ജിദ്ദ- ഉംറ തീര്‍ഥാടനത്തിനായി സൗദിയില്‍ എത്തുന്നവര്‍ക്ക് വിശുദ്ധ ഉംറ നിര്‍വഹിച്ച ശേഷം ടൂറിസ്റ്റുകളായി മാറാവുന്ന വിസ ഉടന്‍ അനുവദിച്ചു തുടങ്ങുമെന്ന് ടൂറിസം ആന്‍റ് ഹെറിറ്റേജ് അതോറിറ്റി മക്ക മേധാവി മുഹമ്മദ് അല്‍ ഉമരി പറഞ്ഞു.
ഉംറക്കു ശേഷം തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കൂടി സന്ദര്‍ശിക്കാന്‍ അവസരം നല്‍കുന്നതിനുള്ള എക്‌സറ്റന്‍ഡഡ് ഉംറ വിസയാണിത്. ഉപാധികള്‍ പാലിക്കുന്ന ആര്‍ക്കും ഈ വിസ ലഭിക്കുമെന്നും അദ്ദേഹം അറബ് ന്യൂസിനോട് പറഞ്ഞു. ഇങ്ങനെ അനുവദിക്കുന്ന വിസയുടെ പരമാവധി കാലാവധി ഒരു മാസമായിരിക്കും.
പോസ്റ്റ് ഉംറ ടൂറിസം വിസക്കു പുറമെ, എല്ലാ രാജ്യക്കാര്‍ക്കും ടൂറിസം വിസ അനുവദിക്കാനുള്ള തയാറെടുപ്പിലാണ് സൗദി അറേബ്യ. ടൂറിസം വിസ എപ്പോള്‍ അനുവദിച്ചു തുടങ്ങുമെന്ന ചോദ്യത്തിന് ഈ വര്‍ഷം ആദ്യ പാദത്തില്‍ വിസ ഇഷ്യു ചെയ്തു തുടങ്ങുമെന്ന് സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് ചെയര്‍മാന്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു മറുപടി.
ആദ്യഘട്ടത്തില്‍ 65 രാജ്യക്കാര്‍ക്കാണ് ടൂറിസം വിസ അനുവദിക്കുക. രണ്ടാം ഘട്ടത്തില്‍ വിസ അനുവദിക്കുന്ന രാജ്യങ്ങളുടെ എണ്ണം ഉയര്‍ത്തും.
കൂടുതല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്കുള്ള വികസന പദ്ധതികള്‍ സൗദി അറേബ്യ ആരംഭിച്ചിട്ടുണ്ട്.