കൊച്ചി- ലക്ഷദ്വീപില്‍ കടല്‍ തീരത്തോട് ചേര്‍ന്നുള്ള വീടുകള്‍ പൊളിച്ചു നീക്കാനുള്ള ദ്വീപ് ഭരണകൂടത്തിന്റെ നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. തീരത്ത് നിന്നും 20 മീറ്റര്‍ ദൂരപരിധിക്കുള്ളിലുള്ള കെട്ടിടങ്ങള്‍ ഒരാഴ്ച്ചയ്ക്കകം പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി കുടുംബങ്ങള്‍ക്കാണ് ലക്ഷദ്വീപ് ഭരണകൂടം നോട്ടീസ് നല്‍കിയിരുന്നത്. കവരത്തി സ്വദേശികളായ ഖാലിദ്, ഉബൈദ് എന്നിവരാണ് ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഇത് അംഗീകരിച്ച കോടതി ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതു വരെ ഹര്‍ജിക്കാരുടെ വീടുകള്‍ പൊളിക്കരുതെന്നും നിര്‍ദേശിച്ചു. രണ്ടാഴ്ച്ചയ്ക്കകം നിലപാട് അറിയിക്കണമെന്നും ദ്വീപ് ഭരണകൂടത്തോട് ഹൈക്കോടതി ആവശ്യപ്പെട്ടു. തങ്ങളുടെ വീടുകള്‍ 1965നു മുമ്പ് നിമിച്ചവ ആയതിനാല്‍ 1965ലെ ഭൂവിനിയോഗ ചട്ടം നിലനില്‍ക്കില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
കവരത്തി, സുഹേലി, ചെറിയം ദ്വീപുകളിലായ 247 കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഒരാഴ്ചയ്ക്കകം പൊളിച്ചു മാറ്റിയില്ലെങ്കില്‍ റെവന്യൂ വകുപ്പ് ഇവ പൊളിച്ചുനീക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.