കൊച്ചി - കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഓൺലൈൻ വിദ്യാഭ്യാസം സൗജന്യമായി നൽകുന്നതിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി 14 ദിവസത്തിനകം വിശദീകരണം നൽകണമെന്നു നിർദേശിച്ചു.
എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ അഡ്വ. എം. മുഹമ്മദ് ഷാഫി, ആർ. അനസ് മുഹമ്മദ് ഷംനാദ് എന്നിവർ മുഖേന സമർപ്പിച്ച ഹരജിയിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടിയത്. കോവിഡ് വ്യാപന കാലഘട്ടത്തിൽ യോഗ്യതയും കഴിവുമുള്ള വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനു സർക്കാറുകൾ സൗകര്യമൊരുക്കിയിട്ടില്ലെന്ന ഹരജിയിൽ ആരോപിച്ചു. വിദ്യാഭ്യാസ അവകാശ സംക്ഷണ നിയമപ്രകാരം വിദ്യാഭ്യാസം എന്നത് സൗജന്യമായി നൽകാതെ സർക്കാറുകൾ ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്തുകയാണെന്നും ഹരജിക്കാരൻ ആരോപിച്ചു.
ശാസ്ത്രസാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകൾ സർക്കാർ ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ പ്രയാസപ്പെടുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച റിപ്പോർട്ടുകൾ ലഭിച്ചിട്ടും സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നു ഹരജി ഭാഗം കോടതിയിൽ ബോധിപ്പിച്ചു.
14 വയസ്സുവരെയുള്ള വിദ്യാർഥികളുടെ വിദ്യാഭ്യാസം ഗവൺമെന്റിന്റെ പൂർണ ഉത്തരവാദിത്തം ആണെന്ന് ഹൈക്കോടതിയിൽ ബോധിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് കോടതി സർക്കാറിനോട് വിശദീകരണം ബോധിപ്പിക്കാൻ നിർദേശിച്ചത്.
ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സർക്കാരിന്റെ ഇടപെടലുകൾ അപര്യാപ്തമാണെന്നും വിവിധ ഏജൻസികളും സന്നദ്ധസംഘടനകളും സൗകര്യങ്ങൾ ഒരുക്കിയിട്ടും ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ രണ്ടാം വർഷത്തിലും ഏകദേശം ഏഴ് ലക്ഷത്തോളം വിദ്യാർഥികൾ ഓൺലൈൻ വിദ്യാഭ്യാസത്തിന് പുറത്താണ്. വിദ്യാർഥികൾക്ക് മൗലിക അവകാശം നിഷേധിക്കപ്പെട്ട ഗൗരവകരമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ഹരജിയിൽ പറയുന്നു.
വിദ്യാർഥികൾക്ക് ഫ്രീ എജ്യൂക്കേഷൻ സൗകര്യം ഒരുക്കുന്നതിനായി 'സ്റ്റുഡന്റ്‌സ് ഡാറ്റ' പാക്കേജുകൾ ആരംഭിക്കുക, ഓൺലൈൻ സൗകര്യമില്ലാത്തവർക്ക് സൗകര്യങ്ങൾ എത്തിക്കുക മൊബൈൽ നെറ്റ് വർക്ക് പ്രതിസന്ധി നേരിടുന്ന മേഖലകളിൽ പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ പരിഹരിക്കുന്നതിനു സർക്കാരുകൾക്ക് നിർദേശം നൽകണമെന്നു ഹരജിക്കാരൻ ആവശ്യപ്പെട്ടു.