കാസര്‍കോട്- പെരിയ ഇരട്ട കൊലക്കേസില്‍ രണ്ട് സി.പി.എം പ്രാദേശിക നേതാക്കളെ സി.ബി.ഐ ചോദ്യം ചെയ്തു. സി.പി.എം പാക്കം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ കമ്മിറ്റിയംഗവുമായ രാഘവന്‍ വെളുത്തോളി, പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറിയും സഹകരണ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ നേതാവുമായ കുട്ടക്കരയിലെ കെ.വി. ഭാസ്‌കരന്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്.
ഡിവൈ.എസ്.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാഘവന്‍ വെളുത്തോളിയെ നാലര മണിക്കൂറോളം ചോദ്യം ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചത്. കാസര്‍കോട് പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസിലെ സി.ബി.ഐ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. പ്രതികള്‍ക്ക് സംരക്ഷണം നല്‍കുകയും തെളിവുനശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്‌തെന്നാണ് ഇവര്‍ക്കെതിരായ കുറ്റം.
2019 ഫെബ്രുവരി 17ന് രാത്രിയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെടുന്നത്. സംഭവ ദിവസം രാത്രി പാക്കം ചെറൂട്ടയില്‍ പ്രതികളെ എത്തിച്ച വാഹനം ആളൊഴിഞ്ഞ പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്നു. രണ്ടാം പ്രതി സജി ജോര്‍ജിന്റെ വാഹനമായിരുന്നു ഇത്. പിറ്റേന്ന് ഇവിടെനിന്നു വാഹനം കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ കസ്റ്റഡിയിലെടുത്ത സജി ജോര്‍ജിനെ പോലീസ് വാഹനത്തില്‍നിന്ന് ബലമായി ഇറക്കികൊണ്ടുപോയവരില്‍ പ്രധാനികളാണ് രാഘവന്‍ വെളുത്തോളിയും കെ.വി. ഭാസ്‌കരനും.