തൊടുപുഴ- കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫിന് ഇന്ന് എണ്‍പതാം പിറന്നാള്‍. വയറ്റാട്ടില്‍ ജോസഫിന്റെയും അന്നമ്മയുടെയും മകനായി ജനിച്ച പി.ജെ ജോസഫ് ഈ നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ ജനപ്രതിനിധി കൂടിയാണ്.
1941 ജൂണ്‍ 28-ന് ജനിച്ച പി.ജെ ജോസഫ് മധ്യകേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ നിര്‍ണായകമായ കേരള കോണ്‍ഗ്രസിന്റെ അമരക്കാരന്‍ കൂടിയാണ്. കേരള കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും സീനിയറായ നേതാവ്.
1970 ല്‍ തൊടുപുഴയില്‍ ഇടത് സ്ഥാനാര്‍ഥി യു.കെ. ചാക്കോയെ 1635 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് പി.ജെ ജോസഫിന്റെ തെരഞ്ഞെടുപ്പ് പടയോട്ടം തുടങ്ങിയത്. 2001 ല്‍ ഇടത് മുന്നണി സ്ഥാനാര്‍ഥി ആയിരിക്കെ പി.ടി തോമസിനോട് 6125 വോട്ടുകള്‍ക്ക് തോറ്റത് മാറ്റിനിര്‍ത്തിയാല്‍ 11 ല്‍ പത്തു തവണയും വിജയിച്ച് തൊടുപുഴയുടെ നായകനായി. 2016 ല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷമായ 45823 ല്‍ ജോസഫ് വിജയിച്ചു. 2021 ല്‍ ഇടത് തരംഗത്തിലും തൊടുപുഴ പി.ജെ ജോസഫിനെ കൈവിട്ടില്ല.