Sorry, you need to enable JavaScript to visit this website.

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; തലശ്ശേരിയിലെ വ്യാപാര പ്രമുഖന്‍ അറസ്റ്റില്‍

തലശ്ശേരി-ബന്ധുക്കള്‍ എത്തിച്ചു നല്‍കിയ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ തലശ്ശേരി കുയ്യാലിയിലെ വ്യവസായ പ്രമുഖനെ ധര്‍മ്മടം പോലിസ് അറസ്റ്റ് ചെയ്തു.
തലശ്ശേരിയിലും ഗള്‍ഫിലുമായുള്ള നിരവധി സ്ഥാപനങ്ങളുടെ ഉടമയായ ഷറാറ ഷറഫുദ്ദീനെയാ (69)ണ് ധര്‍മടം പോലിസ് ഇന്‍സ്പക്ടര്‍ അബ്ദുള്‍ കരീമും സംഘവും  ഇന്നലെ ഉച്ചയോടെ വീട്ടിലെത്തി പിടികൂടിയത്.
സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ കുറ്റാരോപിതനായ മുഴപ്പിലങ്ങാട് സ്വദേശിയും ഇപ്പോള്‍ കതിരൂരില്‍ താമസക്കാരനുമായ 38 കാരനെ ഇക്കഴിഞ്ഞ ഞായറാഴ്ച കതിരൂര്‍ സി.ഐ.സിജു അറസ്റ്റ് ചെയ്തിരുന്നു. കതിരൂര്‍ ആറാം മൈലിലെ വീട്ടില്‍ വെച്ച് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് അറസ്റ്റ് നടത്തിയത്. പെണ്‍കുട്ടിയുടെ ഇളയമ്മയുടെ ഭര്‍ത്താവാണിയാള്‍. ഇയാളും ഇളയമ്മയും കൂടിയാണത്രെ പെണ്‍കുട്ടിയെ വ്യാപാരപ്രമുഖന്് കാഴ്ചവെച്ചത്.
നിര്‍ധനയായ പെണ്‍കുട്ടിക്ക് വീട്  വെച്ച് തരാമെന്ന് വാഗ്ദാനം ചെയ്തുവെന്നും പണം നല്‍കിയെന്നും പറയുന്നു. ഇരയായ പെണ്‍കുട്ടിയുടെ മൊഴി മജിസ്‌ടേട്ട് മുന്‍പാകെ രേഖപ്പെടുത്തി. തട്ടിക്കൊണ്ടു പോകല്‍, ലൈംഗിക പീഡനശ്രമം, ലൈംഗിക ചുവയോടെ സമീപിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് നേരത്തെ ഇളയമ്മക്കെതിരെ കതിരൂര്‍ പോലിസ് കേസെടുത്തിരുന്നത്. ഇത് തുടരന്വേഷണത്തിനായി ധര്‍മ്മടം പോലീസിന് കൈമാറുകയായിരുന്നു. ധര്‍മടം പോലിസ് പരിധിയിലാണ് പെണ്‍കുട്ടിയുടെ വീട് . കഴിഞ്ഞ മാര്‍ച്ചിലാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് ഇളയമ്മയും ഭര്‍ത്താവും ഓട്ടോയില്‍  കയറ്റിക്കൊണ്ടുപോയത്. ഇളയമ്മയെ ഡോക്ടറെ കാണിക്കാന്‍ കൂടെ വരണമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കടത്തിക്കൊണ്ടുപോയതെന്ന് പറയുന്നു.  തുടര്‍ന്ന് കുയ്യാലിയിലെ സമ്പന്നന് കൈമാറിയെന്നാണ് കേസ്. ഇയാളുടെ പീഡനശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട് സ്വന്തം വീട്ടിലെത്തിയ പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ബന്ധുവായ യുവാവ് ഇടപെട്ട് കൗണ്‍സിലിംഗിന് വിധേയമാക്കിയതോടെയാണ്  ലൈംഗിക പീഡനം പുറത്തറിയുന്നത്.

 

Latest News