മുഖ്യമന്ത്രി നിയമവശം പരിശോധിക്കുന്നു
പാലക്കാട്- കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എ.കെ.ജിക്കെതിരായ വിവാദ പരാമര്‍ശത്തോടെ യുവ കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം കൂടുതല്‍ ഒറ്റപ്പെടുന്നു.
എ.കെ.ജിയെ ബാലപീഡകനെന്ന് വിളിച്ച വിഷയത്തില്‍ ബല്‍റാമിനെ കെ.പി.സി.സി ശാസിച്ചിരിക്കയാണ്. എ.കെ.ജിയെ പോലൊരു നേതാവിനെ അങ്ങനെ വിളിക്കാന്‍ പാടില്ലായിരുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍ വ്യക്തമാക്കി. ബല്‍റാമിനെ ഫോണില്‍ വിളിച്ചായിരുന്നു ശാസന രൂപേണ ഹസന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. ബല്‍റാമിന്റേത് പാര്‍ട്ടി നിലപാട് അല്ലെന്നും ഹസന്‍ വിശദീകരിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയ ഭേദമന്യേ വലി യ വിമര്‍ശനമാണ് ബല്‍റാം നേരിടുന്നത്.
അതേസമയം യൂത്ത് കോണ്‍ഗ്രസ് ബല്‍റാമിന് പിന്തുണയുമായി രംഗത്തെത്തി. ബല്‍റാം മാപ്പ് പറയേണ്ട കാര്യമില്ലെന്നും നെഹ്‌റു കുടുംബത്തെ കോടിയേരി അപമാനിച്ചപ്പോള്‍ കോടിയേരിയെക്കൊണ്ട് മാപ്പ് പറയിക്കാന്‍ കഴിയാത്തവര്‍ക്ക് അതിന് അവകാശമില്ലെന്നുമാണ് യൂത്ത് കോ ണ്‍ഗ്രസ് നിലപാട്.
രാജ്യത്തിന്റെ ആദ്യ പ്രതിപക്ഷ നേതാവും സിപിഎമ്മിന്റെ ജനകീയ മുഖവുമായിരുന്ന എ.കെ.ജിയെ ബാലപീഡകനായി ചിത്രീകരിച്ചെന്നാണ് ബല്‍റാമിനെതിരായ ആരോപ ണം. ഇതു സംബന്ധിച്ച നിയമവശം പരിശോധിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതായും സൂചനയുണ്ട്. ആദ്യ പരാമര്‍ശം വിവാദമായതിന് പിന്നാലെ പോസ്റ്റ് ന്യായീകരിച്ച് ബല്‍റാം വീണ്ടും ഫേസ്ബുക്കില്‍ കുറിപ്പിട്ടതാണു സി.പി.എം നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്.
രണ്ടു ദിവസമായി എം.എല്‍.എയുടെ ഫോണിലേക്ക് ഗള്‍ഫ് മേഖലയില്‍ നിന്നുള്‍പ്പെടെ വിളികളുടെ പ്രവാഹമാണ്. എന്നാല്‍ വിവാദവുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണം വേണ്ടെന്ന നിലപാടിലാണ് എം.എല്‍.എ. പ്രതികരണമറിയാന്‍ വിളിക്കുന്ന മാധ്യമപ്രവര്‍ത്തകരോടും അദ്ദേഹം പ്രതികരിക്കുന്നില്ല. അതിനിടയിലാണ് ബല്‍റാമിന്റെ ഫേസ് ബുക്ക് അക്കൗണ്ടില്‍ പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ അതേ ശൈലിലിലാണ് ബല്‍റാമാന്റെ പുതിയ പോസ്റ്റ് എന്നതാണ് കൗതുകം.
ഇന്ത്യന്‍ സാമ്പത്തിക വിപ്ലവത്തിന്റെ പതാക വാഹകനായ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ അധിക്ഷേപിക്കുന്ന വകതിരിവില്ലായ്മയാണ് സംസ്ഥാന സര്‍ക്കാരിന്റേയും സി.പി.എമ്മിന്റേയും മുഖമുദ്ര. അദ്ദേഹത്തെ ഹീനമായ ഭാഷയില്‍ അധിക്ഷേപിച്ച മന്ത്രിക്ക് രാജ്യത്തിന്റേയോ മന്‍മോഹന്‍സിംഗിന്റേയോ ചരിത്രമറിയില്ലായിരിക്കും. വിവരദോഷിയായ മന്ത്രിക്ക് അത് പറഞ്ഞു കൊടുക്കാന്‍ വിവേകമുള്ള നേതൃത്വം സര്‍ക്കാരിനോ സി.പി.എമ്മിനോ ഇല്ല. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റിയ ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയെന്ന നിലക്ക് ശരിയായ പാവങ്ങളുടെ പടത്തലവന്‍ മന്‍മോഹന്‍സിംഗ് ആണ്. അദ്ദേഹത്തിന്റെ യശസ്സില്‍ മണ്ണു വീഴ്ത്തുന്നത് സാധാരണ ജനങ്ങളുടെ ഹൃദയത്തില്‍ ഏല്‍പ്പിക്കുന്ന പരിക്കാണ്. സി.പി.എമ്മിനെ പേടിച്ച് ഈ വിഷയത്തില്‍ പ്രതികരണങ്ങള്‍ ഉയര്‍ന്നു വരാത്തതില്‍ സഹതപിക്കുന്നു. അറിവില്ലായ്മയും ധിക്കാരവും കയ്യേറ്റഭൂമിക്കു വേണ്ടിയുള്ള ആര്‍ത്തിയും ജനകോടികളുടെ ഹൃദയവികാരത്തെ ആക്രമിച്ചു കൊണ്ടാവരുത്- ബല്‍റാം പറയുന്നു.