Sorry, you need to enable JavaScript to visit this website.

വിമാനത്തിലെ ടോയ്‌ലെറ്റില്‍ കുഞ്ഞിന്റെ ജഡം; അബുദാബിയില്‍നിന്ന് പോയ വേലക്കാരി അറസ്റ്റില്‍

ജക്കാര്‍ത്ത- വിമാനത്തിലെ ടോയ്‌ലെറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച മാതാവിനെ ഇന്തോനേഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തു. വിമാനം ജക്കാര്‍ത്ത അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
നാലു വര്‍ഷം അബുദാബിയില്‍ ജോലി ചെയ്ത ഹാനിയെന്ന വീട്ടുവേലക്കാരിയാണ് അറസ്റ്റിലായത്. 37 കാരിയായ ഹാനി വെസ്റ്റ് ജാവയിലെ സിയാന്‍ജൂര്‍ സ്വദേശിനിയാണ്.
ബാങ്കോക്കില്‍നിന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സുകര്‍ണ ഹത്ത എയര്‍പോര്‍ട്ടിലെത്തിയതെന്ന് പോലീസ് മേധാവി അഹ്മദ് യൂസുഫ് പറഞ്ഞു. അവശയായതിനാല്‍ ചോദ്യം ചെയ്തിട്ടില്ലെന്നും എയര്‍പോര്‍ട്ടിലെ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കയാണെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ശനിയാഴ്ച ജക്കാര്‍ത്തയിലേക്കുള്ള ഇത്തിഹാദ് വിമാനത്തിലാണ് ഹാനി രഹസ്യമായി പ്രസവിച്ചതെന്ന് പോലീസ് സംശയിക്കുന്നു.
വിമാനം നാല് മണിക്കൂര്‍ പറന്ന ശേഷം ഇവര്‍ക്ക് രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് വിമാനം ബാങ്കോക്കിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്തിരുന്ന ഹാനിയെ ബിസിനസ് ക്ലാസിലേക്ക് മാറ്റി ഓക്‌സിജന്‍ മാസ്‌ക് നല്‍കിയിരുന്നു. തുടര്‍ന്ന് വിമാനം ബാങ്കോക്കിലേക്ക് തിരിക്കുകയാണെന്ന് ക്യാപ്റ്റന്‍ അനൗണ്‍സ് ചെയ്തുവെന്ന് വിമാന ജോലിക്കാരി ഫ്രാന്‍സസ്‌കോ കലോര്‍ പറഞ്ഞു. ബാങ്കോക്ക് വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം മെഡിക്കല്‍ സംഘം പരിശോധിച്ച ശേഷം സ്ത്രീയെ അവിടെ ഇറക്കി.
ഹാനി ഇല്ലാതെയാണ് വിമാനം ഒരു മണിക്കൂറിനുശേഷം ജക്കാര്‍ത്ത വിട്ടത്. പിന്നീട് വന്ന വിമാനത്തിലാണ് ഹാനി ജക്കാര്‍ത്തയിലെത്തിയത്.
ശുചീകരണ ജോലിക്കാരാണ് വിമാനത്തിലെ ടോയ്‌ലെറ്റിലുള്ള വലിപ്പില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയത്. മരണ കാരണം സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് മേധാവി പറഞ്ഞു.
50 ലക്ഷത്തോളം ഇന്തോനേഷ്യക്കാരാണ് വിദേശങ്ങളില്‍ ജോലി ചെയ്യുന്നത്. ഇവരില്‍ 70 ശതമാനവും വീട്ടുജോലിക്കാരായ സ്ത്രീകളാണ്.  
 

 

Latest News