പത്തനംതിട്ട-രണ്ടു വർഷമായി സോഷ്യൽ മീഡിയയിലൂടെ യുവതിയെ ശല്യം ചെയ്ത യുവാവിനെ പന്തളം പോലീസ് അറസ്റ്റു ചെയ്തു. തിരുവല്ലകുറ്റൂർ ഓതറ മോടിയിൽ വിനോദ് (45) ആണ് പിടിയിലായത്.
വിധവയായ യുവതിക്കു വിവാഹാലോചനയുമായി ചെന്നാണ് ഇരുവരും പരിചയത്തിലാകുന്നത്. തുടർന്ന് ഇയാൾ വാട്‌സ് ആപ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിലൂടെ യുവതിയെ ശല്യപ്പെടുത്തുകയായിരുന്നു. ഇതിനെതിരെ യുവതി ഒരു വർഷം മുമ്പു പോലീസിൽ പരാതി നല്കിയിരുന്നു. ആ സമയം ഇയാൾ എറണാകുളത്ത് ജോലിയിലായിരുന്നു. കോവിഡ് കാരണം ഇയാളെ അറസ്റ്റു ചെയ്തിരുന്നില്ല. യുവതി കേസ് നല്കിയതിനെ തുടർന്ന് കുറെ നാൾ ഇയാളുടെ ശല്യമുണ്ടായിരുന്നില്ല.
അടുത്ത നാളായി വീണ്ടും ഇയാൾ ശല്യം ചെയ്യാൻ തുടങ്ങിയതോടെ യുവതി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി. ഇതേത്തുടർന്നാണ് ഇയാളെ പന്തളത്തു നിന്ന് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.