Sorry, you need to enable JavaScript to visit this website.

ഫൈൻ, ജോസഫൈൻ

കേരളത്തിൽ ഉയർന്നുവരുന്ന സമ്മർദത്തെ സി.പി.എമ്മിന് കാണാതിരിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ പാർട്ടി അവരോട് രാജി ആവശ്യപ്പെട്ടു. 


കേരളം പുറത്തെടുത്ത സമ്മർദത്തിനൊടുവിൽ എം.സി ജോസഫൈൻ എന്ന സി.പി.എം നേതാവ് വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം  രാജിവെച്ചിരിക്കുന്നു. വീടിനകത്ത് നേരിടുന്ന പീഡനത്തെ കുറിച്ച് പരാതിപ്പെടാൻ വിളിച്ച സ്ത്രീക്കു മുന്നിൽ അവർ കാണിച്ച മുഖഭാവങ്ങൾ കേരളത്തിന് ഒരിക്കലും മറക്കാനാവുന്നതല്ല. പലവിധത്തിലുള്ള വിശദീകരണം നൽകി പിടിച്ചുനിൽക്കാൻ  ശ്രമം നടത്തുക മാത്രമല്ല, ചില പാർട്ടി നേതാക്കളെങ്കിലുമടക്കം ന്യായീകരണ തൊഴിൽ ഏറ്റെടുക്കുകയും ചെയ്തിരുന്നു. പക്ഷേ, കേരളത്തിൽ ഉയർന്നുവരുന്ന സമ്മർദത്തെ സി.പി.എമ്മിന് കാണാതിരിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ പാർട്ടി അവരോട് രാജി ആവശ്യപ്പെട്ടു. 
പരാതിക്കാരോടുള്ള ജോസഫൈന്റെ മോശം പെരുമാറ്റത്തെ തുടർന്നാണ് പാർട്ടി രാജി ആവശ്യപ്പെട്ടത്. ജോസഫൈൻ രാജിവെക്കണമെന്ന ആവശ്യം പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലും ഉയർന്നിരുന്നു. കാലാവധി അവസാനിക്കാൻ എട്ടുമാസം ബാക്കിനിൽക്കെ ജോസഫൈൻ രാജിവെച്ചത് ജാഗ്രത തുടർന്നാൽ കേരളത്തിലെ ഭരണപക്ഷത്തിന് മൃഗീയ ഭൂരിപക്ഷമുണ്ടെങ്കിലും തിരുത്തിക്കാൻ സമൂഹത്തിനു സാധിക്കുമെന്ന മികച്ച പാഠം കൂടി നൽകുന്നു. 


ന്യായീകരണ തൊഴിലാളികൾ ഉണ്ടായിരുന്നുവെങ്കിലും വനിതാ കമ്മീഷൻ അധ്യക്ഷയെ മാറ്റണമെന്ന് സി.പി.എം അനുഭാവികളിൽനിന്നും പോലും പരക്കെ ആവശ്യം ഉയർന്നിരുന്നു. സ്ത്രീ സുരക്ഷയ്ക്കും വനിതാ ശാക്തീകരണത്തിനും വലിയ പ്രാധാന്യം നൽകുമെന്ന് സർക്കാർ ആവർത്തിക്കുന്ന ഘട്ടത്തിലാണ് വനിതാ കമ്മീഷൻ അധ്യക്ഷയുടെ ഭാഗത്തുനിന്ന് ഞെട്ടിക്കുന്ന സമീപനമുണ്ടായത്.
ഒരമ്മയുടെ സ്വാതന്ത്ര്യത്തോടെയാണ് താൻ പെൺകുട്ടിയോട് സംസാരിച്ചതെന്ന സി.പി.എം കേന്ദ്ര കമ്മീറ്റി അംഗം കൂടിയായ ജോസഫൈന്റെ വാദം ട്രോൾ പടയുമായാണ് കേരളീയ സമൂഹം നേരിട്ടത്. ഇതേക്കാളും അമ്മായിയമ്മ തന്നെയെന്ന നിലയിലായിരുന്നു പല ട്രോളുകളും.
പ്രതിഛായ വർധിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾക്കിടയിൽതന്നെ ഇതിനു മുമ്പും ജോസഫൈൻ വിവാദ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. ഇതിനു മുമ്പ് പാർട്ടി പലതവണ അവർക്ക് താക്കീത് നൽകിയിരുന്നുവെന്നും പറയുന്നു. ഒടുവിൽ രക്ഷയില്ലാതായതോടെയാണ് രാജിവെച്ചൊഴിയാൻ നിർദേശിച്ചത്. 


എങ്കിൽ പോലും കേരളീയ സമൂഹത്തിനെ തൃപ്തിപ്പെടുത്തുംവിധമുള്ള പരസ്യ പ്രസ്താവന നടത്താൻ  സി.പി.എം തയാറായിട്ടില്ല. വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ രാജി സന്നദ്ധത അറിയിച്ചെന്നും പാർട്ടി അത് അംഗീകരിച്ചുവെന്നുമാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞത്. രാജി സന്നദ്ധത അറിയിച്ചതാണോ പാർട്ടി രാജി ആവശ്യപ്പെട്ടതാണോ എന്ന ചോദ്യത്തിന് പാർട്ടി നിലപാട് കൃത്യമാണെന്നും താൻ പറഞ്ഞതിൽ അക്കാര്യം ഉണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ജോസഫൈൻ ചെയ്തതു തെറ്റാണെന്നു പാർട്ടിക്കു ബോധ്യപ്പെട്ടോ എന്ന ചോദ്യത്തിൽനിന്നും അദ്ദേഹം ഒഴിഞ്ഞുമാറി.
വനിതാ കമ്മീഷൻ അധ്യക്ഷ നടത്തിയ പരാമർശം സമൂഹം ചർച്ച ചെയ്തു. അവർ നടത്തിയ പരാമർശം പൊതുവേ സമൂഹത്തിൽ സ്വീകരിക്കപ്പെട്ടില്ല. അവർതന്നെ അതു തെറ്റാണെന്നു പറഞ്ഞ് ക്ഷമ ചോദിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം പരിശോധിച്ചു. ജോസഫൈൻ ഉണ്ടായ കാര്യം യോഗത്തിൽ വിശദീകരിച്ചു. പിശകിൽ ഖേദം രേഖപ്പെടുത്തിയത് പാർട്ടിയെ അറിയിച്ചു. രാജിസന്നദ്ധതയും അറിയിച്ചു. പാർട്ടി അത് അംഗീകരിച്ചു- ഇതാണ് പാർട്ടി സെക്രട്ടറിയുടെ വാക്കുകൾ. 


പോലീസിൽ പരാതി നൽകിയില്ലെങ്കിൽ അനുഭവിച്ചോളൂ എന്നാണ് മർദനങ്ങളെ കുറിച്ച് പരാതി നൽകാൻ വിളിച്ച സ്ത്രീയോട് ജോസഫൈൻ പറഞ്ഞത്. 
അധികാര സ്ഥാനങ്ങളിലെത്തിയാൽ ജനം അടിമകളാണെന്നു കരുതുന്ന ജനാധിപത്യവിരുദ്ധമായ ബോധം സി.പി.എമ്മിലെ പല നേതാക്കളും കാത്തുസൂക്ഷിക്കുന്നുണ്ട്. ചിലപ്പോൾ അതു പുറത്തുവരികയും വിവാദമാകുകയും ചെയ്യുന്നുവെന്നു മാത്രം. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കളെ പാർട്ടി പലതവണ തിരുത്തിയിട്ടുമുണ്ട്. എന്തുചെയ്യണമെന്നും ആരെ നിയമിക്കുണമെന്നും സി.പി.എമ്മിന് അറിയാമെന്ന് ധാർഷ്ട്യത്തോടെ വ്യക്തമാക്കി പല നേതാക്കളും രംഗത്തുവന്ന കാര്യവും വിസ്മരിക്കാവതല്ല. 


പോലീസ് സ്റ്റേഷനിൽ ധൈര്യമായി കയറിച്ചെന്ന് പരാതി പറഞ്ഞ് ആത്മാഭിമാനത്തോടെ തിരിച്ചുപോരാൻ ഒരു പൗരന് ആത്മവിശ്വാസമില്ലാത്ത നാട്ടിലാണ് വനിതാ കമ്മീഷൻ അധ്യക്ഷ സ്ത്രീധന പീഡന പരാതി പോലീസിൽ നൽകിയില്ലെങ്കിൽ അനുഭവിച്ചോളൂ എന്ന് ഒരു സ്ത്രീയോട് പറഞ്ഞത്. പീഡന പരാതി പറയുന്ന സ്ത്രീയുടെ പേര് ടെലിവിഷനിൽ ചോദിച്ച് അത് വിളിച്ചു പറയുന്നതിലെ സുരക്ഷയോ സ്വകാര്യതയോ പോലും  വനിതാ കമ്മീഷൻ അധ്യക്ഷ കണക്കിലെടുത്തില്ല. പോലീസ് സ്റ്റേഷനിൽ സ്ത്രീകൾ ഇത്തരത്തിലുള്ള വിഷയങ്ങളിൽ പരാതിയുമായി ചെന്നാലുള്ള അവസ്ഥ അവർക്ക് അറിയില്ലെന്ന് കരുതാനാവില്ല. സ്ത്രീകളുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കേണ്ടത് അടിസ്ഥാന കാര്യമാണെന്ന ബോധമില്ലാതെയാണോ അവർ ഇതുവരെയും വനിതാ കമ്മീഷൻ കൈകാര്യം ചെയ്തത്. 


സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും അവർക്ക് താങ്ങായി കൂടെ നിൽക്കാനുമാണ് യഥാർഥത്തിൽ വനിതാ കമ്മീഷൻ. എന്നാൽ എം.സി ജോസഫൈൻ അങ്ങനെ ഒരാളേ ആയിരുന്നില്ലെന്ന് ഇപ്പോൾ എല്ലാവരും തിരിച്ചറിയുന്നു. പരാതി പറയാനെത്തുന്ന സ്ത്രീകളെ കുത്തിനോവിക്കുന്നതും കുറ്റവാളികളെ പിന്തുണയ്ക്കുന്നതുമായിരുന്നു അമ്മയാണെന്ന് അവകാശപ്പെടുന്ന അവരുടെ  രീതി. 
പെൺകുട്ടികളെ വിവാഹം ചെയ്തയക്കുമ്പോൾ സ്ത്രീധനം പെൺകുട്ടിയുടെ അക്കൗണ്ടിൽ ഇടണമെന്നും ജോസഫൈൻ പറഞ്ഞിരുന്നു. സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ വീട്ടിൽ വെച്ചാണ് അവർ ഇങ്ങനെ സംസാരിച്ചത്. 


നാലരപ്പതിറ്റാണ്ടത്തെ സാമൂഹിക പ്രവർത്തന പാരമ്പര്യമുണ്ട് ജോസഫൈന്. അതെല്ലാം ഒറ്റവാക്കു കൊണ്ട് റദ്ദാക്കിയാണ് അവരുടെ പടിയിറക്കം. ഈയൊരു അനുഭവത്തിലൂടെ കേരളത്തിലെ വനിതാ കമ്മീഷൻ അതിന്റെ യഥാർഥ ലക്ഷ്യങ്ങൾ തിരിച്ചുപിടിക്കുമെന്ന വലിയ പ്രതീക്ഷയിലൊന്നും കാര്യമില്ല. രാഷ്ട്രീയ നിയമനങ്ങളായതിനാൽ രാഷ്ട്രീയ യജമാനൻമാരെ തൃപ്തിപ്പെടുത്താൻ എത്ര വലിയ ആർദ്രതയുള്ള വനിത അധ്യക്ഷയായി വന്നാലും നിർബന്ധിതമാകും. പല കേസുകളിലും വനിതാ കമ്മീഷൻ നടത്തിയ ഇടപെടലുകൾ നീതി മുറുകെ പിടിക്കുന്നതായിരുന്നില്ല.  
വാളയാറിലെ കുട്ടികളേയും അമ്മയേയും പാലത്തായിയിൽ ബി.ജെ.പിക്കാരനായ അധ്യാപകൻ നടത്തിയ പീഡനവും ഓർമിക്കാം. സമാനമായ ഉദാഹരണങ്ങൾ പലതും ചൂണ്ടിക്കാണിക്കാനുണ്ട്. 
സ്ത്രീപക്ഷ കേരളമെന്ന പ്രചാരണ പരിപാടി സംഘടിപ്പിക്കാനൊരുങ്ങുകയാണ് സി.പി.എം. പുരോഗമന നിലപാടുകൾ ഉയർത്തിപ്പിടിക്കണമെന്നും ലിംഗനീതി വിഷയം സമൂഹം ഗൗരവപൂർവം ഏറ്റെടുക്കണമെന്നും പാർട്ടി സെക്രട്ടറി ആഹ്വാനം ചെയ്യുന്നു.


കേരളത്തിൽ വനിതകൾക്കെതിരായ അതിക്രമങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിക്കാനും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകാനും സർക്കാരിന് നിർദേശം നൽകേണ്ട പാർട്ടിയും മുന്നണിയുമാണ് പ്രചാരണത്തിലേക്ക് ചുരുങ്ങുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ പലപ്പോഴും പോലീസ് നോക്കുകുത്തിയാകുന്നത് രാഷ്ട്രീയപാർട്ടികളുടേയും നേതാക്കളുടേയും ഇടപെടലാണ്. പീഡനങ്ങൾക്കും അതിക്രമങ്ങൾക്കും ഇരയാകുന്ന സ്ത്രീകൾക്ക് ലഭിക്കേണ്ടത് നീതിയാണ്,ലിംഗസമത്വം, സ്ത്രീപക്ഷം തുടങ്ങിയ വാചകക്കസർത്തുകളല്ല. പരാതികളുമായി എത്തുന്ന സ്ത്രീകളോട് ആർദ്രതയുള്ള സമീപനം സ്വീകരിക്കുന്നതിൽനിന്ന് ക്രമസമാധാന ഏജൻസികളും വനിതാ കമ്മീഷൻ പോലുളള സംവിധാനങ്ങളും ഒളിച്ചോടുമ്പോൾ നീതി ഉറപ്പാക്കാനായി സമൂഹം കണ്ണും കാതും തുറന്നിരിക്കുക മാത്രമാണ് വഴി.  

Latest News