കണ്ണൂർ- കോവിഡ് ബാധിച്ച് പരിയാരം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. പനിയും ജലദോഷവും കുറഞ്ഞു. രക്തസമ്മർദ്ദവും പ്രമേഹവും മരുന്നുകളുടെ സഹായത്തോടെ നിയന്ത്രണ വിധേയമായി. കോവിഡ് മാറിയിട്ടില്ലാത്തതിനാലും പ്രായാധിക്യ പ്രശ്‌നങ്ങൾ ഉള്ളതിനാലും ചികിത്സയും ജാഗ്രതയും തുടരേണ്ടതുണ്ടെന്നാണ് മെഡിക്കൽ ബോർഡ് വിലയിരുത്തൽ. ക്ഷീണം ഏറെക്കുറെ മാറിയതിനെത്തുടർന്ന് ഇന്നലെ മുഖ്യമന്ത്രിക്ക് പുറമെ നടൻ കമലാഹാസൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ.ബേബി, ജി.സുധാകരൻ എന്നിവരുമായി പത്മനാഭൻ നേരിട്ട് ഫോണിൽ സംസാരിച്ചു. ആരോഗ്യ മന്ത്രിക്ക് പുറമെ, മുൻ ആരോഗ്യമന്ത്രി പി.കെ.ശ്രീമതി ടീച്ചർ, ടി.വി.രാജേഷ്, എ.എൻ.ഷംസീർ തുടങ്ങിയവർ ആശുപത്രി പ്രിൻസിപ്പലും, മെഡിക്കൽ ബോർഡ് ചെയർമാനുമായ ഡോ.അജിത്ത്, ആശുപത്രി സൂപ്രണ്ടും മെഡിക്കൽ ബോർഡ് കൺവീനറുമായ ഡോ. കെ.സുധീപ് എന്നിവരുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് സംസാരിച്ചു.