വീഡിയോ ഡോക്ടറുമായി സൗദി ആരോഗ്യ മന്ത്രാലയം 

റിയാദ്- വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് മെഡിക്കല്‍ കണ്‍സള്‍ട്ടിംഗിന് സൗദി ആരോഗ്യമന്ത്രാലയം പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കി. 'അസ്സിഹ' എന്ന പേരില്‍ പുറത്തിറക്കിയ ആപ്പില്‍ വിദഗ്ധ ഡോക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചികിത്സാവിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്. 
ആദ്യഘട്ടമെന്ന നിലയില്‍ വടക്കന്‍ അതിര്‍ത്തി, അസീര്‍, തബൂക്ക്, ജിസാന്‍, നജ്‌റാന്‍, അല്‍ജൗഫ് എന്നീ പ്രവിശ്യകളിലാണ് ആപ്പ് വഴിയുള്ള സേവനം ലഭ്യമാകുക. തുടര്‍ന്ന് മുഴുവന്‍ പ്രവിശ്യകളിലും ഈ സൗകര്യം വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 
പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ അര്‍ധരാത്രി വരെയും വാരാന്ത്യ അവധി ദിനങ്ങളില്‍ വൈകുന്നേരം നാല് മുതല്‍ അര്‍ധരാത്രി വരെയുമാണ് ആപ്പ് മുഖേന വിഷ്വല്‍ മെഡിക്കല്‍ കണ്‍സള്‍ട്ടിംഗ് ലഭിക്കുക. നേരിട്ട് ആപ്പിലേക്ക് പ്രവേശിക്കുന്നതിന് ഉപയോക്താവിന് തടസ്സമുണ്ടാകില്ല. അപകട ഘട്ടങ്ങളിലും അടിയന്തിര ചികിത്സ ആവശ്യമായ സന്ദര്‍ഭങ്ങളിലും വിദഗ്ധരുടെ സേവനം ഉറപ്പാക്കുന്ന ആപ്പ് ചികിത്സാരംഗത്ത് വലിയ അനുഗ്രഹമാകും.

Latest News