Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രതിഷേധ പ്രകടനം: രാജകുമാരന്മാർ അറസ്റ്റിൽ

റിയാദ്- തലസ്ഥാന നഗരിയിലെ റൂളിംഗ് പാലസിൽ (ഖസ്ർ അൽഹുകും) പ്രതിഷേധ പ്രകടനം നടത്തിയ പതിനൊന്നു രാജകുമാരന്മാരെ റോയൽ ഗാർഡിനു കീഴിലെ സൈഫ് അൽഅജ്‌റബ് ബ്രിഗേഡ് അറസ്റ്റ് ചെയ്തു. കൊട്ടാരത്തിൽനിന്ന് പുറത്തു പോകാൻ വിസമ്മതിച്ച രാജകുമാരന്മാരെ അറസ്റ്റ് ചെയ്യാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിടുകയായിരുന്നു. വിചാരണ ചെയ്യുന്നതിനു മുന്നോടിയായി രാജകുമാരൻമാരെ അൽഹായിർ ജയിലിൽ അടച്ചു. 
രാജകുമാരന്മാരുടെ വൈദ്യുതി, ജല ബില്ലുകൾ പൊതുഖജനാവിൽനിന്ന് അടക്കുന്നത് നിർത്തിവെക്കാനുള്ള രാജകൽപന റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജകുമാരന്മാർ പ്രതിഷേധ പ്രകടനം നടത്തിയത്. കഴിഞ്ഞ കൊല്ലം വധശിക്ഷക്ക് വിധേയനാക്കിയ രാജകുമാരന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മറ്റൊരു സൗദി പൗരനെ കൊലപ്പെടുത്തിയ കേസിലാണ് രാജകുമാരന് കഴിഞ്ഞ വർഷം വധശിക്ഷ നടപ്പാക്കിയത്.

കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം മാപ്പ് നൽകാൻ വിസമ്മതിക്കുകയും മധ്യസ്ഥ ശ്രമങ്ങൾ നിരാകരിക്കുകയും വധശിക്ഷ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയും ചെയ്തതിനെ തുടർന്നാണ് കുറ്റക്കാരനായ രാജകുമാരന് വധശിക്ഷ നടപ്പാക്കിയത്. 
പ്രതിഷേധിച്ച് റൂളിംഗ് പാലസിൽ സംഘടിച്ച രാജകുമാരന്മാരുടെ ആവശ്യങ്ങൾ നിയമാനുസൃതമല്ലെന്ന് അവരെ ബന്ധപ്പെട്ടവർ അറിയിച്ചു. ഇതിനു ശേഷവും കൊട്ടാരത്തിൽനിന്ന് പുറത്തു പോകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്യാൻ റോയൽ ഗാർഡിനു കീഴിലെ സൈഫ് അൽഅജ്‌റബ് ബ്രിഗേഡിന് നിർദേശം നൽകിയത്. നിയമത്തിനു മുന്നിൽ എല്ലാവരും സമന്മാരാണെന്നും നിയമ, നിർദേശങ്ങൾ പാലിക്കാത്തവർ ആരായിരുന്നാലും അവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നുള്ള വ്യക്തമായ സന്ദേശമാണ് രാജാവ് നൽകിയതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. 
കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിസ്സാര തർക്കത്തിന്റെ പേരിൽ വിദേശികൾ അടക്കമുള്ളവരെ ക്രൂരമായി ആക്രമിച്ച മറ്റൊരു രാജകുമാരനെയും കൂട്ടാളികളെയും അടുത്തിടെ സുരക്ഷാ വകുപ്പുകൾ റിയാദിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഈ രാജകുമാരനെയും അറസ്റ്റ് ചെയ്ത് വിചാരണ ചെയ്ത് മാതൃകാപരമായി ശിക്ഷിക്കുന്നതിന് സൽമാൻ രാജാവ് ഉത്തരവിടുകയായിരുന്നു.

Latest News