തൃത്താല- എ.കെ.ജിയെ പറ്റിയുള്ള വാക്കുകളിൽ ചില പാകപ്പിഴവുകൾ വന്നിട്ടുണ്ടെന്നും അത് ആവർത്തിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വി.ടി ബൽറാം എം.എൽ.എ. തൃത്താലയിൽ എം.എൽ.എ ഓഫീസ് സി.പി.എം അക്രമിച്ച് തകർത്തതിൽ പ്രതിഷേധിച്ച് നടത്തിയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃത്താലയിലെ ചെങ്കോട്ട തകർത്ത് യു.ഡി.എഫ് വിജയിച്ചതിലുള്ള അസഹിഷ്ണുതയാണ് സി.പി.എമ്മിനെന്നും ബൽറാം പറഞ്ഞു. തൃത്താലയിൽ ഇറങ്ങിനടക്കാൻ പോലീസിന്റെ സംരക്ഷണം ആവശ്യമില്ല. എന്റെ വാക്കിൽ പിഴവ് വന്നാൽ അത് തിരുത്താനുള്ള അവകാശം നേതാക്കൾക്കുണ്ട്. അവർ തിരുത്തുന്നതിൽ ആർക്കും വിരോധമില്ല. പക്ഷെ സി.പി.എമ്മിന് തിണമിടുക്ക് കണ്ട് അവരുടെ അക്രമത്തിന്റെ മുന്നിൽ പേടിച്ചോടിച്ച് തിരുത്താൻ ഉദ്ദേശിക്കുന്നില്ല. വാക്കുകളിലെ എതിരഭപ്രായമുണ്ടാകാം. അത് ആവർത്തിക്കാൻ ഉദ്ദേശിക്കുന്നില്ല. ഫെയ്‌സ്ബുക്കിൽ എന്റെ മരിച്ച അമ്മ അടക്കമുള്ളവർക്കെതിരെ പറയുന്ന വാക്ക് കേട്ട് ആരും തിരിഞ്ഞോടുമെന്ന് സി.പി.എം തെറ്റിദ്ധരിക്കേണ്ട. സി.പി.എമ്മിന്റെ ചില വിഗ്രഹങ്ങൾ ഉടഞ്ഞുവീഴുന്നത് അവരുടെ വിധിയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നത്. അഭിപ്രായം പറയുന്നതിനുള്ള അവകാശത്തിന് വേണ്ടിയുള്ള പ്രതിഷേധമാണ് പ്രകടിപ്പിക്കുന്നത്. എത്രയോ നാളുകളായി നമ്മുടെ നേതാക്കളെ സി.പി.എമ്മും ബി.ജെ.പിയും നടത്തുന്ന അധിക്ഷേപം നാം കേൾക്കുന്നതാണ്. എന്നാൽ അതിനോടുള്ള പ്രതികരണം സമാധാനപരമായിരിക്കുമെന്നും ബെൽറാം പറഞ്ഞു.