Sorry, you need to enable JavaScript to visit this website.

ബല്‍റാമിനെ സംരക്ഷിക്കുന്ന നിലപാട് കോണ്‍ഗ്രസിന്‍റെ ജീർണത- പിണറായി

തിരുവനന്തപുരം- എ.കെ.ജിയെ അവഹേളിച്ച എംഎൽഎയെ സംരക്ഷിക്കുന്ന കോൺഗ്രസിന്റെ നിലപാട് ആ പാർട്ടിയുടെ ജീർണതയാണ് തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവരദോഷിയായ എംഎൽഎയുടെ തെറ്റ് തിരുത്താൻ വിവേകമുള്ളവർ കോൺഗ്രസിലില്ലെന്നും ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിൽ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എംഎൽഎയുടെ പേരെടുത്ത് പരാമർശിക്കാതെയാണ് മുഖ്യമന്ത്രിയുടെ വിമർശനം.

എകെജിയുടെ യശസ്സിൽ ഒരു നുള്ള് മണൽ വീഴ്ത്തുന്നത് ഇന്ത്യയിലെ തൊഴിലാളികളുടെയും കർഷകരുടെയും സാധാരണ ജനങ്ങളുടെയും ഹൃദയത്തിനേൽപ്പിക്കുന്ന പരിക്കാണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രി എം.എം. മണി തുടങ്ങിയവർ ശനിയാഴ്ച ബൽറാമിനെ രൂക്ഷമായി വിമർശിച്ചിരുന്നു. രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ പോസ്റ്റ്

എകെജിയെ അവഹേളിച്ച എംഎൽഎയെ കോൺഗ്രസ് സംരക്ഷിക്കുന്നത് ആ പാർട്ടിയുടെ ജീർണ്ണത തെളിയിക്കുന്നു. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പതാകയേന്തി നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയ മഹാനായ ജനനായകനെ ഹീന ഭാഷയിൽ അധിക്ഷേപിച്ച എംഎൽഎയ്ക്ക് കോൺഗ്രസിന്റെ ചരിത്രമോ എകെജിയുടെ ജീവിതമോ അറിയില്ലായിരിക്കാം. വകതിരിവില്ലായ്മയും വിവരക്കേടുമാണത്. ആ വകതിരിവില്ലായ്മയാണോ കോൺഗ്രസിന്റെ മുഖമുദ്ര എന്ന് വിശദീകരിക്കേണ്ടത് ആ പാർട്ടി നേതൃത്വമാണ്. എകെജി ഈ നാടിന്റെ വികാരമാണ്; ജന ഹൃദയങ്ങളിൽ മരണമില്ലാത്ത പോരാളിയാണ്; പാവങ്ങളുടെ പടത്തലവനാണ്. ആ മഹദ് ജീവിതത്തിന്റെ യശസ്സിൽ ഒരു നുള്ള് മണൽ വീഴ്ത്തുന്നത് ഇന്ത്യയിലെ തൊഴിലാളികളുടെയും കർഷകരുടെയും സാധാരണ ജനങ്ങളുടെയും ഹൃദയത്തിനേൽപ്പിക്കുന്ന പരിക്കാണ്.

വിവരദോഷിയായ എംഎൽഎയ്ക്ക് അതു പറഞ്ഞു കൊടുക്കാൻ വിവേകമുള്ള നേതൃത്വം കോൺഗ്രസിനില്ല എന്നതാണ് ആ പാർട്ടിയുടെ ദുരന്തം. ഉയർന്നു വന്ന പ്രതികരണങ്ങൾ കണ്ടെങ്കിലും അത്തരം ബോധം വരാത്തതിൽ സഹതപിക്കുന്നു. അറിവില്ലായ്മയും ധിക്കാരവും പ്രശസ്തിക്കുവേണ്ടിയുള്ള ആർത്തിയും ഒരു ജനതയുടെ, ജനകോടികളുടെ ഹൃദയ വികാരത്തെ ആക്രമിച്ചു കൊണ്ടാവരുത് എന്ന് നെഹ്‌റുവിനെയും സ്വാതന്ത്ര്യസമരത്തെയും മറന്ന നിർഗുണ ഖദർ ധാരികൾ ഓർക്കുന്നത് നന്ന്. എകെജിയെയും സഖാവിന്റെ പത്‌നി, തൊഴിലാളി വർഗത്തിന്റെ പ്രിയനേതാവ് സഖാവ് സുശീല ഗോപാലനെയും മാത്രമല്ല ഈ നാടിന്റെ ആത്മാഭിമാനത്തെ തന്നെയാണ് മുറിവേൽപ്പിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ഔചിത്യം കോൺഗ്രസിനുണ്ടാകട്ടെ എന്നാശംസിക്കുന്നു.

 

Latest News