുറിപ്പ് പുറത്തിറക്കി. പേരുകൾ മാറ്റുന്നതിനുള്ള നടപടികൾ കേരള സർക്കാർ ആരംഭിച്ചുവെന്നും ഇതിൽ പറഞ്ഞിരുന്നു. കർണാടക മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മൈസുരു എം.പി പ്രതാപ് സിംഹ, മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി എന്നിവർ രംഗത്തെത്തിയതോടെ വിവാദം ചൂടിപിടിക്കുകയായിരുന്നു. 

സ്ഥലനാമങ്ങൾ മാറ്റുന്നതിനെ കുറിച്ച് സർക്കാർ ആലോചിച്ചിട്ടേയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  ഇത് ആശ്ചര്യകരമാണ്. അനാവശ്യമായി പ്രശ്‌നങ്ങൾ സൃഷ്ടിക്കാനുള്ള ഗൂഢോദേശം ഇതിന്റെ പിന്നിൽ ഉണ്ടോ എന്ന് സംശയിക്കുന്നു. കർണാടക സർക്കാർ കത്തയച്ചത് എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല -മുഖ്യമന്ത്രി പറഞ്ഞു.

Latest News