മക്ക - സ്വകാര്യ മേഖലാ ജീവനക്കാർക്ക് വേതനത്തോടെ ഹജ് ലീവ് ലഭിക്കാനുള്ള വ്യവസ്ഥകൾ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി. തൊഴിൽ നിയമത്തിലെ 114-ാം വകുപ്പ് പ്രകാരം സ്വകാര്യ സ്ഥാപനത്തിലെ സർവീസ് കാലത്തിനിടക്ക് ഹജ് നിർവഹിക്കാൻ ഒരു തവണ വേതനത്തോടു കൂടിയ ലീവിന് തൊഴിലാളിക്ക് അവകാശമുണ്ട്. ഇതിന് തൊഴിലുടമയുടെ അടുത്ത് ചുരുങ്ങിയത് തുടർച്ചയായി രണ്ടു വർഷം തൊഴിലാളി പൂർത്തിയാക്കിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.
ബലിപെരുന്നാൾ അവധി അടക്കം പത്തു ദിവസത്തിൽ കുറയുകയോ പതിനഞ്ചു ദിവസത്തിൽ കൂടുകയോ ചെയ്യാത്ത ഹജ് അവധിക്കാണ് സ്വകാര്യ മേഖലാ ജീവനക്കാർക്ക് അവകാശമുള്ളത്. തൊഴിൽ സാഹചര്യം അനുസരിച്ച് ഓരോ വർഷവും ഹജ് ലീവിന് അർഹരായ തൊഴിലാളികൾക്ക് നിശ്ചിത എണ്ണം നിർണയിക്കാൻ തൊഴിലുടമക്ക് അവകാശമുണ്ടെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.