മലപ്പുറം- പാലാ എം.എൽ.എ മാണി സി.കാപ്പന്റെ നേതൃത്വത്തിൽ രൂപീകരിച്ച നാഷനലിസ്റ്റ് കോൺഗ്രസ് കേരള (എൻ.സി.കെ) പിളർന്നു. നിയമസഭ തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ കാപ്പന്റെ രാഷ്ട്രീയ നിലപാടുകളോടു വിയോജിച്ച് സംസ്ഥാന വർക്കിംഗ് പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കമുള്ളവർ പാർട്ടി വിട്ടു.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബാബു കാർത്തികേയൻ, വൈസ് പ്രസിഡന്റ് പി.ഗോപിനാഥ്, സെക്രട്ടറി എ.കെ.ജി. ദേവദാസ്, നാഷനലിസ്റ്റ് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ കൊച്ചു ദേവസി തുടങ്ങിയവരാണ് പാർട്ടി വിടുന്നതായി അറിയിച്ചത്.
തിരഞ്ഞെടുപ്പിനു ശേഷം മാണി സി.കാപ്പൻ മുംബൈയിലെത്തി എൻ.സി.പി നേതാക്കളെ കണ്ടതും യു.ഡി.എഫിനെതിരെ പ്രസ്താവന ഇറക്കിയതുമെല്ലാം പാർട്ടിയുമായി ആലോചിക്കാതെയാണെന്നും ഇവർ ആരോപിച്ചു.