പാലക്കാട്- കരിപ്പൂർ സ്വർണ്ണക്കടത്തിലെ മുഖ്യ സൂത്രധാരൻ അർജുൻ ആയങ്കിയെ ഒക്കെ വളർത്തിയെടുക്കുന്ന സംവിധാനത്തെ കുറിച്ചാണ് ഇനിയും ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ഇന്ത്യൻ പൗരത്വം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ആ നിലക്കുള്ള സ്വാതന്ത്ര്യങ്ങൾ ഒരു സോഷ്യൽ മീഡിയ ക്വട്ടേഷൻ സംഘങ്ങൾക്കും സാംസ്‌ക്കാരിക പരാദ ജീവികൾക്കും മുൻപിൽ അടിയറ വെയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വി.ടി ബൽറാം പറഞ്ഞു. അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവർ എ.കെ.ജി സെൻററിന് മുന്നിൽ നിൽക്കുന്ന ഫോട്ടോ, അർജുൻ ആയങ്കിയുടെ പാർട്ടി വളണ്ടിയർ വേഷത്തിലുള്ള ഫോട്ടോ എന്നിവ ഉൾപ്പെടുത്തിയാണ് വി.ടി ബൽറാം വിമർശനം ഉയർത്തിയത്.