കണ്ണൂർ- സ്വർണ്ണ കള്ളക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമ സി. സജേഷിനെ ഡി.വൈ.എഫ്.ഐ പുറത്താക്കി. ചെമ്പലോട് മേഖല സെക്രട്ടറിയാണ് സജേഷ്. അർജുൻ ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയാണ് സജേഷ്.
സംഘടനയ്ക്ക് നിരക്കാത്ത രീതിയിൽ പ്രവർത്തിച്ചതിനാലാണ് നടപടിയെന്നും സജേഷ് സാമൂഹിക വിരുദ്ധ സംഘങ്ങളുമായി ബന്ധം പുലർത്തിയെന്നും ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി എം. ഷാജർ വ്യക്തമാക്കി.
സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തിന്റെ നേതാവ് അർജുൻ ആയങ്കി ഉപയോഗിച്ചുവന്ന കാർ സജേഷിന്റേതായിരുന്നു.
അഴീക്കോട് മൂന്നുനിരത്ത് സ്വദേശിയായ അർജുൻ മൂന്നു വർഷം മുമ്പ് ഡി.വൈ.എഫ്.ഐ.യുടെ യൂണിറ്റ് സെക്രട്ടറിയായിരുന്നു. തന്റെ അനുവാദം ഇല്ലാതെയാണ് അർജുൻ കാർ കൊണ്ടുപോയത് എന്നുകാട്ടി ആർ.സി. ഉടമയായ സജേഷ് പോലിസിൽ പരാതിനൽകിയിരുന്നു. കോയ്യോട് സർവീസ് സഹകരണ ബാങ്കിൽ അപ്രൈസറായ സജേഷ് ഡി.വൈ.എഫ്.ഐ. അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റിയിലും സി.പി.എം. മൊയാരം ബ്രാഞ്ചിലും അംഗമാണ്.