മക്ക - ഈ വര്‍ഷം ഹജ് നിര്‍വഹിക്കാന്‍ പെര്‍മിറ്റുകള്‍ നേടുന്നവര്‍ രണ്ടാം ഡോസ് കൊറോണ വാക്‌സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ് പെര്‍മിറ്റ് ലഭിച്ച് 48 മണിക്കൂറിനകം തൊട്ടടുത്ത വാക്‌സിന്‍ സെന്ററുകളെ സ്വീകരിച്ച് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കണം. ഇതിന് മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് നേടേണ്ടതില്ല.
മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ഹജ് പെര്‍മിറ്റ് ഇഷ്യു ചെയ്യുമ്പോള്‍ രണ്ടു ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കാത്തവര്‍ വാക്‌സിന്‍ സെന്ററിനെ സമീപിച്ച് രണ്ടാം ഡോസ് സ്വീകരിക്കണം. തങ്ങള്‍ താമസിക്കുന്ന പ്രവിശ്യയിലെ വാക്‌സിന്‍ സെന്ററിനെ സമീപിക്കാന്‍ ആവശ്യപ്പെട്ട് ഹജ് പെര്‍മിറ്റ് ലഭിക്കുന്നവര്‍ക്ക് എസ്.എം.എസ് ലഭിച്ചേക്കും. ഹജ് പെര്‍മിറ്റിലൂടെ വാക്‌സിന്‍ ഡോസ് പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഹജിന് രജിസ്റ്റര്‍ ചെയ്യാനുള്ള അടിസ്ഥാന വ്യവസ്ഥയാണ് വാക്‌സിന്‍. ഹജ് നിര്‍വഹിക്കാന്‍ സാധിക്കുന്നതിനുള്ള അടിസ്ഥാന വ്യവസ്ഥയാണ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരണമെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.