ജൂൺ 30 ന് എൻഡോസൾഫാൻ ഇരകൾ അവകാശ ദിനമാചരിക്കുന്നു
പതിറ്റാണ്ടുകൾക്കു മുമ്പ് ആകാശത്ത് യന്ത്രപ്പക്ഷി വട്ടമിട്ടു പറന്നപ്പോൾ അതവിടെ വിതക്കുന്നത് ഭാവിയിൽ തങ്ങളുടെ ദുരിതങ്ങളാണെന്ന് കാസർകോട്ടെ ആ പാവം മനുഷ്യർ കരുതിയില്ല. ആ ദുരന്തങ്ങളും പേറി ഇന്നും നൂറുകണക്കിനു പേർ ജീവിതം തള്ളിനീക്കുകയാണ്. നീതിക്കായി എത്രയോ പോരാട്ടങ്ങളും രോദനങ്ങളും അവർ നടത്തി. തിരിച്ചു കിട്ടിയത് വാഗ്ദാനങ്ങൾ മാത്രം, നടപടികളല്ല. തലമുറകളിലൂടെ നീളുന്ന ദുരന്തത്തിനു ശാശ്വത പരിഹാരത്തിനായി, അവർ, കാസർകോട്ടെ എൻഡോസൾഫാൻ ഇരകൾ വീണ്ടും തെരുവിലിറങ്ങുകയാണ്. ജൂൺ 30 ന് അവകാക ദിനമായി അവർ പ്രഖ്യാപിച്ചിരിക്കുന്നു. ജനിച്ച മണ്ണിൽ മനുഷ്യരായി, അന്തസ്സായി ജീവിക്കാൻ തങ്ങൾക്കും അവകാശമുണ്ടെന്ന പ്രഖ്യാപനം. തങ്ങളുടെ ശബ്ദം ഒരിക്കൽ കൂടി അധികാരികളിലെത്തിക്കാൻ അവരന്ന് ഒരിക്കൽ കൂടി വടക്കുനിന്ന് അധികാരികൾ വാഴുന്ന തെക്കോട്ട്, തിരുവനന്തപുരത്തേക്കെത്തുന്നു, തനിക്ക് ശേഷം കുഞ്ഞുങ്ങൾക്ക് ആര് എന്ന ചോദ്യത്തിനുള്ള ഉത്തരം തേടി.
മതിയായ ചികിത്സ നൽകുക, മുഖ്യമന്ത്രി നൽകിയ ഉറപ്പുകൾ പാലിക്കുക, സുപ്രീം കോടതി വിധി നടപ്പാക്കുക എന്നീ ആവശ്യങ്ങളാണ് അവകാശ ദിനത്തിന്റെ ഭാഗമായി എൻഡോസൾഫാൻ ഇരകൾ ഉന്നയിക്കുന്നത്. സപ്തഭാഷാ സംഗമ ഭൂമിയായ തങ്ങളുടെ നാടിനെ വിഷത്തിൽ മുക്കിയതിന്റെ ഉത്തരവാദിത്തം മാറി മാറി വന്ന മുഴുവൻ സർക്കാരുകളുടേതാണെന്ന് അവർ പ്രഖ്യാപിക്കുന്നു. തങ്ങളുടെതല്ലാത്ത കുറ്റം കൊണ്ടല്ല ജീവിതം നഷ്ടപ്പെട്ടത് എന്നിരിക്കലും ചികിത്സാ സൗകര്യം പോലും ഒരുക്കാൻ അധികാരികൾ തയാറാകുന്നില്ല എന്നതിലാണ് ഇവർക്ക് ഏറ്റവും വേദന.
പതിറ്റാണ്ടുകളായി എത്രയോ പോരാട്ടങ്ങൾ. എത്രയോ വാഗ്ദാനങ്ങൾ, വാഗ്ദാന ലംഘനങ്ങൾ. അതിലൊടുവിലത്തേതാണ് സെക്രട്ടറിയേറ്റിനു മുന്നിലെ സമരത്തെ തുടർന്ന് 2019 ഫെബ്രുവരി 3 ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നൽകിയത്. മുഖ്യമന്ത്രിയുമായി ഉണ്ടാക്കിയ ഉറപ്പുകൾ ആ ഒത്തുതീർപ്പുകൾ പാലിക്കണമെന്നതാണ് ഈ അവകാശ ദിനത്തിൽ ഇവരുന്നയിക്കുന്ന പ്രധാന ആവശ്യം.
2017 ൽ നടത്തിയ ക്യാമ്പിൽ നിന്നും തെരഞ്ഞെടുത്ത 1905 ൽ ബാക്കി വന്ന 1031 പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തുക, 2011 ൽ നടത്തിയ ക്യാമ്പിൽ നിന്നും കണ്ടെത്തി സർക്കാർ ഉത്തരവിറക്കിയ 1318 പേരിൽ 610 ദുരിത ബാധിതരെ തിരിച്ചെടുക്കാനുള്ള തീരുമാനം നടപ്പാക്കുക, ദുരിത ബാധിതരെ കണ്ടെത്തുന്നതിനായി മാറ്റി വെച്ച പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുക, 2017 ലെ സുപ്രീം കോടതി വിധിയനുസരിച്ച് പട്ടികയിലുള്ള 6727 പേർക്കും 5 ലക്ഷം രൂപ വീതം നൽകുക, പ്രായോഗികവും ശാസ്ത്രീയവുമായ പുനരധിവാസം നടപ്പാക്കുക. ദുരിതബാധിത കുടുംബത്തെ സർക്കാർ ഏറ്റെടുക്കുക, മുഴുവൻ ദുരിത ബാധിതരുടെയും കടങ്ങൾ എഴുതിത്തള്ളുക, 2013 ലെ സർക്കാർ ഉത്തരവനുസരിച്ച് റേഷൻ സംവിധാനം പുനഃസ്ഥാപിച്ച് സൗജന്യ റേഷനും ബിപിഎൽ ആനുകൂല്യങ്ങളും അനുവദിക്കുക, പെൻഷൻ തുക അയ്യായിരമായി വർധിപ്പിക്കുക, നഷ്ടപരിഹാരത്തിനും കുറ്റവാളികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരുന്നതിനുമാവശ്യമായ ട്രിബ്യൂണൽ സ്ഥാപിക്കുക, നിയമസഭാ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ യോഗ്യത അനുസരിച്ച് ജോലി നൽകുക, പി.സി.കെയുടെ ഗോഡൗണുകളിലുള്ള എൻഡോസൾഫാൻ നിർവീര്യമാക്കുക, നെഞ്ചംപറമ്പിലെ കിണറിലിട്ട എൻഡോസൾഫാൻ തിരിച്ചെടുത്ത് പരിശോധിക്കുക എന്നിങ്ങനെ പോകുന്നു ഇവരുടെ ആവശ്യങ്ങൾ.
എൻഡോസൾഫാൻ പച്ച വെള്ളം പോലെ കുടിക്കാമെന്നു പറഞ്ഞ കൃഷിശാസ്ത്രജ്ഞനായ ജില്ലാ ഭരണാധികാരി സർക്കാരിന് നൽകിയ അന്വേഷണ റിപ്പോർട്ട് അംഗീകരിക്കുകയാണെങ്കിൽ പുനരധിവാസ പദ്ധതി തന്നെ നിർത്തിവെക്കേണ്ടിവരും. പട്ടികയിൽ പെട്ട 6727 പേരെയും വിദഗ്ധ ഡോക്ടർമാർ വീണ്ടും പരിശോധിക്കണമെന്നതാണ് അദ്ദേഹത്തിന്റെ വിദഗ്‌ധോപദേശം. സർക്കാരിന്റെ നയപരമായ തീരുമാനങ്ങളെയും സുപ്രീം കോടതിയുടെ പ്രഖ്യാപനങ്ങളെയും തള്ളിക്കളയുന്ന കലക്ടർക്കെതിരെ ഒരു നടപടിയും ഉണ്ടാകാത്തതിലും നാട്ടുകാർ പ്രതിഷേധത്തിലാണ്.
സംസ്ഥാന സർക്കാരിന്റെ കണക്കു പ്രകാരം പട്ടികയിലുള്ള എൻഡോസൾഫാൻ ദുരിതബാധിതരുടെ എണ്ണം 5848 ആണ്. ഇവർക്കെല്ലാം അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി വിധിയുണ്ട്. 2017 ഏപ്രിൽ മാസത്തിനകം തന്നെ ഈ തുകകൾ കൊടുത്തുതീർക്കണമെന്ന നിർദേശവും സുപ്രീം കോടതി നൽകിയിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും സുപ്രീം കോടതി വിധി നടപ്പിലായില്ല. ഇരകളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത് 5848 പേരാണെങ്കിലും സർക്കാരിന്റെ എന്തെങ്കിലും ആനുകൂല്യങ്ങൾ ഇതുവരെയായും 2665 പേർക്ക് മാത്രമേ ലഭിച്ചിട്ടുള്ളൂ. പട്ടികയിൽ ഉൾപ്പെട്ടവരേക്കാളും കൂടുതൽ പുറത്തുണ്ടെന്നർത്ഥം. പ്ലാന്റേഷൻ കോർപറേഷൻ സ്ഥിതി ചെയ്യുന്ന 11 പഞ്ചായത്തുകളിലെ രോഗികളെ മാത്രം പരിഗണിച്ചാൽ മതിയെന്ന സർക്കാർ മാനദണ്ഡം കൊണ്ട് ലിസ്റ്റിൽ ഉൾപ്പെടാൻ കഴിയാതെ പോയ ആയിരക്കണക്കിന് രോഗികൾ ഇപ്പോഴും 27 പഞ്ചായത്തുകളിലായുണ്ട്. പ്ലാന്റേഷൻ കോർപറേഷൻ കശുമാവിൻ തോട്ടം നിലനിൽക്കുന്ന 11 പഞ്ചായത്തുകളിലാണ് എൻഡോസൾഫാൻ തളിച്ചതെങ്കിലും ജലത്തിലൂടെയും വായുവിലൂടെയും 40 കിലോമീറ്റർ വരെ വ്യാപിക്കാൻ കഴിയുമെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഒരിക്കൽ പട്ടികയിൽ ഉൾപ്പെട്ട് പിന്നീട് ഒഴിവാക്കപ്പെട്ടവരുമുണ്ട്. ഇവർക്ക് വിദഗ്ധ ചികിത്സ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് കാസർകോട് ജില്ലക്ക് നാലു വർഷം മുമ്പ് മെഡിക്കൽ കോളേജ് അനുവദിച്ചത്. കോവിഡ് സാഹചര്യം വന്നതിനാൽ മെഡിക്കൽ കോളേജ് പ്രവർത്തനമാരംഭിച്ചെങ്കിലും എൻഡോസൾഫാൻ ഇരകൾക്ക് ഇപ്പോഴും അതിന്റെ ഗുണം ലഭിച്ചിട്ടില്ല.
കടബാധ്യതയുടെ പേരിൽ ഇരകളെ വേട്ടയാടുന്ന നടപടികളിൽ നിന്നും ബാങ്കുകൾ പിൻമാറുന്നില്ല. ലിസ്റ്റിൽ ഉൾപ്പെട്ടവരെയെല്ലാം ഉപാധികളില്ലാതെ ബിപിഎൽ റേഷൻ കാർഡിൽ ഉൾപ്പെടുത്താമെന്നു പറഞ്ഞതും പാലിച്ചില്ല. സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിലും ഈ വിഭാഗത്തിന് മതിയായ പരിഗണന കിട്ടിയിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് തങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഒരിക്കൽ കൂടി എൻഡോസൾഫാൻ ഇരകൾ ഈ ദുരന്ത കാലത്തും തെരുവിലിറങ്ങുന്നത്. എന്നും അവഗണിക്കപ്പെടുന്ന, എൻഡോസൾഫാൻ കൊണ്ടു മാത്രം വാർത്തകളിൽ ഇടംപിടിക്കുന്ന, കേരളത്തിലെ വടക്കെയറ്റത്തെ ഈ ജില്ലയിലെ പാവം ജനങ്ങൾ നടത്തുന്നത് ജീവന്മരണ പോരാട്ടമാണ്. അതിനാൽ തന്നെ അവരോടൊപ്പം നിൽക്കുകയും നീതിക്കായുള്ള ഈ പോരാട്ടത്തെ കലവറയില്ലാതെ പിന്തുണക്കുകയുമാണ് ഏതൊരു ജനാധിപത്യ വിശ്വാസിയുടെയും കടമ.