കൊല്ലം- ശാസ്താംകോട്ടയില്‍ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയ സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നതായി കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ഭര്‍ത്താവ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍കുമാറും കുടുംബവും നിരന്തരം വിസ്മയയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ആശ്വാസം തേടി വിസ്മയ എറണാകുളത്തെ കൗണ്‍സലിങ് വിദഗ്ധനെ സമീപിച്ചിരുന്നുവെന്നും അന്വേഷണം സംഘം കണ്ടെത്തി. കിരണിന്റേയും വീട്ടുകാരുടേയും പീഡനം കാരണം തന്റെ പഠനം മുടങ്ങുന്നതും മറ്റും കൗണ്‍സലിങിനിടെ വിസ്മയ പങ്കുവച്ചിരുന്നതായും പോലീസിനു വിവരം ലഭിച്ചു.
പീഡനങ്ങളെ കുറിച്ച് അടുത്ത സുസഹൃത്തുക്കളോടും ബന്ധുക്കളോടും വിസ്മയ പറഞ്ഞിരുന്നു. ഇവരുടെയെല്ലാം മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം ഇത് ആത്മഹത്യയാണോ കൊലപാതകമാണോ എന്നതു സ്ഥിരീകരിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. 185 സെന്റിമീറ്റര്‍ ഉയരത്തിലുള്ള ജനല്‍ കമ്പിയില്‍ 166 സെന്റിമീറ്റര്‍ ഉയരമുള്ള വിസ്മയ എങ്ങനെ തൂങ്ങിമരിക്കുമെന്ന സംശയമാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. വിസ്മയ തൂങ്ങിനില്‍ക്കുന്ന കണ്ടത് കിരണ്‍കുമാര്‍ മാത്രമാണെന്നതും സംശയം വര്‍ധിപ്പിക്കുന്നു.