Sorry, you need to enable JavaScript to visit this website.

സഖാക്കളുടെ ഒളിവുജീവിതം അത്ര വിശുദ്ധമൊന്നുമല്ല; എ.കെ.ജി വിവാദത്തിൽ സിവിക് ചന്ദ്രൻ

കോഴിക്കോട്- എ.കെ.ജിക്കെതിരായ വി.ടി ബൽറാമിന്റെ മോശം പരാമർശം സംബന്ധിച്ച വിവാദത്തിൽ വിശദീകരണവുമായി പ്രമുഖ സാംസ്‌കാരിക പ്രവർത്തകൻ സിവിക് ചന്ദ്രൻ. സഖാക്കളുടെ ഒളിവുജീവിതം അത്രവിശുദ്ധമല്ലെന്നും അവിഹിതവും ലൈംഗിക അരാജകത്വവും പ്രകൃതിവിരുദ്ധവുമെല്ലാമുണ്ടെന്നും സിവിക് ചന്ദ്രൻ പറയുന്നു.


സിവിക് ചന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഭഗവാൻ മക്രോണി ,ആരാടാ മക്രോണി, നിന്റെ തന്തയാടാ മക്രോണി... ഇങ്ങനെ ഒരു കാലം കേരളത്തിലുമുണ്ടായിരുന്നു. പിന്നീട് അപൂർവമായി മാത്രമേ കമ്യൂണിസ്റ്റിതർക്ക് പൊതു വർത്തമാനങ്ങളിൽ മുൻകൈ ഉണ്ടായിട്ടുള്ള. അങ്ങനെയാണ് കോൺഗ്രസുകാർ കമ്യുണിസ്റ്റുകളുടെ ബി ടീമായി മാറിയത്. കാബറേക്കെതിരെ കമ്യൂണിസ്റ്റുകാർ സദാചാര മുന്നണിയുണ്ടാക്കി രക്തസാക്ഷിത്വം വരിക്കുമ്പോൾ തുറന്ന ലൈംഗിക സദാചാരത്തെ കുറിച്ച് ചർച്ച ചെയ്യാൻ ധൈര്യപ്പെട്ട കോൺഗ്രസുകാരും ഉണ്ടായിട്ടുള്ളത് അപവാദം മാത്രം.

ഉമ്മൻ ചാണ്ടി മുതൽ എം.കെ ഗാന്ധി വരെയുള്ളവരെ കുറിച്ച് എന്ത് പുലയാട്ടും പറയാം, ഏത് ലൈംഗികാപവാദവും പ്രചരിപ്പിക്കാം. തിരിച്ച് കമാന്നൊരക്ഷരം മിണ്ടിപ്പോകരുത്. ഇത് സാംസ്‌കാരിക രംഗത്തെ കണ്ണൂർ രാഷ്ട്രീയം. കൈ പിടിച്ച് കുലുക്കുമ്പഴും നോട്ടം കുതികാലിൽ. ആത്മാഭിമാനമുള്ള ഏത് കോൺഗ്രസുകാരനേയും പോലെ സഹികെട്ടാവണം വി ടി ബലറാം എ കെ ജിയെ കുറിച്ച് പരാമർശിച്ചു പോയത്. വേണ്ടത്ര ആലോചിക്കാതെ, സോഷ്യൽ മീഡിയക്കു സഹജമാംവിധം ധൃതി പിടിച്ച് , ഉത്തരവാദിത്തമില്ലാതെ നടത്തിയ ആ പ്രതികരണമാണ് വിവാദമായത്. പ്രണയത്തിലേയോ വിവാഹത്തിലെയോ പ്രായ വ്യത്യാസം ബാല ലൈംഗിക പീഡനമൊന്നുമല്ല..

എന്നാൽ സഖാക്കളുടെ ഒളിവു ജീവിതം അത്ര വിശുദ്ധ പുസ്തകമൊന്നുമല്ലെന്നും ഒപ്പം പറയണം. ലൈംഗിക അരാജകത്വം / അവിഹിതം/പ്രകൃതി വിരുദ്ധം എന്നെല്ലാം വിശേഷിപ്പിക്കപ്പെട്ടിരുന്ന ബന്ധങ്ങൾ ഏറെ. അഞ്ച് സെന്റ് എന്ന മലയാറ്റൂർ നോവലിലെ നായകൻ ആരെന്ന് വെളിപ്പെടുത്തപ്പെട്ടിട്ടുണ്ടല്ലോ . ജെന്നിയുമായുള്ള ഐതിഹാസിക പ്രണയം മാത്രമല്ല വേലക്കാരിയുമായുള്ള അത്ര വിശുദ്ധമല്ലാത്ത ബന്ധവും സാക്ഷാൽ മാർക്‌സിന്റെ ജീവിതത്തിൽ തന്നെയുണ്ട്. അതുകൊണ്ട് മാത്രം ദാസ് കാപ്പിറ്റൽ റദ്ദായി പോകുന്നില്ലല്ലോ. കമ്യുണിസ്റ്റുകാരും മനുഷ്യർ,ചിലപ്പോൾ വെറും മനുഷ്യർ. മനുഷ്യസഹജമായത് നമ്മുടെയെല്ലാം ജീവിതത്തിൽ സംഭവിക്കുന്നു

ഈസി വാക്കോവറുകളേ ഇടതുപക്ഷ സുഹൃത്തുക്കൾക്ക് പരിചയമുള്ളു. നിർഭാഗ്യവശാൽ ഇപ്പോൾ മറു കളത്തിലും കളിക്കാരുണ്ട് .ഗോൾ മുഖത്തേക്ക് പാഞ്ഞുകയറാൻ മിടുക്കരായ ചിലരും അവരിലുണ്ട്. സ്വയം റഫറി ചമഞ്ഞിട്ടും വലിയ കാര്യമൊന്നുമില്ല. പൊരുതി മാത്രമെ ഇനി വിജയിക്കാനാവു

എ കെ ജി കേരളത്തിന്റെ പ്രിയ ജനനായകൻ തന്നെ. അടിയന്തിരാവസ്ഥ പിൻവലിക്കപ്പെട്ട സന്തോഷത്തിൽ മരിക്കാൻ ഭാഗ്യമുണ്ടായ പ്രതിപക്ഷ നേതാവ് .പക്ഷെ അദ്ദേഹത്തെക്കുറിച്ച് (ഞങ്ങളെക്കുറിച്ചും) മിണ്ടിപ്പോകരുത് എന്ന ഫത്‌വ വിലപ്പോവില്ല. ബലറാമിന്റെ ഫേസ്ബുക്ക് ഇടപെടലിനെതിരെ കേസെടുത്തോളു. അതിനപ്പുറത്തുള്ള അതിരു കടന്ന രോഷപ്രകടനങ്ങൾ നിരുപാധികം അപലപിക്കപ്പെടുക തന്നെ വേണം .എം എൽ എ ആയതിനാൽ ആട്  കോഴി വിതരണത്തേയും റോഡ്  പാലം റിപ്പയറിനേയും പറ്റി മാത്രമേ സംസാരിക്കാവു എന്ന് ശഠിക്കരുത് ,പ്‌ളീസ് ...
 

Latest News