കൊല്ലം- കേസ് പോകുന്ന പോക്ക് കണ്ട് പോലീസ് തന്നെ അന്തംവിട്ടുനില്‍ക്കുന്ന അവസ്ഥയാണ് കൊല്ലം കല്ലുവാതുക്കലില്‍ ഒരു ചോരക്കുഞ്ഞിന്റെ മരണവും പിന്നാലെ രണ്ട് യുവതികളുടെ ആത്മഹത്യയും ഉള്‍പ്പെട്ട സംഭവത്തില്‍. രേഷ്മയുടേയും മരിച്ച യുവതികളുടേയും ഫോണുകള്‍ പരിശോധിക്കുന്നതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
അഴിക്കുന്തോറും കുരുക്കുമുറുകി വരുന്നതാണ് പോലീസിനെ കുഴക്കുന്നത്. ചവറുകൂനയില്‍ ഉപേക്ഷിച്ച നവജാതശിശുവിന്റെ മരണത്തില്‍ പ്രതിയെ കണ്ടെത്തുകയും കുറ്റസമ്മതം നടത്തുകയും ചെയ്‌തെങ്കിലും അന്വേഷണം അനന്തമായി നീളുകയാണ്.
കുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചെത്തിയാല്‍ സ്വീകരിക്കാമെന്ന് രേഷ്മയ്ക്ക് വാക്കുനല്‍കിയ ഫേസ്ബുക്ക് കാമുകനെ കണ്ടെത്താനുള്ള പോലീസിന്റെ ശ്രമം രണ്ട് മരണങ്ങളിലാണ് കലാശിച്ചത്. കുഞ്ഞിനെ പ്രസവിച്ചതും ഉപേക്ഷിച്ചതും രേഷ്മയാണെന്ന് സ്ഥിരീകരിച്ചെങ്കിലും മൊഴിയിലെ കാമുകനെ സംബന്ധിച്ചും ബന്ധുക്കളായ രണ്ട് യുവതികളുടെ ആത്മഹത്യയിലുമാണ് ദുരൂഹത തുടരുന്നത്.
കേസില്‍ നിര്‍ണായക വിവരങ്ങള്‍ പോലീസിന് കൈമാറാന്‍ കഴിയുമായിരുന്ന രേഷ്മയുടെ ബന്ധുവായ ആര്യയും ഗ്രീഷ്മയും മരിച്ചതാണ് പോലീസിനെ ഏറെ കുഴക്കുന്നത്.
ഫേസ്ബുക്കില്‍നിന്നോ സൈബര്‍ വിദഗ്ധരില്‍നിന്നോ ലഭിക്കുന്ന ശാസ്ത്രീയ വിവരങ്ങളോ ആര്യയുടെയോ ഗ്രീഷ്മയുടെയോ വീട്ടുകാരില്‍നിന്നുള്ള സൂചനകളോ മാത്രമാണ് കേസില്‍ ഇനി പോലീസിന്റെ പിടിവള്ളി. രേഷ്മയെ പോലീസിന് വീണ്ടും ചോദ്യം ചെയ്യാമെങ്കിലും അവരുടെ വാക്കുകളെ എത്രമാത്രം വിശ്വസിക്കാനാകുമെന്ന കാര്യത്തില്‍ ആര്‍ക്കും തീര്‍ച്ചയില്ല.