Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സർക്കാർ ദ്രോഹിക്കുന്നു; 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ   ഉപേക്ഷിക്കുകയാണെന്ന് കിറ്റെക്‌സ്

കൊച്ചി-  2020 ജനുവരിയിൽ നടന്ന  അസെന്റ് ആഗോള നിക്ഷേപക സംഗമത്തിൽ  സർക്കാരുമായി ഒപ്പുവെച്ച  3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും  കിറ്റെക്‌സ് പിന്മാറുകയാണെന്ന് മാനേജിംഗ് ഡയറക്ടർ സാബു ജേക്കബ് അറിയിച്ചു. ഒരു അപ്പാരൽ പാർക്കും  കൊച്ചി , തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ 600 ഓളം പുതുസംരംഭകർക്ക് അവസരമൊരുക്കുന്ന    വ്യവസായ പാർക്കും നിർമ്മിക്കാനുമുള്ള ധാരണാ പത്രത്തിൽ നിന്നാണ് പിന്മാറുന്നത്. 20000പേർക്ക് തൊഴിൽ ലഭിക്കുന്ന  അപ്പാരൽ പാർക്കും  തിരുവനന്തപുരത്തും എറണാകുളത്തും പാലക്കാടും  ആയി 5000 പേർക്ക്  വീതം തൊഴിൽ ലഭിക്കുന്ന 3 ഇൻഡസ്ട്രിയൽ പാർക്കും അടക്കം 35000 പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതിയുടെ ധാരണാ പത്രമാണ് അന്ന് ഒപ്പിട്ടത്. ഇതനുസരിച്ചുള്ള  തുടർ നടപടികൾക്കും തുടക്കമിട്ടിരുന്നു. അപ്പാരൽ പാർക്കിനുള്ള സ്ഥലം എടുത്ത് വിശദമായ പ്ലാനും  പ്രൊജക്റ്റ് റിപ്പോർട്ടും മറ്റ് തയ്യാറെടുപ്പുകളും            പൂർത്തിയാക്കിയിരുന്നു. കൊവിഡ് പ്രതിസന്ധികൾക്കിടയിലും വലിയ മുതൽ മുടക്കുള്ള നിക്ഷേപ പദ്ധതികളുമായി മുന്നോട്ടു പോകാനുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയതുമാണ്.  2025 ഓടെ പദ്ധതി പൂർത്തികരിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ  ഇപ്പോഴുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ മുതൽമുടക്കാനുള്ള  ധാരണാ പത്രത്തിൽ നിന്നും പിന്നോട്ട് പോകുവാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.    
നിലവിലുള്ള  വ്യവസായ സ്ഥാപനങ്ങൾ തന്നെ നടത്തിക്കൊണ്ടു പോകാൻ പറ്റാത്ത സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 11 തവണയാണ് വിവിധ വകുപ്പുകളിലെ  ഉദ്യോഗസ്ഥർ കിറ്റെക്‌സിന്റെ  യൂണിറ്റുകളിൽ പരിശോധനയുടെ പേരിൽ കയറിയിറങ്ങിയത്. പത്തും പതിനഞ്ചും വണ്ടിയിൽ വന്നിറങ്ങി നാൽപ്പതും അമ്പതും പേർ വരുന്ന ഉദ്യോഗസ്ഥസംഘം  ഫാക്ടറിയുടെ ഓരോ ഫ്‌ളോറിലേക്കും ഇരച്ച് കയറുകയായിരുന്നു. ജോലി തടസ്സപ്പെടുത്തി  സ്ത്രീകൾ അടക്കമുള്ള തൊഴിലാളികളെ വിളിച്ചു ചോദ്യം ചെയ്ത് അവരുടെ അഡ്രസും ഫോൺനമ്പറും  എഴുതി എടുക്കുന്നു.ഓരോ തവണയും മൂന്നും നാലും മണിക്കൂർ കമ്പനിക്കകത്ത് അഴിഞ്ഞാടി പരിശോധനകൾ നടത്തി മുന്നൂറും നാനൂറും പേരെ ചോദ്യം ചെയ്ത് പോയതല്ലാതെ, ഇതുവരെയും എന്തിനാണ് പരിശോധിച്ചതെന്നോ  എന്താണ് കണ്ടെത്തിയതെന്നോ, എന്താണ് ഞങ്ങൾ ചെയ്ത കുറ്റമെന്നോ അവർ പറഞ്ഞിട്ടില്ല. 
കൊള്ളക്കാരെയും കൊടും കുറ്റവാളികളെയും തീവ്രവാദികളെയും പിടിക്കാൻ വരുന്ന രീതിയിലാണ്  കഴിഞ്ഞ 26 വർഷമായി പ്രവർത്തിക്കുന്ന ഫാക്ടറിയിൽ പരിശോധനകളെല്ലാം നടന്നത്. ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന സമയത്ത് യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ ഇത്തരത്തിൽ നിയമാനുസൃതമല്ലാത്ത പരിശോധനകൾ കേരളത്തിൽ മാത്രമേ ഉണ്ടാകൂ. 10000 ത്തിലധികം ആളുകൾ ജോലി ചെയ്യുന്ന ഒരു ഫാക്ടറിയിൽ പല പരിശോധനകൾക്കും ഓൺലൈൻ മാധ്യമങ്ങളുടെ ക്യാമറ സംഘവും ആയിട്ടാണ് ഇവർ എത്തിയത്. 

കേരളത്തിന്റെ അതിർത്തി വിട്ടാൽ ചുവന്ന പരവതാനി വിരിച്ചാണ് വ്യവസായികളേയും നിക്ഷേപകരേയും സ്വീകരിക്കുന്നത്. സൗജന്യമായി ഭൂമി , കെട്ടിടം ,വെള്ളം ,കുറഞ്ഞ നിരക്കിൽ വൈദ്യുതി ,അഞ്ചും പത്തും വർഷത്തേക്ക് നികുതിയിളവ് ,കൂടാതെ തൊഴിലാളികളുടെ പി.എഫ്., ഇ.എസ്.ഐ വിഹിതവും സർക്കാർ നൽകുന്നു. ചില സംസ്ഥാനങ്ങളിൽ 5 വർഷത്തേക്ക് 5000 രൂപ വരെ തൊഴിലാളികളുടെ ശമ്പളവും സർക്കാർ നൽകുന്നുണ്ട്.എന്നാൽ കേരളത്തിൽ മുതൽ മുടക്കുന്നവർക്ക് യാതൊരുവിധ സൗജന്യവും സഹായവും ലഭിക്കുന്നില്ല. മുതൽ മുടക്കാൻ വരുന്നവരെ കുത്തക മുതലാളിയായി , ബൂർഷ്വയായി , ചൂഷകനായി , കയ്യേറ്റക്കാരനായി , നിയമലംഘകനായി ,കോർപ്പറേറ്റായി ചിത്രീകരിച്ച്  അപമാനിക്കുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ് കേരളം. ആരെങ്കിലും ഇവിടെ വ്യവസായം തുടങ്ങാൻ തീരുമാനിച്ചാൽ അവന്റെ ശനിദശ ആരംഭിക്കുകയായി. മന:സമാധാനം എന്നെന്നേക്കുമായി ഇല്ലാതായിത്തീരും. ഈ നാട്ടിലെ ഏറ്റവും കൊള്ളരുതാത്തവനായി അവനെ മുദ്രകുത്തും. ഈ സാഹചര്യത്തിലാണ് കേരളത്തിൽ മുതൽ മുടക്കി റിസ്‌ക് എടുക്കേണ്ടെന്ന് തീരുമാനിച്ചത്. ഇതിന് മലയാളികളോട് ക്ഷമചോദിക്കുകയാണെന്നും സാബു ജേക്കബ് പറഞ്ഞു.
 

Latest News