കൊച്ചി- മോശം പരുമാറ്റത്തിന്റെ പേരിൽ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്തായ എം സി ജോസഫൈൻ അടുത്ത സമ്മേളനത്തോടെ സി.പി.എം കേന്ദ്ര കമ്മിറ്റിയിൽ നിന്നും പുറത്താകുമെന്ന് പാർട്ടി വൃത്തങ്ങൾ സൂചന നൽകി. ജോസഫൈന്റെ മോശം പെരുമാറ്റത്തിനെതിരെ പാർട്ടിക്കുള്ളിൽ നിന്നു തന്നെ വ്യാപകമായി പരാതി ലഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അവരെ ഉന്നത സമിതിയിൽ നിന്നും ഒഴിവാക്കാൻ പാർട്ടി ഒരുങ്ങുന്നത്.
ജോസഫൈനെതിരായ പരാതികൾ ഉടൻ തുടങ്ങാൻ പോകുന്ന പാർട്ടി സമ്മേളനങ്ങളിൽ കീഴ് ഘടകങ്ങളിൽ നിന്നു തന്നെ ഉയർന്നുവരുമെന്നാണ് സൂചന. പാർട്ടിക്കുള്ളിൽ നിന്ന് ഉയരുന്ന ഇത്തരം വിമർശനങ്ങൾ ഉൾക്കൊണ്ടുകൊണ്ടാകും പാർട്ടി കോൺഗ്രസ് പുതിയകേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പാനലിൽ നിന്നും ജോസഫൈനെ ഒഴിവാക്കുക. കടുത്ത വി എസ് പക്ഷക്കാരിയായിരുന്ന ജോസഫൈനെ എറണാകുളം ജില്ലയിലെ വിഭാഗീയത പരിഹരിക്കുന്നതിനുള്ള നടപടികളുടെ തുടർച്ചയായാണ് ഔദ്യോഗിക പക്ഷം സംരക്ഷിച്ചതും വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം നൽകിയതും. എന്നാൽ വനിതാ കമ്മീഷൻ അധ്യക്ഷ എന്ന നിലയിലുള്ള അവരുടെ പ്രവർത്തനം ഒട്ടും കാര്യക്ഷമമായിരുന്നില്ലെന്നാണ് പാർട്ടി നേതൃത്വം വിലയിരുത്തുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ എറണാകുളം ജില്ലയിൽ നിന്നുള്ള നേതാക്കൾ ജോസഫൈനെതിരെ നിരവധി പരാതികൾ ഉന്നയിച്ചിരുന്നു. വനിതാ കമ്മീഷൻ അധ്യക്ഷ എന്ന നിലയിൽ മാത്രമല്ല, പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയിൽ പാർട്ടിക്കത്തും അവരുടെ പെരുമാറ്റം വ്യാപകമായ അനിഷ്ടം പിടിച്ചുപറ്റിയിരുന്നു. മുൻശുണ്്ഠിക്കാരിയായി അറിയപ്പെടുന്ന ജോസഫൈൻ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. അതുകൂടി കണക്കിലെടുത്താണ് അവർക്ക് പാർട്ടി വിശ്രമം അനുവദിക്കാൻ ഒരുങ്ങുന്നത്.