'വടി കൊടുത്ത് അടി വാങ്ങുക' -അതൊരു ചൊല്ലാണോ, അതോ, ആചാരമാണോ എന്ന് ഭാഷാ ഗവേഷകന്മാർ പറയട്ടെ. എം.സി. ജോസഫൈൻ സഖാവ് വനിതാ കമ്മീഷനിൽനിന്നും എടുത്തു മാറ്റപ്പെട്ടതോടെ അതൊരു ആചാരമായി മാറിയെന്നു കരുതണം. പാർട്ടിക്കു വേണ്ടി മത്സരിക്കുന്നു, തോൽക്കുന്നു. പാർട്ടിക്കാരുണ്ടെന്നു കണ്ടാൽ ഏതു പ്രതിയെയും നോക്കി കണ്ണടക്കുന്നു. വാദി പാവമാണെന്നു കണ്ടാൽ വിരട്ടുന്നു -ഇതൊക്കെയും ലക്ഷണമൊത്ത ഒരു ചെയർപേഴ്‌സന്റെ ലക്ഷണമാണ്. 'പാർട്ടി തന്നെയാണ് ഞങ്ങളുടെ പോലീസും കോടതിയും' എന്നു പ്രഖ്യാപിച്ച ആദ്യത്തെ പാർട്ടി ഭക്തശിരോമണിയാണ് സഖാവ്. ദില്ലിയിലും തിരുവനന്തപുരത്തുമായി പാർട്ടിയോഫീസുകളിൽ കുടികിടപ്പവകാശമുള്ള നേതാക്കൾ പോലും ഇങ്ങനെ ഒരു സ്തൂതിഗീതം ചമച്ചിട്ടില്ല.
ജോസഫൈന് പ്രാർഥനാഗീതങ്ങൾ എഴുതുന്ന അസുഖമുണ്ടെങ്കിൽ ഇത്തരം നാലഞ്ചു പ്രയോഗങ്ങൾ വിശദീകരിച്ച് കാവ്യസമാഹരണം പുറത്തിറക്കാം. ഇ.എം.എസ് സ്റ്റഡി സെന്ററിൽനിന്നും എം.എ. ബേബിയുടെ അവതാരിക കൂടിയായാൽ 'നവതീവ്ര കൊറോണ മുതലാളിത്ത' വാഴ്ചക്കാലത്തിനെതിരെയുള്ള പടഹധ്വനി തന്നെയാകും ആ ഗ്രന്ഥം. അഞ്ച് കൊല്ലത്തിനകം ഒരു അവാർഡ് ഉറപ്പാണ്. പുസ്തക ഭാഗം കുട്ടികളുടെ പാഠപുസ്തകത്തിൽ ചേർത്താൽ പണം വേറെയും കിട്ടും. വനിതാ കമ്മീഷനാപ്പീസിൽ കയറിയിരുന്ന് അമ്പത്തിമൂന്നു ലക്ഷം പ്രതിഫലം വാങ്ങിയെന്ന കുത്തുവാക്കിനു നല്ല ചുട്ട മറുപടിയുമാകും. അല്ലാതെ, സാധാരണക്കാർക്കും പുത്തൻ കെ.പി.സി.സിക്കുമൊന്നും ബോധ്യമാവില്ല. കവയിത്രി സുഗതകുമാരിയും ജസ്റ്റിസ് ശ്രീദേവിയുമൊക്കെ ഇരുന്ന കസേരയാണെന്നു പറഞ്ഞ് കൂരമ്പുകൾ പ്രയോഗിച്ചവർ ഇളിഭ്യരായി മടങ്ങും. ഇപ്പോൾ സി.എസ്.സുജാത, ശ്രീമതി, സതീദേവി എന്നിവരുടെ പേരുകൾ ഒരു വലിയ ടിന്നിലാക്കി കുലുക്കുകയാണെന്ന് ചിലർ ഗോസിപ്പ് വിടുന്നുണ്ട്. അതിനെ വെല്ലുന്ന മറ്റൊന്നുണ്ട്- കെ.കെ. ശൈലജ ടീച്ചറും പരിഗണനയിലാണെന്ന്. കഴിഞ്ഞയാഴ്ച അവർക്ക് ഒരു സെൻട്രൽ യൂറോപ്യൻ യൂനിവേഴ്‌സിറ്റി അവാർഡ് കൂടി തരപ്പട്ടുവത്രേ! സംഗതി പിണറായി വിജയൻ അറിഞ്ഞുവെങ്കിൽ ഇനി പത്തു കൊല്ലത്തേക്ക് ടീച്ചർ ഒരു നോമിനേഷനും പ്രതീക്ഷിക്കേണ്ട എന്നു എ.കെ.ജി സെന്ററിനു സമീപത്തൊക്കെ സംസാരമുണ്ട്.
വടകര എം.എൽ.എ സഖാവ് കെ.കെ. രമയുടെ അഭിപ്രായം മെച്ചപ്പെട്ടതാണെങ്കിലും മുഖ്യന് ആ ജന്മവർഗ ശത്രുവിനെ തിരിച്ചറിയാനുള്ള കഴിവുണ്ട്. ഒന്നും മറക്കില്ല സഖാവ്. രാഷ്ട്രീത്തിനതീതരായ വ്യക്തികളെ ചെയർപേഴ്‌സൻ സ്ഥാനത്തിരുത്തണം എന്നാണ് രമാ സഖാവിന്റെ പ്രസ്താവന. മുഖ്യൻ അത് അവജ്ഞയോടെ തള്ളുവാൻ മടിക്കില്ല. കുറേക്കൂടി 'ലിബറലിസം' കലർത്തി, വർഗ ശത്രുതയില്ലാത്ത ആരെങ്കിലും, വനിതാ കമ്മീഷൻ ചെയർപേഴ്‌സനാകാൻ ഒരു പുരുഷൻ ആയലെന്ത് എന്നു ചോദിച്ചാലും ക്ഷമിച്ചെന്നു വരും. അമേരിക്കൻ സാമ്രാജ്യത്വ ധനകാര്യ വിദഗ്ധയായ ഗീതാ ഗോപിനാഥിനെ കുറച്ചുകാലം ഉപദേശിയാക്കിയില്ലേ? കെ. കരുണാകരന്റെ അരുമ ശിഷ്യൻ രമൺ ശ്രീവാസ്തവയെ ഉപദേശക സമിതിയിൽ ഇരുത്തിയില്ലേ? ഇതൊക്കെയാണെങ്കിലും മനുഷ്യവകാശ കമ്മീഷനായതോടെ ആ വാക്കിന്റെ വില പോയി. ഇപ്പോൾ 'കമ്മീഷൻ' കൈപ്പറ്റുന്നവർക്കു മാത്രമായി മാന്യത. പ്രഥമദൃഷ്ട്യാ തന്നെ പരിഹാസം തോന്നിക്കുന്ന പ്രയോഗം!
ഇനി 'കമ്മീഷൻ' പ്രയോഗം സ്വർണക്കടത്തിലും വോട്ടുകച്ചവടത്തിലൂമൊക്കെ ആയി ഒതുക്കുന്നതാണ് ഭേദം!
**** **** ****
ശരത് പവാർ എന്ന വയസ്സൻ സിംഹത്തിന്റെ സടകൊഴിഞ്ഞട്ടൊന്നുമില്ല. കേന്ദ്ര സർക്കാരിനെക്കൊണ്ടു പൊറുതിമുട്ടിയ ഓരോ പാർട്ടിയും അടുത്ത വണ്ടിക്ക് മുംബൈയിലേക്കു വെച്ചു പിടിക്കുകയാണ്. എട്ടു പാർട്ടികൾ, പോരാഞ്ഞിട്ടു യശ്വന്ത് സിൻഹയും. അങ്ങോർ ബി.ജെ.പിയുമായി പിണങ്ങി വെല്ലുവിളിച്ചു കഴിയുന്ന വിവരം അറിയാത്തവരില്ല. അങ്ങോർ മുൻകൈയെടുത്തു കോൺഗ്രസിനെ ഒരു ലാന്റ് ഫോണിൽ പോലും വിളിക്കില്ല. മിസ്‌കോൾ അടിക്കാൻ നിർദേശിച്ചാൽ 'അതു താൻ പോയി ചെയ്‌തേര്' എന്നു പോലും പറയാൻ മടിക്കില്ല. 'ശത്രുവിന്റെ ശത്രു മിത്രം' എന്ന പ്രമാണമനുസരിച്ച് ആ പണി തൽക്കാലം ശിവസേന ഏറ്റെടുത്തത് അക്ബർ റോഡിലെ സ്ഥിരതാമസക്കാർക്ക് ആശ്വാസമായി. അതുകണ്ടിട്ടാകണം, പവാർജി ഉഷാറായി. കോൺഗ്രസില്ലാതെ എന്തു ഖദർ സഖ്യം എന്നുവരെ അദ്ദേഹം ഉരുവിട്ടു.
ആരോഗ്യ പ്രശ്‌നം പറഞ്ഞു സോണിയാജി അടുക്കളയിലേക്ക് ഒതുങ്ങുമെന്നും മകൻ പയ്യനെ മീറ്റിംഗിന് അയക്കുമെന്നും പവാർജിക്കറിയാം. രാഹുലാണെങ്കിൽ, പന്തു നമ്മുടെ കോർട്ടിൽ, നമുക്കിഷ്ടമുള്ളിടത്തേക്ക് അടിച്ചുപായിക്കാമെന്നും ഉറപ്പുണ്ട്. പക്ഷേ, മുന്നിലുള്ള എട്ടു പാർട്ടികളോട് അദ്ദേഹത്തിന് വാർധക്യ കാലത്ത് ഒറ്റ അപേക്ഷയേയുള്ളൂ 'മൂന്നാം മുന്നണി' എന്ന് പിറക്കാൻ പോകുന്ന കുഞ്ഞിനു പേരിടരുത്. 1980 മുതൽ ആ പേര് വിളിച്ച കുഞ്ഞുങ്ങളൊക്കെ അകാലത്തിൽ ചത്തൊഴിഞ്ഞു. ഇനി ഭാഗ്യപരീക്ഷണത്തിനുള്ള ബാല്യവും യുവത്വവുമൊന്നു ആർക്കുമില്ല. ഇന്ദിരയും രാജീവുമൊന്നുമല്ല സംഘപരിവാർ! അതുകൊണ്ട് 'മാന്യമഹാ നേതാക്കളേ, രാഹുലില്ലാതെ ഒരു പരിപാടിക്കും നമ്മളില്ല' -എന്ന് പവാർജി ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.
**** **** ****
'അച്ഛൻ പത്തായത്തിനകത്തും ഇല്ല' എന്നു കുട്ടി വിളിച്ചു പറയുന്നതു പോലെ എന്തോ ഒരു പന്തികേടുണ്ട് ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ചില നേതൃ മാന്യന്മാരുടെ പ്രസ്താവനകളിൽ. 'രാമനാട്ടുകര' സംഭവത്തിൽ സി.പി.എമ്മിന്റെ ബന്ധം തെളിഞ്ഞുവെന്ന് ഉള്ളി സുരേന്ദ്രൻ പറയുമ്പോൾ അദ്ദേഹമാണ് അതിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ എന്നു ചിലരെങ്കിലും കരുതും. അതേ സമയത്തുതന്നെയാണ് ബത്തേരിയിൽ വോട്ടുകച്ചവടത്തിന്റെ പേരിൽ യുവമോർച്ച പ്രസിഡന്റിനെ പുറത്താക്കിയത്. പിന്നാലെ 13 അംഗ കമ്മിറ്റിയും ഔട്ട്! മൊത്തം 270 പേർ ഒറ്റടയിക്കു രാജി!
അമ്പേ! ഇത്രയും പേർ ആ പാർട്ടിയിൽ ഉണ്ടായിരുന്നോ എന്ന് അദ്ഭുതപ്പെടേണ്ട! 'മിസ് കോൾ' അടിച്ചു മൊബൈൽ വഴി ബി.ജെ.പി മൊത്തം 13 കോടി അംഗങ്ങളെയാണ് നേടി 'ലോക്കറി'ൽ സൂക്ഷിക്കുന്നത്. അതിൽനിന്നും പത്തുമുന്നൂറു പേർ ചാടിപ്പോയാൽ 'കോടി'ക്ക് ഒരു കുറവും ഉണ്ടാകാനില്ല. ആകാശം ഇടിഞ്ഞുവീണാലും ശരി, കള്ളക്കടത്തുമായി ബന്ധമുള്ളവർ പാർട്ടിയിൽ ഉണ്ടാകില്ല. നോട്ടുകടത്ത് വേറെ ഐറ്റമാണ്. ഒരു ഗോത്ര മഹാസഭക്കാരി പ്രസീത അഴീക്കോട് ആരോപിച്ചതുകൊണ്ടൊന്നും ജാനുവോ സുരേന്ദ്രനോ കുലുങ്ങില്ല. പ്രസീത സുകുമാർ അഴീക്കോടാണോ, അല്ലല്ലോ!
മേൽപറഞ്ഞതിന് സമാന്തരമായിട്ടാകണം, കരിപ്പൂർ സ്വർണക്കടത്തു പ്രതികളെ സംരക്ഷിക്കില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദ്രൻ സഖാവ് പ്രസ്താവിച്ചുകളഞ്ഞത്. അത്ര ഉറപ്പിക്കണ്ടായിരുന്നു.
പലരുടെയും ഫോട്ടോകളും അവർക്കുള്ള 'ലൈക്കു'കളും കൊണ്ട് സോഷ്യൽ മാധ്യമങ്ങൾ നിറഞ്ഞുകവിയുകയാണ്. ഇടവപ്പാതിയിലെ പ്രളയം മാത്രമാണ് താരതമ്യം! ഈ ഗോവിന്ദൻ മാഷാകട്ടെ, മൂന്നുകൊല്ലം മുമ്പ് 'യുവതീ പ്രവേശന' ഫെയിം ആയ ദേഹമാണ്. ഭക്തയുവതികളെ കൈപിടിച്ചാനയിച്ച് മല കയറ്റി സന്നിധാനത്തെത്തിക്കുക തങ്ങളുടെ ധർമമാണ് എന്നു വരെ സഖാവ് വെച്ചുകാച്ചി. പിന്നെ എത്ര കാലം മുഖപത്രത്തിന്റെ പത്രാധിപക്കസേരയിലിരുന്നുവെന്ന് അറിയില്ല. ഏതായാലും സഖാവ് എന്തെങ്കിലും ഉരുവിട്ടാൽ അതിനു വിപരീതമായ ഫലം ഉടനെയുണ്ടാകും എന്നതാണ് നടപ്പ്. സഖാവിന്റെ പിന്നാലെ ചിന്ന സഖാവ് എ.എ. റഹീം ഒരു അനുബന്ധവും ഒട്ടിച്ചുചേർത്തിട്ടുണ്ട്- കള്ളക്കടത്തുകാർക്ക് 'ലൈക്ക്' അടിക്കുന്നവർ അതു തിരുത്തണം. അത് എങ്ങനെയെന്നു റഹീമിനും നിശ്ചയമില്ലെന്നു തോന്നുന്നു. 'ഡിഫി'യെ ഒരു ക്വട്ടേഷൻ സംഘമായാണ് സംസ്ഥാന 'നവ' കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. സ്വയം വിലയിരുത്താൻ വകയൊന്നുമില്ലാത്തതിനാലാകും. സമയം പോകും; നല്ലതാ!
**** **** ****
കെ. സുധാകരൻ കെ.പി.സി.സി പ്രസിഡന്റ് ആയ ശേഷം തലസ്ഥാനം ഒന്ന് ഉണർന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസ്താവനകൾ പാർട്ടിയെ ബാധിച്ച സാമ്പത്തിക മാന്ദ്യം അകറ്റുമെന്ന പ്രതീക്ഷയാണ് അതിൽ മുഖ്യം. 'പരിശീലന സകൂൾ' പദ്ധതി, സെമി കേഡർ സംവിധാനം, ഇടയ്ക്ക് ശുദ്ധജല പാനത്തിനായി 'മിനറൽ വാട്ടർ.' സ്വകാര്യ സ്‌കൂളുകളുടെ കോമ്പൗണ്ടുകൾ തുഛ വാടകയ്‌ക്കെടുത്ത 'കാഡർമാർക്ക്' കായിക പരിശീലനം പ്രതീക്ഷിക്കാം.
പിന്നെ, പേയാട്ട് ഇ.എം.എസ് സ്റ്റഡി സെന്റർ മാതൃകയിൽ പഠന കേന്ദ്രം. ക്ലാസെടുക്കാൻ തക്ക കോൺഗ്രസ് പരിജ്ഞാനമുള്ള വരെ ഇന്ത്യയിൽ കണ്ടെത്തുന്നതിന് അഞ്ചു വർഷം വേണ്ടിവരുമെന്നു സംശയിക്കുന്നുമുണ്ട്. പേയാട്ട് തേങ്ങ ഉടയ്ക്കുമ്പോൾ നമ്മൾ ചിരട്ടയെങ്കിലും ഉടയ്ക്കണമെന്ന് സുധാകരൻജിക്കു നിർബന്ധമുണ്ട്. ഇതിനൊക്കെ ഫണ്ട് വേണം. പിരിവിന്റെ കാര്യം കേൾക്കുന്നതോടെ ഇന്ദിരാ ഭവൻ നേതാക്കളെക്കൊണ്ടു നിറയും. അതു മതി. കാര്യം മംഗളം!.