Sorry, you need to enable JavaScript to visit this website.

കുടമാറ്റത്തിന്റെ നാട്ടിൽ  കലയുടെ  പെരുങ്കളിയാട്ടം

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലാണ് ഈ വർഷത്തെ കൗമാര കലയുടെ പെരുങ്കളിയാട്ടത്തിന് കൊടിയേറിയിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ 58-ാമത് സംസ്ഥാന സ്‌കൂൾ കലോൽസവം തൃശൂരിൽ 5 വർഷത്തിന് ശേഷമാണ് വീണ്ടുമെത്തുന്നത്. വർഷങ്ങളായി അടുക്കിലും ചിട്ടയിലും നടക്കുന്ന കൗമാര കലോൽസവത്തിന് ഇത്തവണയും പ്രത്യേകതകളേറെയാണ്. 
ഒട്ടനവധി കലാകാരന്മാരുടെ കണ്ണീരും കഠിനാധ്വാനവുമാണ് ഇന്നിന്റെ കലാമേള. വർണപ്പൊലിമകളില്ലാതെ ആരംഭിച്ച കലോൽസവത്തെ വിദ്യാർത്ഥി പങ്കാളിത്തവും കലയെ സ്‌നേഹിക്കുന്നവരുടെ ആത്മാർത്ഥതയും കൊണ്ടും മാത്രമാണ് ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായി മാറ്റിയെടുക്കാനായത്.
കേരളത്തിലെ സ്‌കൂൾ വിദ്യാർത്ഥികളുടെ സർഗശേഷി കണ്ടെത്തുന്നതിനാണ് സംസ്ഥാന സ്‌കൂൾ കലോൽസവം ആരംഭിച്ചത്. കേരള സംസ്ഥാനം രൂപീകരിച്ച തൊട്ടടുത്ത മാസം മുതൽ സ്‌കൂൾ കലോൽസവത്തിന് കൊടിയേറിയിട്ടുണ്ട്. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറും പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോ.സി.എസ് വെങ്കിടേശ്വരൻ ദില്ലിയിലെ മൗലാന ആസാദ് സർവ്വകലാശാല വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ കാണാനിടയായി. അതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കേരളത്തിൽ സ്‌കൂൾ കലോൽസവമെന്ന ആശയത്തിന് അദ്ദേഹം വിത്തുപാകിയത്. പിന്നീട് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗം വിളിച്ച് കലാമേള നടത്താൻ തീരുമാനിക്കുകയായിരുന്നു. ജില്ലാ സ്‌കൂൾ മേളകൾ നടത്തി അതിൽനിന്ന് ഒന്നാമതെത്തുന്ന വിദ്യാർത്ഥികളെ സംസ്ഥാന തലത്തിൽ മൽസരിപ്പിച്ചാണ് ആദ്യം മേളക്ക് തുടക്കമായത്. ആദ്യ മേള എറണാകുളത്തായിരുന്നു നടത്തിയിരുന്നത്. തൃശൂരിന്റെ മണ്ണിൽ അരങ്ങിന്റെ ആട്ടവിളക്ക് തെളിഞ്ഞ കലോൽസവ വേദിക്കരികിലൂടെ നടന്നാൽ ഇത്തവണ പുതിയ കാഴ്ചകളാണ് ദൃശ്യമാവുക. പഴയകാല കലോൽസവ വേദികൾ ചിക്കിച്ചികഞ്ഞ് പുതിയ വേദിയിലൂടെയാണ് ഈ യാത്ര.

അന്ന് വേദി 13, ഇനം 18 ഇന്ന് വേദി 24 ഇനം 231 
സംസ്ഥാന സ്‌കൂൾ കലോൽസവത്തിന് അരങ്ങുണർന്നത് ഈ വർഷം പൂരങ്ങളുടെ നാടായ തൃശൂരിലാണ്. 60 പെൺകുട്ടികൾ ഉൾപ്പടെ 400 കുട്ടികൾ മാത്രം പങ്കെടുത്ത ആദ്യകലാമേളയിൽനിന്ന് 58 വർഷം പിന്നിടുമ്പോൾ മൽസരത്തിനെത്തുന്നത് 14 ജില്ലകളിൽ നിന്നായി അപ്പീലുകളിലടക്കം എത്തുന്നത് 12,000 വിദ്യാർത്ഥികളാണ്. 13 ഇനങ്ങളിലായി 18 മൽസരങ്ങൾ മാത്രമുണ്ടായിരുന്ന ആദ്യകാലത്ത്. എന്നാൽ ഇന്ന് 24 വേദികളിലായി 231 മൽസര ഇനങ്ങളാണുള്ളത്. കലോൽസവ ദിനങ്ങൾ കുറച്ചെങ്കിലും ഈ വർഷവും പുതിയ മൂന്ന് ഇനങ്ങൾ മൽസര ഇനത്തിലുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, തമിഴ്, കന്നഡ ഇനങ്ങളാണ് പുതുതായി ഉൾപ്പെടുത്തിയത്. ഇതിനു പുറമെ ഓട്ടൻതുളളൽ, കഥകളി, നാടോടി നൃത്തം,   മിമിക്രി എന്നിവ പെതുവിഭാഗത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
കലാമൽസര വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മൽസരം കഴിയുന്നത് വരെ ഊട്ടുപുരയിൽ വിഭവങ്ങൾ സമൃദ്ധമാവുമ്പോൾ ആദ്യ കലോൽസവത്തിന് എത്തിയ വിദ്യാർത്ഥികളുമായി അധ്യാപകർ ഹോട്ടലിനു മുമ്പിൽ വരിനിൽക്കുകയായിരുന്നു. വർഷങ്ങളായി ഊട്ടുപുരക്ക് നേതൃത്വം നൽകുന്ന പഴയിടം മോഹനന്റെ നേതൃത്വത്തിലാണ് ഈ വർഷവും വിഭവങ്ങളൊരുക്കുന്നത്. ഇത്തവണ കൃഷിക്കാരിൽനിന്ന് നേരിട്ട് സ്വീകരിക്കുന്ന പച്ചക്കറികളാണ് വിഭവങ്ങൾക്കായി എത്തിച്ചത്.


   
വേദികൾ ഹരിതമയം, ഇൻഷൂറൻസ് പരിരക്ഷ
നീർമാതളം, കണിക്കൊന്ന തുടങ്ങി വൃക്ഷങ്ങളുടെയും പൂക്കളുടേയും പേരിലാണ് കലോൽസവത്തിന്റെ 24 വേദികളും അറിയപ്പെടുന്നത്. ഹരിതവൽക്കരണത്തിന്റെ ഭാഗമായി പൂർണമായും പ്ലാസ്റ്റിക് നിർമാർജനം ലക്ഷ്യം വെച്ചാണ് വേദികൾ പ്രവർത്തിക്കുന്നത്. ഫഌക്‌സ് ബോർഡുകൾ കുറച്ച് ചെലവ് കുറച്ച് നടത്തപ്പെടുന്ന ആദ്യ കലോൽസവമാണ് നടന്നുവരുന്നത്.
കലോൽസവത്തിൽ പങ്കെടുക്കുന്ന കുട്ടികളും രക്ഷിതാക്കളും കാണികളും മാധ്യമ പ്രവർത്തകരുമടക്കം എല്ലാവരും ഇത്തവണ ഇൻഷൂറൻസ് പരിരക്ഷക്ക് വിധേയരാണ്. ഇതാദ്യമായാണ് കലോൽസവം ഇൻഷൂറൻസ് ചെയ്യപ്പെടുന്നത്. അപകടത്തിൽപെടുന്ന വ്യക്തികൾക്ക് നഷ്ടപരിഹാരം ലഭിക്കും. സ്റ്റേജും പന്തലും ഇൻഷൂർ ചെയ്തിട്ടുണ്ട്. യുണൈറ്റഡ് ഇന്ത്യ ഇൻഷൂറൻസുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. സുരക്ഷയുടെ ഭാഗമായി കലോൽസവ വേദികളിലും താമസ സ്ഥലത്തും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കലോൽസവ വേദികളെ ബന്ധപ്പെടുത്തി ബസ് സർവ്വീസും ഏർപ്പെടുത്തിയിട്ടുണ്ട്.
ചെലവ് കുറച്ച് മേള നടത്താനാണ് ഈ വർഷം സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ആയതിനാൽ തന്നെ ഈ വർഷം ശനിയാഴ്ച തുടങ്ങി 10 ന് അവസാനിക്കുന്ന രീതിയിലാണ് മേള നടത്തുന്നത്. നേരത്തെ ഒരു കോടിയോളം രൂപ ചെലവ് വന്ന കാലഘട്ടമായിരുന്നു. ഇതിന് അറുതി വരുത്താൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, മന്ത്രിമാരായ വി.എസ്.സുനിൽകുമാർ, എ.സി.മൊയ്തീൻ എന്നിവർ നേരിട്ട് കാര്യങ്ങൾ നിയന്ത്രിച്ചാണ് കലാമേളയ്ക്ക് ചുക്കാൻ പിടിക്കുന്നത്.

പണക്കിലുക്കവും സ്വാധീനവും
ഉൽസവങ്ങളിലൊന്നിലും മൽസരങ്ങളില്ല എന്നാണ് ചൊല്ലെങ്കിലും സ്‌കൂൾ കലോൽസവവും മൽസരങ്ങളുടേയും പണക്കൊഴുപ്പിന്റെയും വേദിയായി മാറുന്ന കാഴ്ചയാണെന്നും. പാട്ട് മുതൽ നൃത്തം വരെയുളള മൽസരങ്ങൾ ചിട്ടയോടെ അരങ്ങിലെത്തണമെങ്കിൽ രക്ഷിതാക്കൾ പണം വാരിയെറിയണം. ഈ പണക്കൊഴുപ്പ് മൽസരത്തിന്റെ വിധി കർത്താക്കളെ സ്വാധീനിക്കുന്നതിൽ വരെ എത്തിയിരിക്കുന്നു.  ഈ വർഷം ഡി.പി.ഐ കർശന നിയന്ത്രണങ്ങളും വിജിലൻസ് നിരീക്ഷണവും ശക്തമാക്കിയതോടെ സർക്കാർ നിശ്ചയിച്ച വിധികർത്താക്കളടക്കം കൂട്ടത്തോടെ പിന്മാറുന്ന കാഴ്ചയാണുളളത്. പണമുള്ളവന്റെ മക്കളെ മാത്രം വിജയിപ്പിക്കുക എന്ന വർഷങ്ങളായി പിടിമുറുക്കിയ കലോൽസവ ഇടനിലക്കാർക്ക് തടയിടാൻ ഇതൊരു പരിധിവരെ സഹായിക്കും.
കല ദൈവിക സിദ്ധിയാണ്. എന്നാൽ സ്‌കൂൾ കലോൽസവത്തിനായി മാത്രം രക്ഷിതാക്കൾ വിദ്യാർത്ഥികളുടെ അഭീഷ്ടത്തിനായി വർഷത്തിൽ ചെലവഴിക്കുന്നത് ലക്ഷങ്ങളാണ്.  സ്‌കൂൾ കലോൽസവം, റവന്യൂ കലോൽസവം, ജില്ലാ കലോൽസവം എന്നിവ കഴിഞ്ഞ് സംസ്ഥാന കലോൽസവത്തിലെത്തുമ്പോഴേക്കും ഓരോ ഇനത്തിലും പണം വാരിയെറിഞ്ഞാൽ മാത്രമെ മക്കളുടെ ചുവട് ഉറപ്പിക്കാനാവുകയുളളൂ. ക്ലാസിക്കൽ നൃത്തങ്ങളായ കുച്ചിപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയവക്കാണ് ചെലവ് കൂടുതൽ. നൃത്തം അഭ്യസിപ്പിക്കുന്നവന് മുതൽ ചമയക്കാരന് വരെ പണം എറിയണം.  വസ്ത്രങ്ങൾക്ക് വാടക വേറെയും നൽകണം. നൃത്തങ്ങൾ തൊട്ട് മാപ്പിള കലാരൂപങ്ങൾക്ക് വരെ ഇതാണ് സ്ഥിതി. 

സ്വർണക്കപ്പിനായി കലാപോരാട്ടം
ആവേശം കൊടുമുടിയോളം ഉയർത്തുന്ന ഇഞ്ചോടിഞ്ച് പോരാട്ടമാണ് തൃശൂരിന്റെ മണ്ണിൽ. ഇത് സംസ്ഥാനത്തെ 14 ജില്ലകളിലെ സ്‌കൂൾ കുട്ടികൾ മാത്രമല്ല, ജില്ലകൾ തമ്മിലുള്ള മൽസരം കൂടിയാണ്. 117.5 പവന്റെ സ്വർണക്കപ്പിൽ മുത്തമിടാൻ വേണ്ടിയാണ് ഈ പോരാട്ടം. ജില്ലകൾ നാലുതവണ സ്വർണക്കപ്പ് പരസ്പരം പങ്കിട്ട ചരിത്രവും നേരത്തെയുണ്ടായിട്ടുണ്ട്.
മഹാകവി വൈലോപ്പിള്ളിയാണ് സംസ്ഥാന സ്‌കൂൾ കലോൽസവത്തിന് സ്വർണക്കപ്പ് വേണമെന്ന് ആദ്യം നിർദേശിച്ചത്. മറ്റെല്ലാ മൽസരങ്ങൾക്കും അർഹിക്കുന്ന അംഗീകാരവും   ബഹുമതിയും ലഭിക്കുമ്പോൾ സ്‌കൂൾ കലോൽസവത്തിന് മാത്രം അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് കവി കലോൽസവ വേദിയിൽ പറഞ്ഞു. തുടർന്ന് 1986 മുതൽ സർക്കാർ സ്വർണക്കപ്പ് ഏർപ്പെടുത്തി. വൈലോപ്പിള്ളിയുടെ നിർദേശത്തിൽ ചിറയിൻകീഴ് ശ്രീകണ്ഠൻ നായരാണ് സ്വർണക്കപ്പ് രൂപകൽപന ചെയ്തത്. 2008 വരെ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്കായിരുന്നു കപ്പ് നൽകിയിരുന്നത്. എന്നാൽ തുടർന്ന് ഹയർസെക്കണ്ടറി വിഭാഗം കൂടി മൽസരത്തിനെത്തിയതോടെ രണ്ട് തലങ്ങളിലും മികവു പുലർത്തുന്ന ജില്ലക്കാണ് സ്വർണക്കപ്പ് നൽകുന്നത്.
രണ്ടു ജില്ലകൾ തുല്യപോയിന്റോടെ വിജയിച്ചാൽ സ്വർണക്കപ്പ് ആറ് മാസം വീതം പരസ്പരം കൈവശം വെക്കും. സ്വർണക്കപ്പിൽ ഇതുവരെയായി ഏറ്റവും കൂടുതൽ മുത്തമിട്ടത് കോഴിക്കോട് ജില്ലയാണ്. 2007-ൽ ഹാട്രിക് സ്വപ്‌നവുമായി എത്തിയ പാലക്കാടുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി കോഴിക്കോട് ഒരു പോയിന്റിന് കിരീടം ചൂടിയത് ഏറെ വിവാദമായി. വിധികർത്താക്കളെ സ്വാധീനിച്ചാണ് കോഴിക്കോട് കപ്പ് നേടിയതെന്ന് ആരോപിച്ച് പാലക്കാട് ജില്ല രണ്ടാം സ്ഥാനം വേണ്ടെന്നു വെച്ചാണ് വേദിവിട്ടത്.

ഒട്ടനവധി കലാകാരന്മാരുടെ കണ്ണീരും കഠിനാധ്വാനവുമാണ് ഇന്നിന്റെ കലാമേള. വർണപ്പൊലിമകളില്ലാതെ ആരംഭിച്ച കലോൽസവത്തെ വിദ്യാർത്ഥി പങ്കാളിത്തവും കലയെ സ്‌നേഹിക്കുന്നവരുടെആത്മാർത്ഥതയും കൊണ്ടും മാത്രമാണ് ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായി മാറ്റിയെടുക്കാനായത്.

അന്നത്തെ കുട്ടിത്താരങ്ങൾ ഇന്നത്തെ പ്രതിഭാധനർ 
സ്‌കൂൾ കലോൽസവത്തിൽ നിന്ന് ഉയർന്ന് വന്ന കലാകാരന്മാർ പിൽക്കാലത്ത് സാഹിത്യ, സംഗീത, അഭിനയ നൃത്ത രംഗത്ത് കുലപതികളായവർ നിരവധിയാണ്. 1958 ൽ തിരുവനന്തപുരത്ത് നടന്ന രണ്ടാമത് സ്‌കൂൾ കലോൽസവത്തിൽ മൽസരിച്ച കെ.ജെ.യേശുദാസ്, പി.ജയചന്ദ്രൻ എന്നിവരാണ് പിൽക്കാലത്ത് യഥാക്രമം ഗാനഗന്ധർവ്വനും ഭാവഗായകനുമായത്. 1976ൽ സുജാതയും 1978 ൽ കെ.എസ്.ചിത്രയും 1983 ൽ എം. ജയചന്ദ്രനും ഇന്നും ഗാനരംഗത്ത് വെന്നിക്കൊടി പാറിച്ച് മുന്നേറുന്നവരാണ്. ജി.വേണുഗോപാൽ, മാപ്പിളപ്പാട്ട് മൽസരത്തിൽ ഒന്നാമനായ വീനീത് ശ്രീനിവാസൻ, പെരുമ്പാവൂർ ജി.രവീന്ദ്രനാഥ്, ചലച്ചിത്ര താരങ്ങളായ വിനീത്, ഇടവേള ബാബു, വിനീത് കുമാർ,    മഞ്ജുവാര്യർ, വിന്ദുജമേനോൻ, നവ്യാനായർ, കാവ്യാമാധവൻ, മുത്തുമണി തുടങ്ങി നിരവധി സർഗപ്രതിഭകൾ സ്‌കൂൾ കലോൽസവ വേദിയിലെ മിന്നും താരങ്ങളാണ്.
രാഷ്ട്രീയ-ഭരണ രംഗത്തും സ്‌കൂൾ കലോൽസവങ്ങളിലെ ജേതാക്കൾ ഇന്നത്തെ താരങ്ങളാണ്. മുൻവിദ്യാഭ്യസ മന്ത്രിയും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീർ 1962 ൽ പ്രസംഗ മൽസരത്തിലെ ജേതാവായിരുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥരായ ജിജി തോംസൺ, സി.കെ.കോശി, ശാസ്ത്രീയ സംഗീത രംഗത്തെ പ്രതിഭകളായ കുടമാളൂർ ജനാർദ്ദനൻ, കെ.എസ്.ഗോപാലകൃഷ്ണൻ, കെ. വിശ്വനാഥൻ, ചേർത്തല എൻ ശ്രീകുമാർ, ടി.എച്ച് ലളിത തുടങ്ങി നിരവധി പേർ രംഗത്ത് ഇന്നുമുണ്ട്.
തൃശൂരിന്റെ രാപകലുകളിപ്പോൾ ലാസ്യഭാവങ്ങൾ നിറഞ്ഞാടുന്ന നടന വേദികളാണ്. കലകളുടെ ചൂടും ചൂരുമുളള പ്രകടനങ്ങളുടെ താളച്ചുവടാണ്. ദൃശ്യ-ശ്രവ്യകലകളുടെ മാസ്മരിക പ്രകടനങ്ങളുടെ വേദി ഇന്ന് ലോകത്തിന്റെ ഏതു കോണിലിരുന്നും വീക്ഷിക്കാൻ കഴിയുന്ന വിധത്തിലാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. കലാസ്വാദകർ എന്നും കൗമാര കലയെ നെഞ്ചിലേറ്റുന്നത് കൊണ്ടാണ് സംസ്ഥാന സ്‌കൂൾ കലോൽസവത്തിന് ഇന്നും പകിട്ടു കുറയാതിരിക്കുന്നത്. 

Latest News