കോഴിക്കോട്- സര്‍വീസില്‍ നിന്നും പിരിയാന്‍ നേരം കേരളത്തിലെ പോലീസ് മേധാവി ബെഹ്‌റക്കുണ്ടായ വെളിപാടുകള്‍ അദ്ദേഹത്തിന്റെ തനിനിറം വെളിവാക്കുന്നതാണെന്ന് ജമാഅത്തെ ഇസ്ലാമി അസി.അമീര്‍ പി.മുജീബ് റഹ് മാന്‍ കുറ്റപ്പെടുത്തി. കേരളത്തെ അപമാനിക്കുന്നതും മുസ്ലിം ന്യൂനപക്ഷത്തെ അവഹേളിക്കുന്നതും ഇടതു സര്‍ക്കാരിന്റെ പോലീസ് നയത്തെക്കുറിച്ച് ഇതുവരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ശരി വെക്കുന്നതും കൂടിയാണ് ബെഹ്‌റയുടെ പ്രസ്താവനയെന്ന് ഫേസ് ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി. സംഘ്പരിവാര്‍ സര്‍ക്കാരില്‍ ശോഭനമായ ഭാവി് സുനിശ്ചിതമാക്കുന്നതിനുള്ള നടപടിയായി ഇതിനെ കാണാമെന്നും അദ്ദേഹം പറഞ്ഞു.
ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം
വംശീയക്കണ്ണട
മാറ്റിവെക്കണം സര്‍ ,
സര്‍വ്വീസില്‍ നിന്നും പിരിയാന്‍ നേരം കേരളത്തിലെ പോലീസ് മേധാവി ബഹ്‌റക്കുണ്ടായ വെളിപാടുകള്‍ അദ്ദേഹത്തിന്റെ തനിനിറം വെളിവാക്കുന്നതും സംഘ്പരിവാര്‍ സര്‍ക്കാരില്‍ ശോഭനമായ ഭാവി തനിക്ക് സുനിശ്ചിതമാക്കുന്നതിനുള്ള നടപടി കൂടിയായിട്ടാണ് കണക്കാക്കപ്പെടുന്നത്.
എന്നാലിത് കേരളത്തെ അപമാനിക്കുന്നതും മുസ്ലിം ന്യൂനപക്ഷത്തെ അവഹേളിക്കുന്നതും ഇടതു സര്‍ക്കാരിന്റെ പോലീസ് നയത്തെക്കുറിച്ച് ഇതുവരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ശരി വെക്കുന്നത് കൂടിയാണ്.
പൊതുവെ മറ്റെല്ലാ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി സമാധാനവും സൗഹൃദവും നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ഉടലില്‍ തല ഉറപ്പുവരുത്തി സ്വൈര്യമായി ജീവിക്കുന്ന ഇടം.അതിനപവാദമുണ്ടെങ്കില്‍ അത് രാഷ്ട്രീയ കൊലപാതകങ്ങള്‍ മാത്രം;അതില്‍ മുഖ്യ പങ്കാളിത്തമുള്ളതാവട്ടെ ഭരണകക്ഷിക്കും.
പിന്നീട് കേരളത്തില്‍ കലാപക്കൊടി ഉയര്‍ത്താറുള്ളത് സംഘ്പരിവാര്‍ ശക്തികളാണ്. ഉത്തരേന്ത്യയില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ കലാപങ്ങള്‍ കത്താതെ പോയതും താമര വിരിയാതിരുന്നതും കേരളത്തില്‍ ഇപ്പോഴും പ്രബുദ്ധമായൊരു സമൂഹം ജീവിക്കുന്നുവെന്നത് കൊണ്ടാണ്.ഇതെല്ലാമാണ് ശരിയെന്നിരിക്കെ
ബെഹ്‌റയുടെ മഞ്ഞക്കണ്ണടയില്‍ കാര്യങ്ങള്‍ നേരെ തിരിച്ചാണ്.മാവോയിസ്റ്റുകളുടെയും മുസ്ലിം തീവ്രവാദികളുടെയും വിഹാരകേന്ദ്രമാണ് കേരളം. തോക്കേന്തിയ മാവോയിസ്റ്റുകളും തീവ്രവാദത്തിലേക്ക് യുവാക്കളെ റിക്രൂട്ട്‌മെന്റ് നടത്തുന്ന മുസ്ലിം യുവാക്കളുമാണദ്ദേഹത്തിന്റെ പ്രശ്‌നം.പക്ഷെ കേരളത്തിന്റെ തെരുവില്‍ തോക്കേന്തി കലാപം നടത്തുന്ന മാവോയിസ്റ്റുകളെ മലയാളികള്‍ ഇതുവരെ കണ്ടിട്ടില്ല.എന്നാല്‍ പോലീസുകാര്‍ കഥമെനഞ്ഞ് വനാന്തരങ്ങളില്‍ ഏകപക്ഷീയമായി വെടിവെച്ച് കൊന്ന നിരവധി മൃതദേഹങ്ങള്‍ കേരളം കണ്ടിട്ടുണ്ട്.
മുസ്ലിം തീവ്രവാദ റിക്രൂട്ട്‌മെന്റ് സംഘത്തെ പോലീസ് കഥകള്‍ക്കപ്പുറം മുസ്ലിം മുഖ്യധാരാ സംഘടനകളിലൊന്നും മലയാളിക്ക് കാണാനാവില്ല.
ഒറ്റപ്പെട്ട സംഭവങ്ങള്‍ ഇല്ലായെന്നല്ല, അതിലുപരി വസ്തുതകളുണ്ടെങ്കില്‍ അത് സര്‍ക്കാരും പോലീസ് മേധാവിയും വ്യക്തമാക്കണം . തീര്‍ത്തും അപവാദപരമായ ഇത്തരം സംഭവങ്ങള്‍ വെച്ച് ഒരു സമുദായത്തിനുമേല്‍ തീവ്രവാദ ചാപ്പ ചാര്‍ത്തുന്ന
ബഹ്‌റയുടെ തിയറി മനസ്സിലാക്കാനാവാത്തത്.
രാജ്യത്താകെ വംശീയ ഭ്രാന്ത് ആളിക്കത്തിക്കുന്ന,
അതിനായി കോടികള്‍ കള്ളപ്പണമൊഴുക്കുന്ന,
കള്ളപ്പണം കവര്‍ന്നതിന്റെ പേരില്‍ തമ്മില്‍തല്ല് നടത്തുന്ന സംഘ്പരിവാര്‍ സംഘം ബഹ്‌റസാറിന് പ്രശ്‌നമല്ല.രാഷ്ടീയ വൈരത്തില്‍ പടച്ചെടുക്കുന്ന ബോംബും വടിവാളും ഉള്‍പ്പെടെയുള്ള ആയുധങ്ങളും അതപഹരിക്കുന്ന മനുഷ്യജീവനുകളും ഡി.ജി.പിക്ക് വിഷയമാകുന്നില്ല.
ബഹുമാന്യനായ ഡി.ജി.പി,
അങ്ങ് പിരിയാന്‍ നേരമെങ്കിലും ഈ വംശീയ കണ്ണട മാറ്റിവെച്ച് മനുഷ്യരെ കാണണം.
മനുഷ്യത്വത്തിന്റെ അകക്കണ്ണോടെ ....... എങ്കില്‍ അങ്ങയുടെ സേന നടത്തിയ പോലീസ് വേട്ടയുടെ ഇരകളുടെ കണ്ണീരങ്ങയ്ക്ക് കാണാം.
ബഹുമാന്യനായ മുഖ്യമന്ത്രി,
ഇനിയുള്ള നിയമനത്തിലെങ്കിലും
പോലീസ് സേനയെ നായാടാന്‍ വിടാതെ
അവരെ നീതിയുടെ കാവലാളാകാന്‍ കഴിയുന്ന മേധാവികളെ അങ്ങ് നിശ്ചയിക്കുക.എങ്കില്‍ കേരള മണ്ണ് സംഘ്പരിവാര്‍ കോര്‍പ്പറേറ്റ് ഭീകര അജണ്ടകളില്‍ നിന്ന് മുക്തി നേടി രാജ്യത്തെ വേറിട്ട സംസ്ഥാനമായി മാറും.
അതല്ല,എല്ലാവര്‍ക്കും അവരവരുടെ നില ഭദ്രമാക്കാനും,സംഘ് സര്‍ക്കാരിനെ ഇഷ്ടപ്പെടുത്താനും സൗകര്യപൂര്‍വം കൊട്ടാനുള്ള ഒരു ചെണ്ടയാണീ സമുദായമെന്ന് ആരെങ്കിലും ധരിക്കുന്നുവെങ്കില്‍ അറിയുക, അധികകാലം ഈ ചെണ്ടകൊട്ടി അധികാരനൈരന്തര്യം നിലനിര്‍ത്താന്‍ ആര്‍ക്കുമാവില്ല.
നല്ല തിരിച്ചറിവുള്ള,വിദ്യാഭ്യാസവും വിശ്വാസവുമുള്ള നവ യുവസമൂഹം ഇവിടെ വളരുന്നുണ്ട്;കാലത്തിന്റെ കാവലാളുകളായും ഇന്നിന്റെ കണക്കെടുപ്പുകാരായും.