കേരളത്തിന്റെ വനരോദനം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. നാളെയോ മറ്റന്നാളോ നിലയ്ക്കുന്നതുമല്ല. നേരമ്പോക്കു പോലെ പറഞ്ഞാൽ, വനം ഇല്ലാതെയാലേ വനരോദനം ഇല്ലാതാവുകയുള്ളൂ. പുതിയ മരംമുറിയുടെ പശ്ചാത്തലത്തിൽ ഇത്രയും ഉപക്രമമായി പറഞ്ഞുവെന്നു മാത്രം.
മരം മുറിയെയും വനരോദനത്തെയും പറ്റി പറയുമ്പോൾ ഒരു കളവിന്റെ കാര്യം ഓർമ വരുന്നു, ഒരു കൈയേറ്റത്തിന്റെ കാര്യം ഓർമ വരുന്നു, ഓപ്പോൾ എന്ന കഥ ഓർമ വരുന്നു, ബാലൻ കെ. നായരുടെ അഭിനയം ഓർമ വരുന്നു. അമ്മയെ ഓപ്പോൾ എന്നു വിളിച്ചുശീലിച്ച ഒരു കുട്ടിയുടെ വേദനയാണോ, അമ്മയുടെ ദുർവിധിയാണോ ആ ധർമസങ്കടം തിരിച്ചറിയുന്ന പഴയ പട്ടാളക്കാരന്റെ ഉള്ളുറപ്പാണോ എന്താണ് ആ കഥയിലെ കരൾ എന്ന് ആലോചിച്ചു നോക്കുക.
പട്ടാളത്തിൽനിന്നു പിരിഞ്ഞുപോരുമ്പോൾ കാട്ടിൽ ഒരേക്കർ ഭൂമി പതിച്ചുകിട്ടിയ ആളുടെ അധ്വാനം അതിലെങ്ങും നിഴലിച്ചുകാണാം. മെരുങ്ങാതെ മുനിഞ്ഞു നിൽക്കുന്ന കുന്നിൻ പുറത്തെ വെട്ടിയൊതുക്കുകയാണ് ആ കഥാപാത്രം. സർക്കാരിന്റെ ആലോചനയോടെയും അംഗീകാരത്തോടെയും നടന്നിരുന്ന കൈയേറ്റമായിരുന്നു ആ അധ്വാനം. പിരിഞ്ഞുപോരുന്ന പട്ടാളക്കാർക്ക് ഉപജീവനത്തിനുള്ള വഴിയും എന്നും പഞ്ഞം അനുഭവപ്പെട്ടിരുന്ന നാട്ടിൽ കൂടുതൽ ധാന്യം വിളയിക്കാനുള്ള പരിപാടിയുമായിരുന്നു ആ അധ്വാനം. എല്ലു മുറിയെ പണിയാൻ തയാറായിട്ടുള്ള ആളുകൾക്ക് നിലനിൽപിന്റെ വാതിൽ തുറന്ന ആ പരിപാടി പിന്നീട് മറയില്ലാത്ത കൈയേറ്റം എന്നറിയപ്പെട്ടു.
മറ്റുള്ളവരെ ഊട്ടാനോ പരിസ്ഥിതിക്ക് പാര വെക്കാനോ ഇറങ്ങിത്തിരിച്ചവരായിരുന്നില്ല കാഞ്ഞിരപ്പള്ളിയിൽനിന്നും കടുത്തുരുത്തിയിൽനിന്നുമൊക്കെ കുന്നിൻ ചരിവുകളിൽ എത്തിയ നിസ്വരായ മനുഷ്യർ. ചിലർക്ക് ഒന്നുമില്ലായ്മയിൽനിന്ന് എന്തെങ്കിലുമൊക്കെ ആകണമായിരുന്നു. മറ്റു ചിലർക്ക് കുറഞ്ഞ വിലയ്ക്ക് കുറെ ഭൂമി വാങ്ങണമായിരുന്നു. അവർ ഒരേ സമയം ഭൂമി കന്യയെ വേൾക്കുകയും വന്യതയെ പൊരുതി മയക്കുകയുമായിരുന്നു. അനുവദിച്ചുകിട്ടിയ കുന്നിൻ ചരിവിന്റെ അതിർത്തി അവരിൽ ചിലർ തള്ളി മാറ്റി. അവർ പിന്നീട് വലിയ തോട്ടമുടമകളുടെ പിന്മുറക്കാരായി. സ്വന്തം മാംസപേശികളുടെ സമർപ്പണത്തിലൂടെ നിശ്ചയദാർഢ്യം തെളിയിച്ച പലരും രോഗത്തിനും അപായത്തിനും അടിപ്പെട്ടു. അവരുടെ ദൈന്യം വിഷകന്യക എന്ന ആഖ്യായികയിൽ എസ്. കെ പൊറ്റെക്കാട് നേരത്തേ വരച്ചു വെച്ചിരുന്നു.
കൂടുതൽ ധാന്യം വിളയിക്കാൻ വേണ്ടി കാടകങ്ങളിൽ സാഹസികരായ കർഷകരെ കുടിയിരുത്തുന്ന പരിപാടിക്കിടെ കുറെ കേമന്മാരും അതിലുമെത്രയോ ഏറെ കുറിയ മനുഷ്യരും തുടങ്ങിവെച്ചതായിരുന്നു കൈയേറ്റത്തിന്റെ ചരിത്രം. വില കൊടുത്തു വാങ്ങിയതിന്റെയും അനുവദിച്ചു കിട്ടിയതിന്റെയും തൊട്ടടുത്തു കിടക്കുന്ന സ്ഥലവും അവർ വെട്ടിപ്പിടിച്ചു. പിന്മുറക്കാർ സ്വന്തമാക്കിയ സ്ഥലത്തിനു പട്ടയം തരപ്പെടുത്താൻ അവർക്കു വേണ്ടി പല നിറത്തിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ രൂപം കൊണ്ടു.
അന്നൊന്നും പരിസ്ഥിതി ഒരു മുദ്രാവാക്യമായിരുന്നില്ല. കൂടുതൽ ഭക്ഷണവും കൂടുതൽ പേർക്ക് ഉപജീവനവും ഉണ്ടാക്കുകയായിരുന്നു അന്നത്തെ ലക്ഷ്യം. അതിനുവേണ്ടി കൈയൂക്കും കൈയേറ്റവുമായി കേരളം മുന്നേറുമ്പോൾ കറുത്തിരുണ്ട കാട് വെളുക്കുകയായിരുന്നു. ശ്യാമായമാനാനി വനാനി പശ്യൻ എന്ന കാളിദാസ വചനം ഓർമിപ്പിക്കുന്ന ശ്യാമവനത്തിന്റെ രൂപം പതുക്കെപ്പതുക്കെ നഗ്നവും ധൂസരവുമായി. വേലയെടുത്തു ജീവിക്കാൻ വന്നവരെ വിലയ്‌ക്കെടുക്കുന്ന വേട്ടക്കാരെത്തി. വ്യാപകമായി നടന്ന അവരുടെ വേട്ടയിൽ ഇടിയാതെ ഉറച്ചുനിന്നതിൽ ഒന്നുമുണ്ടായിരുന്നില്ല. സൗകര്യം പോലെ രാഷ്ട്രീയക്കാർ ഉന്നയിച്ചുപോകുന്ന ശബരിമല തീപ്പിടിത്തം ആ വേട്ടയുടെ ചൊല്ലിയാട്ടമായിരുന്നു.
കേരളത്തെ ഏറ്റവും വലിയ നിയമ വ്യവഹാരത്തിൽ ആഴ്ത്തിയതാണ് വനവിവാദം. പല കാരണം പറഞ്ഞ് പല തലത്തിലുള്ള ആളുകൾ വെളുപ്പിക്കുകയും വെട്ടിയെടുക്കുകയും ചെയ്ത കാടിന്റെ ഉടമാവകാശത്തെച്ചൊല്ലിയുള്ള തർക്കമായിരുന്നു ആ വ്യവഹാരത്തിന്റെ പ്രമേയം. കേരളത്തിന്റെ ഭൂവിസ്തൃതിയിൽ മൂന്നിൽ രണ്ടു ഭാഗവും വനമായിരുന്നു പോലും ഒരു നൂറ്റാണ്ടു മുമ്പ്. ഭൂതാവിഷ്ടരെപ്പോലെ കാടു കയറിയ മാഫിയയുടേ വ്രതവിശുദ്ധിയോടെയുള്ള പ്രവർത്തനം വഴി പത്തമ്പതു കൊല്ലം കൊണ്ട് ആ വനവിസ്തൃതി പത്തു ശതമാനമായി ചുരുങ്ങി.
മലബാറിലെ കാടുകളിൽ അധികവും ഒരു കുടുംബത്തിന്റേതായിരുന്നു, ചരിത്രത്തിന്റെ പക്ഷപാതിത്വം കൊണ്ടോ അധികാരക്കളി കൊണ്ടോ. പടരുന്ന ഏതോ മാന്ത്രിക പ്രസരം പോലെ, ആ കുടുംബം അല്ലെങ്കിൽ വ്യക്തി, മൂപ്പിലമ്മ, വിളയാടി, അധികാരമാളി. മൂപ്പിലമ്മ എങ്ങനെ ഈ കാടിന്റെ മുഴുവൻ ഉടമയായി, അതിലേറെയും വെട്ടിവിൽക്കാൻ ഉത്തരവായി എന്ന അന്വേഷണം രസകരമായിരിക്കും. ഭൂപരിഷ്‌കരണം പോലെ കേരളത്തിലെ പ്രധാനപ്പെട്ട ഒരു നിയമ നടപടിയായിരുന്നു മൂപ്പിലമ്മയുടെ അധീനതയിലെ സ്വകാര്യ വനം ദേശസാൽക്കരിച്ചത്. അച്യുതമേനോൻ മുഖ്യമന്ത്രിയായിരിക്കേ ഉദ്യമിച്ച ആ നിയമ നിർമാണം സർക്കാരിന്റെ ധനഭരണ സാമഗ്രികളെ പിടിച്ചു കുലുക്കി. ദേശസാൽക്കരണം തടയാനോ നിഷ്ഫലമാക്കാനോ നിയമത്തിലെ കുരുക്കുകളും കൊളുത്തുകളും ഉപയോഗിച്ച് മൂപ്പിലമ്മയുടെ വാദികൾ കോടതി കയറിയിറങ്ങി.
അവസാനിക്കാതെ പോയിരുന്ന വ്യവഹാരം വാദിക്കാൻ സർക്കാർ സുന്ദരനും പ്രശസ്തനുമായ ഒരു കമ്യൂണിസ്റ്റുകാരനെ ചുമതലപ്പെടുത്തി. ടി.സി.എൻ മേനോൻ. വിപ്ലവത്തിന്റെയും വിജയത്തിന്റെയും പ്രതീക്ഷ തെളിച്ച അഡീഷണൽ അഡ്വക്കറ്റ് ജനറൽ. പക്ഷേ കേസായ കേസെല്ലാം മൂപ്പിലമ്മ ജയിക്കുകയായിരുന്നു. സർക്കാർ അന്തം വിട്ടുനിന്നു. എങ്ങനെ സർക്കാർ ഇത്ര വ്യാപകമായ പരാജയം ഏറ്റുവാങ്ങി എന്ന് അന്വേഷിക്കാൻ ഒരു സംവിധാനം വേണമെന്ന് ആരും ആവശ്യപ്പെട്ടില്ല. സർക്കാരുകൾ മാറി വന്നിട്ടും ഋതുഭേദങ്ങൾ കടന്നുപോയിട്ടും കാടുകേസുകളും ടി.സി.എൻ മേനോനും ആമ്പലും വെള്ളവും പോലെ ഒട്ടിനിന്നുവെന്നും മറ്റും മുനവെച്ച വിലാപങ്ങൾ ഉയരാൻ പിന്നെയും കാലമെടുത്തു. കേസ് ജയിച്ചാലും തോറ്റാലും അതിന്റെ പരിസമാപ്തിയിൽ എണ്ണം പറഞ്ഞ മരംമുറി നടന്നു കഴിഞ്ഞിരുന്നു.
കാടു വെട്ടി നാടു വാഴാനുള്ള വ്യഗ്രതയായിരുന്നു മൂപ്പിലമ്മയുടെ വ്യക്തിപ്രഭാവമെങ്കിൽ നിസ്വരും ചെറുകിടക്കാരുമായ കർഷകർ വെട്ടിപ്പിടിച്ചതും വലുതാക്കിയതുമായ വനഭൂമിക്ക് പട്ടയം വാങ്ങിക്കൊടുക്കാനായിരുന്നു വേറൊരു കൂട്ടരുടെ തത്രപ്പാട്. നിയമസഭയ്ക്കകത്തും പുറത്തും ഏറെക്കാലം അതായിരുന്നു കോലാഹലം. ഭരണ സ്ഥിരതയെ സ്വാധീനിച്ചിരുന്ന ആ ബഹളം ഒടുവിൽ ഒരു ഉടമ്പടിയോടെ ശമിച്ചു: 1977 ജനുവരി ഒന്നു വരെ കൈവശം വെച്ചിരുന്ന ഭൂമിക്ക് പട്ടയം നൽകും. രാഷ്ട്രീയവും ഭരണപരവുമായ കാരണങ്ങളാൽ ആ ഉടമ്പടി അതേ പോലെ എല്ലായിടത്തും നടന്നില്ല. കൈവശമുള്ള വനഭൂമിയുടെ വിസ്തീർണം കൂടിക്കൊണ്ടു പോവുകയും ചെയ്തു.
അതിനിടെ കൈയേറ്റം ഒരു സപര്യ പോലെ തുടർന്നു. ചെറുതോ വലുതോ ആയ കൈയേറ്റത്തിന്റെ കഥകൾ അപ്പപ്പോഴായി നുരഞ്ഞുപൊന്തി. കാട്ടുകള്ളന്മാരെ അടയാളപ്പെടുത്തുന്ന പ്രസ്താവങ്ങൾ പത്രങ്ങൾക്ക് അലങ്കാരമായി. മരം മുറിച്ചാൽ മഴ പെയ്യില്ല എന്ന വാദത്തിന് തടയിടാൻ പ്രതിഭാശാലിയായ ഒരാൾ ചോദിച്ചു: അറബിക്കടലിൽ വെള്ളം ഉണ്ടല്ലോ, മഴ പെയ്താലും പെയ്തില്ലെങ്കിലും. നിത്യഹരിത വനമായ സൈലന്റ് വാലിയിൽ സിംഹവാലൻ കുരങ്ങന്മാരെ നിലനിർത്താൻ വേണ്ടി വമ്പിച്ച വികസന പദ്ധതികൾ ഒഴിവാക്കാൻ കഴിയില്ലെന്നായി ചിലരുടെ വാദം. പ്രധാനമന്ത്രിയുടെ കടുംപിടിത്തം കൊണ്ടു മാത്രം രക്ഷപ്പെട്ടതാണ് സൈലന്റ് വാലി. അതിരപ്പിള്ളിയിൽ അണ കെട്ടിയേ അടങ്ങൂ എന്ന പിടിവാശി വിടാൻ ഇപ്പോഴും വികസന വീരന്മാർ തയാറായിട്ടില്ല.
വനരോദനപർവം തുടരുന്ന മുറക്ക് അന്വേഷണവും തകൃതിയായി നടക്കുന്നു. ഇപ്പോഴത്തെ മരംമുറി മണത്തു മനസ്സിലാക്കാൻ അഞ്ചു സംഘങ്ങളെ ചുമതലപ്പെടുത്തിയിരിക്കുന്നു. ബൃഹത്തായ മറ്റൊരു അന്വേഷണത്തിന്റെ ഗതി ഓർക്കട്ടെ. കക്കി ജലസംഭരണിയിലെ തടി എടുത്തുമാറ്റാൻ കരാർ വിളിച്ചു. പൊക്കിയെടുക്കുന്ന ഒരോ ഘനമീറ്റർ തടിക്കും കരാറുകാരൻ പതിനഞ്ചു രൂപ സർക്കാരിനു കൊടുക്കണം എന്നതായിരുന്നു വ്യവസ്ഥ. കാന്തലോട്ട് കുഞ്ഞമ്പുവും പി.എസ്. ശ്രീനിവാസനും കെ.ജി. അടിയോടിയും ആര്യാടൻ മുഹമ്മദും ഉമ്മൻ ചാണ്ടിയും വനമന്ത്രിമാരായിരിക്കേ നിലയ്ക്കാതെ നീങ്ങിയ ആ കാട്ടുകരാർ പാവപ്പെട്ട ഒരു തടിക്കച്ചവടക്കാരനെ പണക്കാരനാക്കി. പല പാർട്ടികളുടെയും ധനപ്രഭാവം ആ കരാറുകാരനായി.
പതിനഞ്ചു രൂപ സർക്കാരിനു കൊടുത്തു വാങ്ങിയ ഒരു ഘനമീറ്റർ ആയിരം രൂപക്ക് കോഴിക്കോട്ടെ ഡിപ്പോയിൽനിന്ന് അന്വേഷക സംഘം പിടിച്ചെടുത്തു. അന്വേഷണം ഒഴിവാക്കാൻ ഏറ്റവും നല്ല വഴി അന്വേഷണം തന്നെയായിരുന്നു. അങ്ങനെ പെൻഷൻ പ്രായമെത്തിയ ഒരു ന്യായാധിപനെ കമ്മീഷനായി ചുമതലപ്പെടുത്തി. സർക്കാരിനു കിട്ടേണ്ടതൊക്കെ കിട്ടി. ഒഴിവാക്കാവുന്ന നഷ്ടമൊന്നും വന്നിട്ടില്ല. കരാറുകാരൻ കുറെ പണം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് അയാളുടെ ബിസിനസ് മിടുക്ക് എന്നു സ്ഥാപിക്കുന്ന ഒരു റിപ്പോർട്ടോടെ ആ വനപർവവും അവസാനിച്ചു.
പക്ഷേ വനപർവം അവസാനിക്കുന്നില്ല. വെട്ടിയെടുക്കാനും കൈയേറാനും ഇനിയും വനഭൂമി കിടക്കുന്നു. അതുകൂടി ആരുടെയെങ്കിലും വരുതിയിൽ വരും വരെ വനരോദനം നമ്മെ അസ്വസ്ഥരാക്കും.