ഇടുക്കി- ആദിവാസി ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് ഇടുക്കി എം.പി ഡീൻ കുര്യാക്കോസും വ്േളാഗറും ചേർന്ന് നടത്തിയ യാത്രയിൽ വനംവകുപ്പ് അന്വേഷണം തുടങ്ങി. വനംവകുപ്പിനെ അറിയിക്കാതെ വ്േളാഗർ സുജിത് ഭക്തൻ എം.പിയ്‌ക്കൊപ്പം പോയതിലാണ് അന്വേഷണം. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിക്കാത്ത ഇടമലക്കുടിയിലേക്ക് എം.പി ഡീൻ കുര്യാക്കോസിനും സംഘത്തിനുമൊപ്പം കഴിഞ്ഞ ദിവസമാണ് സംഘം പോയത്.
സെൽഫ് ക്വാറൻറീനിലുള്ള ഇടമലക്കുടിയിലേക്ക് എം.പിയ്ക്ക് പോകാമെങ്കിലും വ്‌ളോഗർ സുജിത്ത് ഒപ്പം വരുന്നതിനെ കുറിച്ച് വനംവകുപ്പിനെ അറിയിച്ചിരുന്നില്ല. അത്യാവശ്യക്കാരെ മാത്രമേ ഒപ്പം കൂട്ടാവുവെന്ന് വ്യക്തമാക്കിയാണ് എം.പിക്ക് യാത്രാനുമതി നൽകിയത്. അതേസമയം വിവാദം അനാവശ്യമെന്ന നിലപാടിലാണ് എംപി ഡീൻ കുര്യാക്കോസ്. ഇടമലക്കുടിയിലെ സ്‌കൂളിലേക്ക് പഠനോപകരണങ്ങൾ നൽകാനാണ് പോയതെന്നും വിവാദം അനാവശ്യമാണെന്നും ഡീൻ കുര്യാക്കോസ് പ്രതികരിച്ചു.