Sorry, you need to enable JavaScript to visit this website.

കോവിഡ്: ഇളവുകളിൽ  ജാഗ്രത കൈവിടരുത്

കോവിഡ് മൂന്നാം തരംഗം മാരകമായ അപകട ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിലെ 'അൺലോക്ക്' പലയിടങ്ങളിലും വലിയ സ്വാതന്ത്ര്യമായി ജനങ്ങൾ ആഘോഷിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തിൽ അതിതീവ്ര വ്യാപനത്തിന്റെ തോത് കുറയുന്ന സാഹചര്യത്തിൽ നമ്മുടെ സംസ്ഥാനത്ത് ഉൾപ്പെടെ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിത്തുടങ്ങിയിരിക്കുകയാണ്. നിത്യവരുമാനമില്ലാത്ത കോടിക്കണക്കിന് സാധാരണക്കാരുടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലുമായിരുന്നു സ്ഥിതിവിശേഷം. മാത്രവുമല്ല, ജനങ്ങളുടെ ദൈനംദിന ജീവിതം പൂർവസ്ഥിതിയിൽ ആകുമ്പോൾ മാത്രമേ സമ്പദ്ഘടനയുടെ തിരിച്ചുവരവും സാധ്യമാകുകയുള്ളൂ. ഒരു ജനതയെ മുഴുവനായും ദീർഘകാലത്തേയ്ക്ക് അടച്ചിടുകയെന്നത് സമൂഹത്തിന്റെ നിലനിൽപിനെ തന്നെ ബാധിക്കുമെന്നതിനാലാണ് വ്യാപനത്തോത് കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന് സർക്കാരുകളും ആരോഗ്യ വിദഗ്ധരും തീരുമാനിച്ചത്. അങ്ങനെയൊരു തീരുമാനം കൈക്കൊള്ളുമ്പോഴും വാക്‌സിനേഷന്റെ കാര്യത്തിൽ വളരെ പിന്നിൽ നിൽക്കുന്ന രാജ്യമെന്ന നിലയിൽ കോവിഡിന്റെ മൂന്നാം തരംഗമെന്ന ഭീഷണി നമ്മുടെ മുന്നിലുണ്ടെന്നത് മറന്നുകൂടാ.


രാജ്യത്ത് മൂന്നാം തരംഗം അനിവാര്യമായി സംഭവിക്കുമെന്നും അടുത്ത ആറ് മുതൽ എട്ട് ആഴ്ചയ്ക്കകം അത് ഉണ്ടാകുമെന്നുമുള്ള മുന്നറിയിപ്പ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) മേധാവി ഡോ. രൺദീപ് ഗുലേറിയയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഉണ്ടായത്. 
ഇന്ത്യയിൽ മൂന്നാം തരംഗം ഒക്ടോബറിൽ ഉണ്ടായേക്കുമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് നടത്തിയ സർവേ റിപ്പോർട്ടിലും പറയുന്നുണ്ട്. ആരോഗ്യ വിദഗ്ധർ, ഡോക്ടർമാർ, ശാസ്ത്രജ്ഞർ, വൈറോളജിസ്റ്റുകൾ, രോഗപര്യവേക്ഷകർ, പ്രൊഫസർമാർ എന്നിവരുൾപ്പെടുന്ന സംഘം നടത്തിയ സർവേ പ്രകാരം ഒക്ടോബറിൽ മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്നാണ് 85 ശതമാനവും അഭിപ്രായപ്പെട്ടത്. ഒന്നര വർഷത്തിനിടെയായിരുന്നു കോവിഡിന്റെ രണ്ടു തരംഗങ്ങൾ ഉണ്ടായതെങ്കിൽ മൂന്നാം തരംഗം ഒരു വർഷമെങ്കിലും ഭീഷണിയായി നിലനിന്നേക്കുമെന്നാണ് റോയിട്ടേഴ്‌സിന്റെ സർവേ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 


പ്രതിരോധത്തിൽ മെച്ചപ്പെട്ട അവസ്ഥ ആയിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കൂടുതൽ പേർക്ക് വാക്‌സിൻ നൽകുകയെന്ന ഭഗീരഥ യത്‌നം ലക്ഷ്യം കൈവരിക്കാതെയാണ് നമ്മുടെ രാജ്യം മുന്നോട്ടു പോകുന്നതെന്നും ഓർക്കണം. ഇപ്പോൾ കേന്ദ്ര സർക്കാർ നിശ്ചയിച്ചിരിക്കുന്ന പ്രായപരിധിയിൽപെട്ട 95 കോടി പേരിൽ അഞ്ചു ശതമാനത്തിന് മാത്രമേ വാക്‌സിൻ നൽകുവാൻ സാധിച്ചിട്ടുള്ളൂ. ഇതിന് കേന്ദ്ര സർക്കാരിന്റെ നയവൈകല്യങ്ങൾ കാരണമായി കുറ്റപ്പെടുത്താവുന്നതാണെങ്കിലും മൂന്നാം തരംഗത്തിന്റെ തീവ്രതയും വ്യാപനത്തോതും കുറയ്ക്കുന്നതിൽ ജനങ്ങളുടെ പങ്ക് വളരെ വലുതാണെന്ന് വിദഗ്ധരും സർക്കാരുകളും കോടതികളും ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തിൽ അൺലോക്ക് പ്രക്രിയ അപകടത്തിലേയ്ക്ക് നയിക്കപ്പെടരുതെന്ന് ഓരോ മനുഷ്യനും തീരുമാനിക്കേണ്ടതുണ്ട്. അതാണ് കഴിഞ്ഞ ദിവസങ്ങൾ നമ്മെ ഓർമപ്പെടുത്തുന്നത്. 


ഒന്നും രണ്ടും തരംഗ വേളയിൽ മാരകവും സങ്കീർണവുമായ സാഹചര്യങ്ങളെ അഭിമുഖീകരിച്ച ദൽഹിയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആൾക്കൂട്ടം നിരത്തിലിറങ്ങുന്നതിനെ വിമർശിച്ച് ഹൈക്കോടതി, ഈ വിധത്തിലാണ് കാര്യങ്ങളെങ്കിൽ മൂന്നാം തരംഗത്തിന്റെ വരവ് വേഗത്തിലാവുമെന്ന് വിമർശിച്ചതും ഓർക്കേണ്ടതുണ്ട്. ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ നിരത്തുകളിലും വ്യാപാര കേന്ദ്രങ്ങളിലും മെട്രോ സ്റ്റേഷനുകളിലും വൻ ജനക്കൂട്ടമുണ്ടാകുന്നത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഈ വിമർശനം ഉന്നയിച്ചത്. രണ്ടാം തരംഗം പോലും പൂർണമായും നിയന്ത്രണ വിധേയമായിട്ടില്ലാത്ത ഘട്ടത്തിലും മൂന്നാം തരംഗ ഭീഷണി നിലനിൽക്കുമ്പോഴുമാണ് മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയുള്ള ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നത് എന്നതാണ് കോടതിയുടെ വിമർശനത്തിന് കാരണമായത്. 


കേന്ദ്ര  സംസ്ഥാന സർക്കാരുകളെയാണ് കോടതി കുറ്റപ്പെടുത്തുന്നതെങ്കിലും ആത്യന്തികമായി അത് തങ്ങൾക്കു നേരെയാണെന്ന് തിരിച്ചറിയേണ്ടത് നമ്മൾ എല്ലാവരുമാണ്. കോവിഡ് രണ്ടാം തരംഗത്തിന്റെ ഘട്ടത്തിൽ വിവാദമായിരുന്നു മഹാകുംഭമേളയെങ്കിൽ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് കഴിഞ്ഞയാഴ്ച ഗംഗാ ദസറയുടെ ഭാഗമായുള്ള സ്‌നാനത്തിനെത്തിയത് ആയിരങ്ങളായിരുന്നു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും ഉത്തർപ്രദേശിലെ ഫാറൂഖാബാദിലുമാണ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ആയിരങ്ങളെത്തിയത്. നമ്മുടെ സംസ്ഥാനത്തും അൺലോക്ക് പ്രക്രിയ ആരംഭിച്ചിരിക്കുകയാണ്. മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനിൽക്കുന്നു എന്ന ബോധ്യമില്ലാതെ ആൾക്കൂട്ടങ്ങളും മാനദണ്ഡങ്ങളുടെ ലംഘനങ്ങളും നടക്കുന്നുവെന്ന വാർത്തകൾ ഇവിടെയുമുണ്ടാകുന്നുണ്ട്. ആറ് മുതൽ എട്ട് ആഴ്ചയ്ക്കകം മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ എയിംസ് മേധാവി ഡോ. രൺദീപ് പറഞ്ഞ വാക്കുകൾ നമ്മുടെയെല്ലാം ഹൃദയത്തെയാണ് സ്പർശിക്കേണ്ടത്: അൺലോക്ക് പ്രക്രിയ ആരംഭിച്ചിരിക്കുകയാണ്. ജനക്കൂട്ടങ്ങൾ വീണ്ടും സൃഷ്ടിക്കപ്പെടുകയാണ്. 


ആളുകൾ എല്ലായിടത്തും ഒത്തുചേരുകയാണ്. ഒന്നാമത്തെയും രണ്ടാമത്തെയും തരംഗങ്ങൾക്കിടയിൽ സംഭവിച്ചതിൽ നിന്ന് നാം ഒന്നും പഠിച്ചതായി തോന്നുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഈ സാഹചര്യത്തിൽ അപകടത്തിലേക്കാകരുത് അൺലോക്കിലൂടെയുള്ള യാത്രയെന്ന് നാം ഓരോരുത്തരും തീരുമാനിച്ചേ മതിയാകൂ. ജാഗ്രത കൈവെടിയാതിരിക്കാൻ പരമാവധി പരിശ്രമങ്ങളുണ്ടാകണം. ജനങ്ങൾ സ്വയം മുൻകൈയെടുത്ത് വേണം ഈ പ്രതിസന്ധിയോട് പൊരുതി നിൽക്കേണ്ടത്.  

Latest News