Sorry, you need to enable JavaScript to visit this website.

എണ്ണവില ഉയരുന്നു; സൗദിയുടെ ബജറ്റ് കമ്മി കുറയും


റിയാദ് - ആഗോള വിപണിയിൽ എണ്ണ വില ഉയരാൻ തുടങ്ങിയത് ബജറ്റ് കമ്മി ഗണ്യമായി കുറയ്ക്കാൻ സൗദി അറേബ്യക്ക് സഹായകമാകും. ബാരലിന് വില 76.21 ഡോളറിലേക്ക് ഉയർന്നിട്ടുണ്ട്. 32 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതിനു മുമ്പ് 2018 ഒക്‌ടോബർ 31 നാണ് (76.92 ഡോളർ) എണ്ണ വില ഇത്രയും ഉയർന്നത്. കഴിഞ്ഞ വർഷാവസാനത്തെ അപേക്ഷിച്ച് ഈ വർഷം എണ്ണ വില 47 ശതമാനം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷാവസാനം ബാരലിന് 51.8 ഡോളറായിരുന്നു വില. 
സൗദി അറേബ്യക്ക് കമ്മിയും മിച്ചവുമില്ലാത്ത സന്തുലിത ബജറ്റ് കൈവരിക്കാൻ ലഭിക്കേണ്ട ശരാശരിയിലേക്ക് എണ്ണ വില ഉയർന്നിട്ടുണ്ട്. സന്തുലിത ബജറ്റ് കൈവരിക്കാൻ വേണ്ട ശരാശരി വില 76.2 ഡോളറാണെന്ന് അന്താരാഷ്ട്ര നാണയനിധി നേരത്തെ വ്യക്തമാക്കിയിരുന്നു. വർഷം മുഴുവൻ ശരാശരി എണ്ണ വില ബാരലിന് 76.2 ഡോളർ തോതിൽ ലഭിക്കുകയാണെങ്കിലാണ് സൗദി ബജറ്റിൽ മിച്ചവും കമ്മിയും ഇല്ലാതാവുക. നിശ്ചിത കാലയളവിൽ മാത്രം ഈ വില ലഭിക്കുന്നതിലൂടെ സന്തുലിത ബജറ്റ് എന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കില്ല. 


ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഈ വർഷത്തെ ശരാശരി എണ്ണ വില ബാരലിന് 65 ഡോളറാണ്. സന്തുലിത ബജറ്റ് ലക്ഷ്യത്തിന് വേണ്ടതിനേക്കാൾ 14.7 ശതമാനം കുറവ്. 990 ബില്യൺ റിയാൽ ചെലവും 849 ബില്യൺ റിയാൽ വരവും 141 ബില്യൺ റിയാൽ കമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് സൗദി അറേബ്യ ഈ വർഷം അംഗീകരിച്ചിരിക്കുന്നത്. ബജറ്റ് തയാറാക്കാൻ അവലംബിച്ച ശരാശരി എണ്ണ വിലയോ ഈ വർഷം പ്രതീക്ഷിക്കുന്ന എണ്ണ വരുമാനമോ സൗദി അറേബ്യ പരസ്യപ്പെടുത്തിയിരുന്നില്ല. 
ഒപെക്കും റഷ്യ അടക്കമുള്ള സ്വതന്ത്ര ഉൽപാദകരും ചേർന്ന് രൂപീകരിച്ച ഒപെക് പ്ലസ് ഗ്രൂപ്പ് എണ്ണയുൽപാദനം കുറക്കാൻ ധാരണയുണ്ടാക്കിയതും, സൗദി അറേബ്യ സ്വന്തം നിലക്ക് പ്രതിദിന ഉൽപാദനത്തിൽ പത്തു ലക്ഷത്തോളം ബാരലിന്റെ കുറവ് വരുത്തിയതും ആഗോള തലത്തിൽ കോവിഡ് വാക്‌സിൻ വിതരണം വേഗത്തിലായതും എണ്ണ വില ഉയരാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു. 


രണ്ടു മാസത്തേക്ക് പ്രതിദിന ഉൽപാദനത്തിൽ 97 ലക്ഷം ബാരലിന്റെ കുറവ് വരുത്താനുള്ള ഒപെക് പ്ലസ് ഗ്രൂപ്പ് തീരുമാനം 2020 മെയ് മുതൽ നടപ്പാക്കാൻ തുടങ്ങിയിരുന്നു. ജൂലൈ മുതൽ കഴിഞ്ഞ വർഷാവസാനം വരെയുള്ള കാലത്ത് പ്രതിദിന ഉൽപാദനത്തിൽ 80 ലക്ഷം ബാരലിന്റെ വീതം കുറവാണ് ഒപെക് പ്ലസ് വരുത്തിയത്. ഈ വർഷാദ്യം മുതൽ ഏപ്രിൽ അവസാനം വരെയുള്ള കാലത്ത് ഉൽപാദനത്തിൽ 60 ലക്ഷം ബാരലിന്റെ കുറവ് വരുത്തി. 
കൊറോണ മഹാമാരിയെ തുടർന്ന് കഴിഞ്ഞ വർഷം ഏപ്രിൽ 22 ന് എണ്ണ വില ബാരലിന് 16 ഡോളറിലേക്ക് കൂപ്പുകുത്തിയിരുന്നു. ഇതിനെ അപേക്ഷിച്ച് വില 337 ശതമാനം തോതിൽ ഇപ്പോൾ വർധിച്ചിട്ടുണ്ട്. പ്രതിദിന ഉൽപാദനത്തിൽ 15 ലക്ഷം ബാരലിന്റെ വീതം അധിക കുറവ് വരുത്താനുള്ള ഒപെക് പ്ലസ് ഗ്രൂപ്പ് ധാരണ റഷ്യയുടെ നിസ്സഹകരണം മൂലം പരാജയപ്പെട്ടതും കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ എണ്ണ വിലയിടിവിനിടയാക്കി. റഷ്യ നിസ്സഹകരിച്ചതോടെ വ്യാപാര യുദ്ധതന്ത്രമെന്നോണം സൗദി അറേബ്യ പ്രതിദിന ഉൽപാദനം സർവകാല റെക്കോർഡ് തലത്തിലേക്ക് ഉയർത്തി. പ്രതിദിന ഉൽപാദനം 12.3 ദശലക്ഷം ബാരലും കയറ്റുമതി ഒരു കോടിയിലേറെ ബാരലുമായാണ് സൗദി അറേബ്യ ഉയർത്തിയത്. ഇതോടൊപ്പം യു.എ.ഇയും ഉൽപാദനം വൻതോതിൽ ഉയർത്തി. 


ചരിത്രത്തിൽലാദ്യമായി 2020 ഏപ്രിൽ 20 ന് ന്യൂയോർക്ക് വിപണിയിൽ എണ്ണ വില പൂജ്യത്തിനും താഴേക്ക് ഇടിഞ്ഞു. തങ്ങളുടെ പക്കലുള്ള ക്രൂഡ് ഓയിൽ ശേഖരം ഒഴിവാക്കുന്നതിന് പണം നൽകാൻ നിക്ഷേപകർ നിർബന്ധിതരായി. നേരത്തെ ഒപ്പുവെച്ച കരാർ പ്രകാരമുള്ള എണ്ണ സ്വീകരിക്കാൻ സംഭരണികൾക്ക് ശേഷിയില്ലാതായതോടെയാണ് ഇത്തരമൊരു അസാധാരണ സാഹചര്യം ന്യൂയോർക്ക് വിപണിയിൽ പ്രത്യക്ഷപ്പെട്ടത്. 

 

Latest News