കോട്ടയം- മുണ്ടക്കയം കൂട്ടിക്കലില്‍ 12 വയസ്സുള്ള മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ ചാടിയ യുവതിയുടെ ആത്മഹത്യാ ശ്രമം വിഫലമായി. കണ്ടത്തില്‍ ശമീറിന്റെ ഭാര്യ ലൈജീനയാണ് മകള്‍ ഷംനയെ കൊന്ന് കിണറ്റില്‍ ചാടിയത്. ഞായറാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. ഫയര്‍ഫോഴ്‌സെത്തി ലൈജീനയെ രക്ഷപ്പെടുത്തി. ലൈജീനയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. കിണറ്റില്‍ നിന്ന് പുറത്തെത്തിച്ച ശേഷം ലൈജീന തന്നെയാണ് മകളെ കൊന്ന വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മകള്‍ ഷംനയെ വീട്ടിനകത്ത് കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലൈജീനയ്ക്ക് ഗുരുതര പരിക്കുകളില്ല. ഇവര്‍ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പറയപ്പെടുന്നു. കിണറ്റില്‍ ചാടുന്നതിനു മുമ്പ് ഇവര്‍ ആത്മഹത്യാ കുറിപ്പും എഴുതിവച്ചിരുന്നു. ഭര്‍ത്താവ് വിദേശത്താണ്. ലൈജീനയും മകളും ഒറ്റയ്ക്കായിരുന്നു താമസം.