Sorry, you need to enable JavaScript to visit this website.

യൂത്ത് ലീഗ് വിമർശനം ലീഗിൽ മാറ്റം എത്തിക്കുമോ, യൂത്ത് ലീഗിന് പറയാൻ അവകാശമുണ്ടോ

യൂത്ത് ലീഗ് ഉയർത്തുന്ന കലാപക്കൊടി മുസ്ലിം ലീഗിൻ മാറ്റം കൊണ്ടുവരുമോയെന്ന് ഉറ്റുനോക്കുകയാണ് മുസ്ലിം രാഷ്ട്രീയം. കഴിഞ്ഞ ദിവസം ചേർന്ന യൂത്ത് ലീഗ് സംസ്ഥാന സമിതിയിൽ മുസ്ലിം ലീഗ് ദേശീയ-സംസ്ഥാന നേതൃത്വത്തിനെതിരെ ശക്തമായ വിമർശനമാണ് ഉയർന്നത്. അധികാരങ്ങളും സ്ഥാനങ്ങളും ചില വ്യക്തികളിൽ മാത്രം ഒതുങ്ങുന്നതിലായിരുന്നു പ്രതിഷേധം. മത്സരിച്ചവർ തന്നെ വീണ്ടുംവീണ്ടും രംഗത്തെത്തുകയും അധികാരങ്ങൾ ചില കേന്ദ്രങ്ങളിൽ മാത്രം ഒതുങ്ങുന്നതിന് എതിരെയുമായിരുന്നു പ്രതിഷേധം ഉയർന്നത്. പാർട്ടി നേതൃത്വത്തിൽ ചിലർക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ സംബന്ധിച്ചും യോഗത്തിൽ വിമർശനമുണ്ടായി. എം.സി ഖമറുദ്ദീൻ, ഇബ്രാഹീം കുഞ്ഞ്, കെ.എം ഷാജി എന്നിവർക്ക് എതിരെ ഉയർന്ന ആരോപണങ്ങൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നും വിമർശനമുയർന്നു. 
അതേസമയം, സമയബന്ധിതമായി പൂർത്തിയാക്കേണ്ട മെമ്പർഷിപ്പ് ക്യാംപയിനിൽ അലംഭാവം കാണിച്ച യൂത്ത് ലീഗിന് മുസ്ലിം ലീഗിനെ വിമർശിക്കുന്നതിലെ അനൗചിത്യവും ചില കേന്ദ്രങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. 2019-ലെ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ രൂപീകരിക്കേണ്ട സംസ്ഥാന സമിതിയും ഇതേവരെ രൂപീകരിച്ചിട്ടില്ല. കോവിഡ് കാരണമാണ് പുതിയ കമ്മിറ്റി നിലവിൽ വരാത്തത് എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ യൂത്ത് ലീഗ് ഭാരവാഹികൾക്ക് സീറ്റ് ലഭിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന കമ്മിറ്റി രൂപീകരണം വൈകിപ്പിച്ചത് എന്ന ആരോപണവുമുണ്ട്. മിക്കവാറും ജില്ലാ യൂത്ത് ലീഗ് കമ്മിറ്റികളും നിലവിൽ വന്നിട്ടുണ്ട്. പുതിയ കമ്മിറ്റിയിൽ പി.കെ ഫിറോസ് തുടർന്നേക്കും. മെമ്പർഷിപ്പ് എടുക്കുന്ന സമയത്ത് 40 വയസ് തികയാത്തതാണ് യൂത്ത് ലീഗിലെ ഭാരവാഹികൾക്ക് തുടരാൻ സഹായകമാകുന്നത്.
അതിനിടെ, യൂത്ത് ലീഗ് സംസ്ഥാന സമിതിയിൽ തനിക്ക് എതിരെ ഉയർന്നുവെന്ന് പറയപ്പെടുന്ന വിമർശനങ്ങളെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് മുൻ എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം ഷാജി വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാജി ഇക്കാര്യം പറഞ്ഞത്. 
ഷാജിയുടെ കുറിപ്പ്:
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയിൽ എനിക്കെതിരെ വിമർശനമുണ്ടായി എന്ന വാർത്ത കേട്ട് പ്രതികരണം അറിയാനായി മീഡിയാ പ്രവർത്തകരും സംഘടനാ സുഹൃത്തുക്കളും വിളിക്കുന്നുണ്ട്. സത്യത്തിൽ ഈ വിവരം ഒരേ സമയം വ്യക്തിപരമായി സന്തോഷവും അത് പോലെ ആശങ്കയുമാണ് ഉണ്ടാക്കിയത്. വളർന്നു വരുന്ന തലമുറ വിമർശനങ്ങൾ ഉന്നയിക്കാൻ സന്നദ്ധരാവുകയും പ്രാപ്തി നേടുകയും ചെയ്യുന്നുണ്ട് എന്നത്  വലിയ സന്തോഷം തന്നെയാണ്. ഞാനടക്കമുള്ള നേതൃത്വം വിമർശനത്തിനതീതരല്ലല്ലോ. വസ്തുതാപരവും ക്രിയാത്മകവുമായ വിമർശനങ്ങളെ ഉൾകൊള്ളാനുള്ള സന്നദ്ധതയാണ് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർക്ക് വേണ്ട പ്രഥമ യോഗ്യത.
എം.എസ്.എഫിലും യൂത്ത് ലീഗിലും നേതൃപദവിയിലിരിക്കാൻ അവസരം ലഭിച്ചപ്പോൾ ഈ കാര്യത്തിൽ നീതി പുലർത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.
വിമർശനങ്ങളെ ഭയപ്പെടരുത്;അത് നമ്മളെ നവീകരിക്കും എന്ന അഭിപ്രായമാണുള്ളത്.രണ്ട് ദിവസം മുമ്പ് ക്ലബ്ബ് ഹൗസിൽ വ്യത്യസ്ത വീക്ഷണങ്ങളുള്ള നിരവധി  വ്യക്തിത്വങ്ങൾ ഉൾപ്പെട്ട ചർച്ചയുടെ ഭാഗമായി വിചാരണക്കൂട്ടിൽ ഇരുന്നു കൊടുത്തതും ആ വിശ്വാസത്തിലാണ്. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയിൽ നടന്ന ചർച്ചയെക്കുറിച്ചും ആധികാരികമായ വിവരങ്ങൾ ശേഖരിക്കും. വിമർശനങ്ങൾ ഉന്നയിച്ച വ്യക്തികളെക്കുറിച്ചേ അല്ല വിവരശേഖരണം; മറിച്ച്
അവർ ഉന്നയിച്ച വിഷയങ്ങൾ സംബന്ധിച്ചാണ്. ആ കാര്യങ്ങൾ സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി പങ്ക് വെക്കും. തങ്ങളുടെ ഉപദേശ നിർദ്ദേശങ്ങൾ അനുസരിച്ച് മുന്നോട്ട് പോവും. തിരുത്തപ്പെടേണ്ടതുണ്ടെങ്കിൽ ഉൾക്കൊള്ളാൻ സന്നദ്ധനാണ്. ഞാൻ കാരണം സംഘടനക്കോ പ്രർത്തകർക്കോ തല കുനിക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ ക്ഷമ പറയും.
ഏതെങ്കിലും സ്ഥാനത്ത് ഞാനിരിക്കുന്നതിനാൽ പാർട്ടിയുടെ വളർച്ചക്ക് തടസ്സമാവുന്നുണ്ടെങ്കിൽ ഒഴിഞ്ഞു കൊടുക്കും.
ഞാൻ കുത്തിയാലേ അരി വെളുക്കൂ എന്ന വാശിയേ ഇല്ല. ആശങ്ക എന്തെന്നാൽ, ഉത്തരവാദപ്പെട്ട ഭാരവാഹികളും പ്രവർത്തകരും ഗുണകാംക്ഷയോടെ വിമർശിക്കുമ്പോൾ അവർക്ക് ചില പ്രതീക്ഷകളും ഉണ്ടാവും.
ആ പ്രതീക്ഷകൾക്കൊത്ത് വളരാൻ സാധിക്കുമോ എന്നതാണ് എന്റെ ആശങ്ക. അങ്ങനെ സംഘടനക്ക് ഗുണകരമായ പ്രതീക്ഷകൾ അവരിൽ ഉണ്ടെങ്കിൽ അവയ്‌ക്കൊപ്പം ഉയരാൻ കഴിയണമേ എന്നതാണ് പ്രാർത്ഥനയും. ഇനിയും വിമർശനങ്ങൾക്ക് സ്വാഗതം എന്ന് പറഞ്ഞാണ് ഷാജി കുറിപ്പ് അവസാനിപ്പിച്ചത്.
കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ സ്വയം നവീകരണത്തിനും പുതിയ പോരാട്ടങ്ങൾക്കും തുടക്കം കുറിച്ചിട്ടും മുസ്ലീം ലീഗിൽ ഇതേവരെ അത്തരത്തിലുള്ള നീക്കം നടക്കാത്തതിൽ പ്രവർത്തകർ നിരാശയിലാണെന്ന കാര്യം വ്യക്തമാണെന്നാണ് സോഷ്യൽ മീഡിയ പോസ്റ്റുകൾ തെളിയിക്കുന്നത്.
 

Latest News