Sorry, you need to enable JavaScript to visit this website.

ഡെലിവറി ആപ്പുകളിൽ  സൗദിവൽക്കരണത്തിന് കാമ്പയിൻ

റിയാദ് - ഡെലിവറി ആപ്പുകളിൽ സൗദിവൽക്കരണം നടപ്പാക്കാനുള്ള കാമ്പയിന് കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (സി.ഐ.ടി.സി) തുടക്കമിട്ടു. കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവുമായും സാമൂഹിക വികസന ബാങ്കുമായും മാനവശേഷി വികസന നിധിയുമായും ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റിയുമായും സി.ഐ.ടി.സിയിൽ രജിസ്റ്റർ ചെയ്ത ഡെലിവറി ആപ്പുകളുമായും സഹകരിച്ചാണ് കാമ്പയിൻ ഇന്നലെ ആരംഭിച്ചത്. 


ഡെലിവറി ആപ്പ് വിപണിയിൽ ചേരാൻ സൗദി പൗരന്മാരെ പ്രോത്സാഹിപ്പിക്കാനും, ഡെലിവറി സേവനത്തിനുള്ള വർധിച്ച ആവശ്യം പ്രയോജനപ്പെടുത്താനും വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കാനും സ്വദേശികൾക്കു മുന്നിൽ അവസരമൊരുക്കാനാണ് കാമ്പയിനിലൂടെ സി.ഐ.ടി.സി ലക്ഷ്യമിടുന്നത്. ഡെലിവറി ആപ്പ് സേവനം നവീകരിക്കാൻ നടത്തുന്ന സമഗ്ര ശ്രമങ്ങളുടെ ഭാഗമായും ഓൺലൈൻ ആപ്പ് സേവനം വ്യവസ്ഥാപിതമാക്കുന്നതിൽ സി.ഐ.ടി.സി പിന്തുടരുന്ന പങ്കാളിത്ത സമ്പദ്‌വ്യവസ്ഥ എന്ന ആശയം പ്രയോജനപ്പെടുത്താൻ സൗദി യുവാക്കൾക്ക് പിന്തുണയും പ്രോത്സാഹനവുമായുമാണ് ഈ കാമ്പയിൻ എന്ന് കമ്മീഷൻ വ്യക്തമാക്കി. 


ഈ വർഷം ആദ്യ പാദത്തിൽ സൗദിയിൽ 2.8 കോടിയിലേറെ ഓർഡറുകൾ ഓൺലൈൻ ഡെലിവറി ആപ്പുകൾ വിതരണം ചെയ്തതായി കണക്കുകൾ സൂചിപ്പിക്കുന്നു. 
താൽപര്യമുള്ള സ്വദേശികൾക്ക് സി.ഐ.ടി.സിയിൽ രജിസ്റ്റർ ചെയ്ത ആപ്പുകളിൽ ചേരാവുന്നതാണ്. സി.ഐ.ടി.സി അംഗീകാരമുള്ള ഡെലിവറി ആപ്പുകളുടെ പട്ടിക കമ്മീഷൻ വെബ്‌സൈറ്റിൽ ലഭ്യമാണ്. വിപണനം നടത്താനും ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാനും സി.ഐ.ടി.സിയിൽ രജിസ്റ്റർ ചെയ്ത ഓൺലൈൻ ഡെലിവറി ആപ്പുകളുടെ സേവനങ്ങൾ എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. 
 

Latest News