ഇന്ന് ലോക ലഹരി വിരുദ്ധദിനമാണ്. മയക്കുമരുന്നിന്റേയും മറ്റു നിരോധിത വസ്തുക്കളുടേയും ഉപഭോഗത്തിനെതിരെ സമൂഹത്തെ ബോധവൽക്കരിക്കുവാനായി ഐക്യരാഷ്ട്ര സംഘടന നിശ്ചയിച്ച ഈ ദിനത്തിന് സമകാലിക ലോകത്ത് പ്രസക്തിയേറെയാണ്. കാരണം ആധുനിക ലോകം അഭിമുഖീകരിക്കുന്ന അതി ഗുരുതരമായ പ്രതിസന്ധിയാണ് ലഹരി ഉപഭോഗം. ആരോഗ്യപരവും സാമൂഹികവും ധാർമികവും സാംസ്‌കാരികവുമായ ഒട്ടേറെ പ്രശ്‌നങ്ങൾക്ക് ലഹരി ഉപഭോഗം നേരിട്ടോ അല്ലാതെയോ കാരണമാകുന്നുണ്ട്. എത്രയോ പ്രതിഭകളാണ് ലഹരിയുടെ കയങ്ങളിൽ തകർന്നടിഞ്ഞത്. ലഹരി പദാർഥങ്ങൾ വെടിഞ്ഞ് മാത്രമേ വിജയത്തിലേക്ക് കുതിക്കാനാകൂ.
ജീവിതം തന്നെ ലഹരിയായി സ്വീകരിച്ച് മാനവ നന്മയും സംസ്‌കാരവും ഉദ്‌ഘോഷിക്കുന്ന സമൂഹമാണ് ലോകത്തിനാവശ്യം. അത്തരമൊരു സമൂഹത്തിന് മാത്രമേ ലോകത്ത് നന്മകൾ നട്ടുവളർത്താനും തിന്മകൾ നിർമാർജനം ചെയ്യാനും കഴിയൂ. മയക്കുമരുന്നിനെക്കുറിച്ചുള്ള വസ്തുതകൾ പങ്കിടുക, ജീവൻ രക്ഷിക്കുക എന്നതാണ് ഈ വർഷത്തെ ലഹരി വിരുദ്ധ ദിന പ്രമേയമായി ഐക്യരാഷ്ട്ര സംഘടന തെരഞ്ഞെടുത്തിരിക്കുന്നത്.
ലോകപുരോഗതിക്കും സുസ്ഥിരതക്കും കനത്ത ആഘാതവും ഉൽപാദനമേഖലയിലും വ്യാവസായിക രംഗത്തും കടുത്ത വെല്ലുവിളികളും സൃഷ്ടിക്കുന്ന മയക്കുമരുന്ന് വ്യാപാരവും ഉപഭോഗവും സമൂഹ മനസ്സാക്ഷിയെ പിടിച്ചുകുലുക്കുന്ന സമകാലിക സാഹചര്യത്തിൽ ഈ ദിനം നമ്മെയൊക്കെ ഏറെ ആകർഷിക്കുന്നുണ്ട്. ലഹരി പദാർഥങ്ങളുടെ അനിയന്ത്രിതമായ ഉപഭോഗം ലോകത്ത് കുറ്റകൃത്യങ്ങൾ വർധിക്കുവാനും സമൂഹത്തിന്റെ ബുദ്ധിപരവും സാംസ്‌കാരികവും സർവോപരി ധാർമികവുമായ നാശത്തിനും കാരണമാകുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഓരോ രാജ്യത്തിന്റേയും നിയമ വ്യവസ്ഥയെതന്നെ ചോദ്യം ചെയ്യുന്ന ലഹരി വ്യാപാരം സമൂഹത്തിനും വ്യക്തിക്കും കുടുംബത്തിനുമെല്ലാം സൃഷ്ടിക്കുന്ന പ്രതിസന്ധിയുടെ ആഴം വിവരണാതീതമാണ്.
യുവജനങ്ങളെ ലഹരിയുടെ തീരാകയങ്ങളിലേക്ക് വീഴാതെ നോക്കുകയും സാഹചര്യങ്ങളുടെ സമ്മർദങ്ങളാൽ ലഹരിക്കടിമപ്പെട്ടവരെ വിദഗ്ധ കൗൺസലിംഗും ആവശ്യമായ മരുന്നുകളും നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്യുകയെന്നത് സമൂഹത്തിന്റെ ബാധ്യതയാണ്. സിനിമ താരങ്ങൾ, കായിക പ്രതിഭകൾ, സാഹിത്യകാരന്മാർ, പൊതുപ്രവർത്തകർ തുടങ്ങിയവരൊക്കെ ഈ സമരത്തിൽ കൈകോർക്കുകയും മാതൃകാപരമായ ബോധവൽക്കരണ പരിപാടികളിലൂടെ സമൂഹത്തിന്റെ എല്ലാ തട്ടുകളിലും ബോധവൽക്കരണ പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്താൽ വമ്പിച്ച പ്രതികരണമാണുണ്ടാവുക. ലഹരിക്കടിമപ്പെടുന്നവരുടെ മാനസികവും വൈകാരികവുമായ പശ്ചാത്തലങ്ങളും ജീവിത സാഹചര്യങ്ങളും പരിഗണിച്ച് തയ്യാറാക്കുന്ന പരിപാടികൾ ഏതെങ്കിലും ദിവസത്തേക്കോ മാസത്തേക്കോ പരിമിതപ്പെടുത്താതെ സ്ഥിരം സംവിധാനമായി മാറുകയാണെങ്കിൽ വിദ്യാർഥികളും യുവാക്കളുമൊക്കെ പുതുതായി ലഹരിയുടെ പിടിത്തത്തിൽ വരാതെ നോക്കുവാനും ലഹരിക്കടിമപ്പെട്ടവരെ ക്രമേണ മോചിപ്പിക്കുവാനും കഴിയും.
ലഹരി ഉപഭോഗമെന്നത് നിയന്ത്രിക്കുവാനും പ്രതിരോധിക്കുവാനും ചികിൽസിക്കാനും കഴിയുന്ന ഒരു സാമൂഹ്യതിന്മയാണ്. ശക്തമായ ബോധവൽക്കരണം, കണിശമായ നിയമ വ്യവസ്ഥ, ജനകീയമായ പ്രചാരണ പരിപാടികൾ മുതലായവയിലൂടെ ലഹരി പദാർഥങ്ങളുടെ നിർമാണവും വിതരണവും കുറക്കുകയും ഡിമാന്റ് ഇല്ലാതാക്കുകയും ചെയ്യുന്നതിലൂടെ പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥക്ക് മാറ്റം വരുത്താനാകുമെന്നാണ് ഐക്യ രാഷ്ട്ര സംഘടന കരുതുന്നത്. മത,രാഷ്ട്രീയ നേതൃത്വവും സാമൂഹ്യ,സാംസ്‌കാരിക പങ്കാളിത്തവും കൈകോർത്തുകൊണ്ടുള്ള സംയുക്ത പരിപാടികളിലൂടെ ലഹരിയുടെ വ്യാപനം തടയുകയും ലഹരിക്ക ടിമപ്പെട്ടവരെ മോചിപ്പിക്കാനുള്ള പ്രായോഗിക മാർഗങ്ങൾ നടപ്പാക്കുകയും ചെയ്യുവാനായാൽ ലഹരിയുടെ തീരാകയങ്ങളിൽ വന്നുപതിക്കുന്ന പതിനായിരങ്ങളെ രക്ഷപ്പെടുത്താൻ കഴിയുമെന്നതിനാൽ ലഹരി വിരുദ്ധ ദിനാചരണം ഏറെ പ്രസക്തമാണ്. സമൂഹത്തിന്റെ ചാലക ശക്തിയായ വിദ്യാർഥികൾക്കും യുവജനങ്ങൾക്കും മനസ്സിനും ശരീരത്തിനും അനുഗുണമായ ആരോഗ്യരീതി പിന്തുടരുവാനുള്ള മാർഗരേഖകൾ നൽകുന്നതോടൊപ്പം ലഹരി ഉപഭോഗത്തിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച ബോധവൽക്കരണവും നടത്തേണ്ടതുണ്ട്.
ഐക്യരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് 200 ദശലക്ഷമാളുകൾ വർഷത്തിലൊരിക്കലെങ്കിലും ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നവരാണ്. ഇതിൽ 25 ദശലക്ഷംപേർ ലഹരി ക്കടിമപ്പെട്ടവരാണ്. വർഷം തോറും രണ്ട് ലക്ഷം പേരെങ്കിലും ലഹരി പദാർഥങ്ങളുടെ ഉപഭോഗം മൂലം മരണപ്പെടുന്നു.
ഭൂമിയിൽ മനുഷ്യ ജീവിതം പുഷ്ടിപ്പെടാൻ തുടങ്ങിയ നാൾ തൊട്ടേ ജീവൻ നിലനിർത്തുന്നതിനും സ്വരക്ഷക്കും സുഖഭോഗങ്ങൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. കണ്ടും കേട്ടും സ്പർശിച്ചും രുചിച്ചും പുതുപുത്തൻ അനുഭൂതികൾ ആസ്വദിക്കാൻ പഠിച്ച മനുഷ്യൻ എത്തിപ്പെട്ടത് മായാദൃശ്യം പ്രദാനം ചെയ്യാൻ കഴിവുള്ള ചില പദാർഥങ്ങളിലാണ്. ലോകത്ത് വന്ന മതസംഹിതകളും ദർശനങ്ങളുമെല്ലാം ലഹരി പദാർഥങ്ങളുടെ അപടകങ്ങളെക്കുറിച്ച് മാനവരാശിയെ ഉദ്‌ബോധിപ്പിക്കുകയും അവ വെടിയാൻ ആഹ്വാനം ചെയ്യുകയും ചെയ്‌തെങ്കിലും മാനവ ചരിത്രത്തിൽ അതിപ്രാചീന സംസ്‌കാരങ്ങളുടെ ഉറവിടങ്ങളായി അറിയപ്പെടുന്ന ഗ്രീസിലും റോമിലും ചൈനയിലും ഇന്ത്യയിലും ഇറാനിലുമെല്ലാം തന്നെ ലഹരിപദാർഥങ്ങൾ ഉപയോഗത്തിലിരുന്നതായി സാംസ്‌കാരിക ചരിത്രരേഖകളിൽ കാണുന്നു. കാലം പുരോഗമിച്ചതോടെ അന്താരാഷ്ട്രാടിസ്ഥാനത്തിൽ ശക്തമായ കണ്ണികളുള്ള ഡ്രഗ് മാഫിയകൾ രംഗത്തു വരികയും പുതിയ രീതിയിൽ വൻ തോതിലുള്ള ഉൽപാദന വിപണന ശൃംഖലകൾ തന്നെ കെട്ടിപ്പടുക്കുകയും ചെയ്തിരിക്കുന്നു.
മദ്യവും മയക്കുമരുന്നും മനുഷ്യ കുലത്തിന് വരുത്തിവെക്കുന്ന ആരോഗ്യപരവും മനുഷ്യത്വപരവുമായ വിപത്തിന്റെ ആഴം ഏറെ വലുതാണ്. ലഹരി പദാർഥങ്ങൾ മനുഷ്യത്വത്തെ അപഹരിക്കുകയും മനുഷ്യനിലെ മൃഗീയതയെ കയറൂരി വിടുകയുമാണ് ചെയ്യുന്നത്. ദൈവം തിന്മകൾക്ക് ചില പൂട്ടുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈപൂട്ടുകളെല്ലാം തുറക്കാൻ ഒരൊറ്റ താക്കോൽ മതി, അതാണ് ലഹരി പദാർഥം.
ആധുനിക വൈദ്യശാസ്ത്രവും മനഃശാസ്ത്രവും ലഹരി ഉപ ഭോഗത്തിന് കാരണമായി പറയുന്നത് മാനസിക സംഘർഷം, സുരക്ഷിത ബോധമില്ലായ്മ, ജീവിത പ്രയാസങ്ങൾ, തകർന്ന ദാമ്പത്യം, മാനസിക വൈകല്യങ്ങൾ എന്നിവയൊക്കെയാണ്. വ്യക്തമായ ജീവിത വീക്ഷണമില്ലായ്മയും ദൈവ വിശ്വാസത്തിന്റെ അഭാവവും ഈ രംഗത്തെ പ്രധാന പ്രേരക ശക്തികളാണ് എന്നതും അനിഷേധ്യമാണ്. വാസ്തവത്തിൽ ലഹരി പദാർഥങ്ങൾ മനുഷ്യന് നാശം മാത്രമേ നൽകുന്നുള്ളൂ എന്ന് തിരിച്ചറിയാൻ ലോകം പരാജയപ്പെടുന്നു എന്നാണ് വർദ്ധിച്ചുവരുന്ന ലഹരി ഉപഭോഗത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ സ്തുത്യർഹമായ പുരോഗതി കൈവരിച്ച ആധുനിക മനുഷ്യന് മയക്കുമരുന്നുകൾ ഒരു പേടിസ്വപ്നമായി മാറിയിരിക്കുന്നു. സമൂഹം വളരുകയാണെന്ന് അഭിമാനിക്കുമ്പോഴും നൈമിഷികാസക്തിയുടെ പ്രലോഭനത്തിൽ ജീവിത സങ്കീർണതകളിൽ നിന്ന് ഒളിച്ചോടാനുള്ള വ്യഗ്രതയാൽ അപക്വമതികൾ തീർക്കുന്ന ലഹരി സാമ്രാജ്യം മാനവരാശിയുടെ സമാധാനപൂർണമായ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യാൻ പാകത്തിൽ വളർന്നിരിക്കുന്നു. ജീവിതത്തിന്റെ ലക്ഷ്യത്തെ ക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ പോകുന്നതാണ് മിക്കപ്പോഴും ഇത്തരം പ്രശ്‌നങ്ങൾക്ക് ആക്കം കൂട്ടുന്നത്. ക്ഷമയും സഹനവും അവലംബിച്ച് പ്രതിസന്ധികൾ തരണം ചെയ്യുന്നതിന് പകരം നൈമിഷികമായ വൈകാരിക ജ്വലനം കണക്കിലെടുത്ത് മരണക്കെണിയിലേക്ക് എടുത്ത് ചാടുന്നത് ബുദ്ധിശൂന്യതയാണെന്ന് മനസ്സിലാക്കണം.
ലഹരി പദാർഥങ്ങളുടെ ഉപഭോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവൽക്കരിക്കാനും ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനിൽപ് ഉറപ്പ് ഉറപ്പുവരുത്താനുമാണ് 1987 മുതൽ യുനൈറ്റഡ് നാഷൺസ് ഓർഗനൈസേഷൻ ജൂൺ 26 ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്. ഐക്യ രാഷ്ട്ര സഭയുടെ വിവിധ മേഖല കളിലായി പ്രവർത്തിക്കുന്ന ഡ്രഗ് കൺട്രോൾ പ്രോഗ്രാം ഓഫീ സുകളുടെ മേൽനോട്ടത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വർഷം തോറും നടത്തി വരുന്നത്. ലഹരിയുടെ ഭയാനകമായ കെടുതികളെ തുറന്നു കാണിക്കുന്ന തരത്തിലുള്ള ബോധവൽക്കരണം, ലഹരിക്കടിമ പ്പെടുന്നവർക്കുള്ള പരിചരണം, റീഹാബിലിറ്റേഷൻ, പുതിയ തലമുറ ലഹരിക്ക് അടിമപ്പെടാതിരിക്കുന്നതിനാവശ്യമായ മുൻകരുതലുകൾ തുടങ്ങിയവ പരിപാടിയിൽപെടും.
ലോകത്തെ മുഴുവൻ മയക്കുമരുന്ന് ഉൽപാദന വിതരണ ശൃംഖലകളും തകർക്കുകയും ഉൽപാദിപ്പിക്കപ്പെട്ട ലഹരി പദാർഥങ്ങൾ മുഴുവൻ പിടികൂടുകയും ചെയ്താലും തങ്ങളുടെ ആസക്തിക്ക് പരിഹാരം തേടുന്ന ലക്ഷക്കണക്കിന് ആളുകളുണ്ടായേക്കും. നമ്മുടെ കുടുംബം, നമ്മുടെ സമൂഹം എന്നിവയിൽ മയക്കുമരുന്നിന് യാതൊരു സ്ഥാനവുമില്ല എന്ന് പ്രഖ്യാപിക്കാൻ കഴിഞ്ഞാൽ ലഹരിക്കെതിരെ ശക്തവും കാര്യക്ഷമവുമായ ഒരു സാമൂഹിക കൂട്ടായ്മ സാക്ഷാൽക്കരിക്കാനാകുമെന്നതിൽ സംശയമില്ല.
സദാചാരം, മൂല്യബോധം തുടങ്ങിയവയൊക്കെ പിന്തിരിപ്പൻ സിദ്ധാന്തങ്ങളായി മനസ്സിലാക്കുകയും എന്തുവിലകൊടുത്തും ജീവിതം ആസ്വദിക്കണമെന്ന് തീരുമാനിക്കുകയും ചെയ്യുന്ന ഒരു പറ്റം മനുഷ്യ മൃഗങ്ങളാണ് ഈ രോഗത്തിന്റെ കാരണക്കാർ. കൃത്രിമമായ സുഖലോലുപതയും നൈമിഷികമായ സുഖഭോഗവും, അവ വരുത്തിവെക്കുന്ന ഭയാനകമായ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ അപക്വമതികളായ ഇത്തരക്കാരുടെ പ്രവർത്ത നഫലമായി സംജാതമായ സാമൂഹിക സാംസ്‌കാരിക ദുരന്തത്തെ നേരിടാൻ വ്യവസ്ഥാപിതവും സംഘടിതവുമായ നീക്കങ്ങളുണ്ടാവേണ്ടതുണ്ട്. മാനവരാശിയുടെ ക്ഷേമൈശ്വര്യ പൂർണമായ നിലനിൽപ് ആഗ്രഹിക്കുന്ന ആർക്കും ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ല. എല്ലാതരം ലഹരി പദാർഥങ്ങളേയും പൂർണമായി വെടിയുക യെന്നതാണ് നമ്മുടെ ഏറ്റവും വലിയവിജയമന്ത്രമെന്ന് നാമറിയുക.