Sorry, you need to enable JavaScript to visit this website.

രാഷ്ട്രീയത്തണലിലെ കള്ളത്തരങ്ങൾ

സാമ്പത്തിക കുറ്റകൃത്യമെന്നതിനപ്പുറം നാട്ടിൽ ക്രമസമാധാന പ്രശ്‌നമായും വളരുന്ന ക്വട്ടേഷൻ പ്രവർത്തനങ്ങൾക്ക് തടയിടേണ്ടതുണ്ട്. യുവാക്കൾ തെറ്റായ വഴിയിൽ സഞ്ചരിക്കുന്നത് തടയുന്നതിനും ഈ രംഗത്ത് സർക്കാരിന്റെ അടിയന്തര ശ്രദ്ധ ആവശ്യമാണ്. മാഫിയാ പ്രവർത്തനം നടത്തുന്നവർക്ക് രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലെന്ന് ഉറപ്പാക്കേണ്ടത് പാർട്ടി നേതൃത്വങ്ങളാണ്. രാഷ്ട്രീയ സ്വാധീനമില്ലാതാവുമ്പോൾ ദുർബലമാകുന്നതാണ് പല മാഫിയാ സംഘങ്ങളും.

കോവിഡ് ലോക്ഡൗൺ കാലത്തും കള്ളക്കടത്തു സംഘങ്ങൾ നാട്ടിൽ വിലസുന്നുവെന്നാണ് രാമനാട്ടുകരയിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടം വ്യക്തമാക്കുന്നത്.അപകടത്തിൽ പാലക്കാട് ജില്ലയിലെ ചെർപ്പുളശേരി സ്വദേശികളായ അഞ്ചു പേരാണ് മരിച്ചത്.കരിപ്പൂർ വിമാനത്താവളത്തിലേക്ക് എത്തിയ വാഹനമാണ് അപകടത്തിൽ പെട്ടതെന്ന വിവരമാണ് സംഭവത്തിലെ ദുരൂഹതയിലേക്ക് അന്വേഷണം കൊണ്ടെത്തിച്ചത്.കരിപ്പൂരിൽ നിന്ന് ചെർപ്പുളശേരിയിലേക്ക് പോകേണ്ടിയിരുന്ന വാഹനം എങ്ങനെ കോഴിക്കോട് റോഡിലുള്ള രാമനാട്ടുകരയിൽ അപകടത്തിൽ പെട്ടുവെന്നതാണ് ആദ്യം ഉയർന്ന സംശയം.അന്വേഷണം പുരോഗമിക്കവേ പുറത്തു വന്നത് ക്വട്ടേഷൻ സംഘങ്ങളുടെ വിവരങ്ങളാണ്.പാലക്കാട് മുതൽ കണ്ണൂർ വരെ വ്യാപിച്ചു കിടക്കുന്ന വലിയ ക്വട്ടേഷൻ ശൃംഖലയുമായി ബന്ധപ്പെട്ടാണ് ഈ കേസിൽ അന്വേഷണം പുരോഗമിക്കുന്നത്.


വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് പുതിയ വാർത്തയല്ലെങ്കിലും അതിനു പിന്നിലുള്ള ക്വട്ടേഷൻ സംഘങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമായിരിക്കുന്നുവെന്നാണ് ഈ സംഭവം ചൂണ്ടിക്കാട്ടുന്നത്.കള്ളക്കടത്തു സ്വർണം തട്ടിയെടുക്കുന്ന സംഘങ്ങൾ മലബാർ മേഖലയിൽ പെരുകുന്നുണ്ടെന്നാണ് സൂചനകൾ.കരിയർമാർ മുതൽ ക്വട്ടേഷൻ സംഘങ്ങൾ വരെ ഉൾപ്പെടുന്ന വലിയ മാഫിയാ സാമ്രാജ്യമായാണ് ഇത് വളരുന്നതെന്നത് ആശങ്കകളുയർത്തുന്നതാണ്.ഇത്തരം സംഘങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ ലേബലുകൾ ഉപയോഗിക്കുന്നുവെന്നത് കൂടുതൽ അപകടകരമായ സൂചനകളാണ് നൽകുന്നത്.


രാമനാട്ടുകര അപകടത്തിന്റെ അന്വേഷണം കണ്ണൂരിലെത്തിയപ്പോൾ സി.പി.എം അനുഭാവികളായവർക്കും സ്വർണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന വിവരങ്ങളാണ് പുറത്തുവന്നത്.ഭരണത്തിലിരിക്കുന്ന പാർട്ടിയുടെ തണലിൽ മാഫിയാ സംഘങ്ങൾ വളരുന്നുവെന്നത് ജനാധിപത്യത്തിന്റെ ഭയപ്പെടുത്തുന്ന മുഖമാണ് വെളിവാക്കുന്നത്.ആരോപണങ്ങൾ പാർട്ടി തള്ളിക്കളയുകയോ ആരോപണ വിധേയരായവർക്കെതിരെ നടപടിയെടുക്കുകയോ ചെയ്തിട്ടുണ്ടെങ്കിലും പാർട്ടി അറിഞ്ഞോ അറിയാതെയോ ചില നിഗൂഢ സംഘങ്ങൾ അധികാരത്തിന്റെ സൗകര്യങ്ങൾ നിയമവിരുദ്ധമായ കാര്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.


അധികാരത്തെ സ്വന്തം കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന സംഘങ്ങൾ പലമേഖലകളിലും പ്രവർത്തിക്കുന്നുവെന്നത് യാഥാർഥ്യമാണ്.പാർട്ടി നേതൃത്വത്തിന് പോലും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ പാർട്ടിയെ ദുരുപയോഗപ്പെടുത്തുന്ന സംഘങ്ങളാണിത്.സർക്കാർ പദ്ധതികളുടെ കരാറുകൾ സ്വന്തമാക്കുന്നത് മുതൽ ക്വട്ടേഷൻ പ്രവർത്തനങ്ങൾക്ക് വരെ ഇത്തരം സംഘങ്ങൾ പാർട്ടിയെ പല തലങ്ങളിലും ഉപയോഗിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുന്നുണ്ട്.സോഷ്യൽമീഡിയയിൽ പാർട്ടിയെ വളർത്താൻ മുന്നിട്ടിറങ്ങുന്നവരിൽ ചിലർ തന്നെയാണ് മുതലെടുപ്പുകൾക്കും മുന്നിലുള്ളത്.പാർട്ടിയുടെ ഔദ്യോഗിക ഘടകങ്ങളുമായി ബന്ധമുള്ളവരല്ല ഇവർ.മറിച്ച് പൊതുസമൂഹത്തിൽ പാർട്ടിയുമായി ബന്ധമുള്ളവരാണെന്നു പ്രചരിപ്പിക്കുകയും അതിന്റെ തണലിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുകയും ചെയ്യുന്നവരാണിത്.പാർട്ടിക്ക് പോലും നിയന്ത്രിക്കാൻ കഴിയാത്ത തരത്തിലാണ് പൊതുബോധത്തെ ഇവർ തങ്ങൾക്ക് അനുകൂലമാക്കി മാറ്റിക്കൊണ്ടിരിക്കുന്നത്.ഇടതുസർക്കാർ സംസ്ഥാനത്ത് രണ്ടാം തവണയും അധികാരത്തിൽ എത്തിയതോടെ പാർട്ടിയുടെ തണലിനെ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നാണ് കരിപ്പൂർ സ്വർണക്കടത്ത് കേസ് വ്യക്തമാക്കുന്നത്.


കള്ളക്കടത്ത് സംഘങ്ങളുടെ വലിപ്പം ചെറുതല്ലെന്നാണ് രാമനാട്ടുകര അപകടത്തെ തുടർന്ന് പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.ഒട്ടേറെ യുവാക്കൾ എളുപ്പത്തിൽ പണമുണ്ടാക്കാനായി കള്ളക്കടത്തിനൊപ്പവും ക്വട്ടേഷൻ സംഘങ്ങൾക്കൊപ്പവും പ്രവർത്തിക്കുന്നുണ്ട്.മുൻകാലങ്ങളിൽ ഗൾഫിൽ നിന്നുള്ള സ്വർണക്കടത്തിന്റെ കരിയർമാരായാണ് യുവാക്കൾ പ്രവർത്തിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഏത് അക്രമത്തിലൂടെയും സ്വർണം തട്ടിയെടുക്കുന്ന സംഘങ്ങളുടെ ഭാഗമായി ഇവർ മാറിയിരിക്കുന്നു.സ്വർണക്കടത്ത് സംഘങ്ങളെ പോലെ തന്നെ കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്ന ക്വട്ടേഷൻ സംഘങ്ങളും നാട്ടിൽ ശക്തി പ്രാപിക്കുകയാണ്.


കള്ളക്കടത്ത് മാഫിയാ സംഘങ്ങൾക്ക് ശക്തമായ നേതൃത്വമുണ്ടെന്നാണ് കരുതേണ്ടത്.നാലും അഞ്ചും ജില്ലകളിൽ ഒരേ സമയം പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിക്കുന്നത് ചില ശക്തികേന്ദ്രങ്ങളാണെന്ന് സംശയിക്കേണ്ടതുണ്ട്.ഇവർക്ക് രാഷ്ട്രീയത്തിലെ ഉന്നതരിൽ നിന്ന് പിന്തുണ ലഭിക്കുന്നുണ്ടോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്.കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം പലപ്പോഴും സംഘാംഗങ്ങളിൽ അവസാനിക്കുകയാണ് പതിവ്.അവരെ നിയന്ത്രിക്കുന്ന ശക്തികളിലേക്ക് അന്വേഷണം എത്താറില്ല.ഒരു സംഘം പിടിക്കപ്പെടുമ്പോൾ പുതിയ സംഘങ്ങളെ രംഗത്തിറക്കി മാഫിയാ പ്രവർത്തനം തുടരുന്നതാണ് ഇവരുടെ ശൈലി.അറസ്റ്റിലാകുന്നവർ കേസിന് പിറകെ പോകുമ്പോഴും പുറത്ത് ക്വട്ടേഷൻ പ്രവർത്തങ്ങൾ തടസ്സമില്ലാതെ തുടരും.


സാമ്പത്തിക കുറ്റകൃത്യമെന്നതിനപ്പുറം നാട്ടിൽ ക്രമസമാധാന പ്രശ്‌നമായും വളരുന്ന ക്വട്ടേഷൻ പ്രവർത്തനങ്ങൾക്ക് തടയിടേണ്ടതുണ്ട്. യുവാക്കൾ തെറ്റായ വഴിയിൽ സഞ്ചരിക്കുന്നത് തടയുന്നതിനും ഈ രംഗത്ത് സർക്കാരിന്റെ അടിയന്തര ശ്രദ്ധ ആവശ്യമാണ്.മാഫിയാ പ്രവർത്തനം നടത്തുന്നവർക്ക് രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലെന്ന് ഉറപ്പാക്കേണ്ടത് പാർട്ടി നേതൃത്വങ്ങളാണ്.രാഷ്ട്രീയ സ്വാധീനമില്ലാതാവുമ്പോൾ ദുർബലമാകുന്നതാണ് പല മാഫിയാ സംഘങ്ങളും.

Latest News